ആഷിഖ് അബുവിന്റെ പുതിയ ചിത്രം ഇടുക്കി ഗോള്‍ഡ് ഒക് ടോബര്‍ 11 ന് റിലീസ് ചെയ്യും. ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുവരുന്നു. മെയ് അഞ്ചിന് ഹൈറേഞ്ചില്‍ ഷൂട്ടിങ് ആരംഭിച്ച ചിത്രത്തില്‍ പ്രതാപ് പോത്തന്, ലാല്‍, മണിയന്‍പിള്ള രാജു, വിജയരാഘവന്, രവീന്ദ്രന്, ബാബു ആന്റണി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്തത്. സന്തോഷ് ഏച്ചിക്കാനത്തിന്റെ ഇതേ പേരിലുള്ള കഥയെ ആസ്പദമാക്കിയാണ് സിനിമ.
സ്കൂള്‍ പഠനകാലത്തെ സുഹൃത്തുക്കളുടെ ഒത്തുചേരലും അതിനോട് അനുബന്ധിച്ചുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. സ്കൂളില്‍ ഒപ്പം പഠിച്ച സഹപാഠികളെ കണ്ടെത്താനായി കഥാനായകനായ വിജയന് നമ്പ്യാര്‍ പത്രത്തില്‍ പരസ്യം നല്കി കാത്തിരിക്കുന്നതും കാത്തിരിപ്പിനൊടുവില്‍ പഠനകാലത്ത് ഏറ്റവും ഉഴപ്പനായ പയ്യന്(ഇന്നയാള് നിരവധി മോഷണക്കേസിലെ പ്രതിയാണ്) പരസ്യം കണ്ട് എത്തുന്നതും അയാളുമായി ഉണ്ടാകുന്ന സൗഹൃദവും ഒക്കെയാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥയില്‍ നിറഞ്ഞത്. പഴയ ചങ്ങാതി ബഹനാനുമായുള്ള ബന്ധം നായകന്റെ ജീവിതം തന്നെ മാറ്റിമറിക്കുകയാണ്. പക്ഷേ സിനിമയിലെത്തുമ്പോള്‍ കഥയില്‍ ഏറെ മാറ്റങ്ങളുണ്ട്.
രജപുത്ര രഞ്ജിത് നിര്‍മ്മിക്കുന്ന ചിത്രത്തിന് ആഷിക്കിന്റെ സിനിമകളുടെ തിരക്കഥാകൃത്തുക്കളായ ശ്യാംപുഷ്കരനും ദിലീഷ് നായരും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ഷൈജു ഖാലിദ് ഛായാഗ്രഹണവും ബിജി ബാല്‍ സംഗീതസംവിധാനവും നിര്‍വഹിക്കുന്നു.
—————
—————
—————
—————
—————
—————
—————
—————