സ്വകാര്യ ആശുപത്രിയില്‍ നവജാത ശിശു മരിച്ച സംഭവം; പോലീസ് ഒത്തുത്തീര്‍പ്പാക്കി

കഴിഞ്ഞ ദിവസം ചെമ്മാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് നവജാത ശിശു മരിച്ച സംഭവത്തില്‍ ആശുപ്പത്രിക്കെതിരെ ബന്ധുക്കള്‍ നല്‍കിയ പരാതി പിന്‍വലിച്ചു. തിരൂരങ്ങാടി എസ്‌ഐ യുടെ സാന്നിദ്ധ്യത്തില്‍ നടന്ന ഒത്തു തീര്‍പ്പ് ചര്‍ച്ചക്കൊടുവിലാണ് പരാതി പിന്‍വലിച്ചത്.
 കഴിഞ്ഞ ശനിയാഴ്ചയാണ് ചെറുമുക്ക് പങ്ങിണിക്കാടന്‍ ഇല്ല്യാസിന്റെ ഭാര്യ നസീറയെ പ്രസവത്തിനായി ചെമ്മാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച പ്രസവിച്ച കുഞ്ഞിനെ കൂടുതല്‍ ചികില്‍സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
 
എന്നാല്‍ കഴിഞ്ഞ ദിവസം കുഞ്ഞ് മരണപ്പെടുകയായിരുന്നു. ഞായറാഴ്ച മതിയായ വൈദ്യ സഹായം ലഭിക്കാത്തതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്ന് ആരോപിച്ച് നാട്ടുകാരും ബന്ധുക്കളും ആശുപത്രിയില്‍ സംഘടിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി. ഇതേ തുടര്‍ന്ന് ഇന്നലെ ബന്ധുക്കള്‍ തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് തിരൂരങ്ങാടി എസ്‌ഐ ഇരുകൂട്ടരെയും വിളിച്ച് നടത്തിയ ഒത്തുത്തീര്‍പ്പ് ചര്‍ച്ചക്കൊടുവില്‍ മരണപ്പെട്ട കുഞ്ഞിന്റെ മാതാവിന്റെ തുടര്‍ ചികില്‍സകള്‍ ആശുപത്രി അധികൃതര്‍ നടത്താമെന്നും നഷ്ടപരിഹാര തുകയായി 25,000 രൂപ മാതാപിതാക്കള്‍ക്ക് നല്‍കാമെന്നും ലേബര്‍ റൂമില്‍ അപമര്യാദയായി പെരുമാറിയ ജീവനക്കാര്‍ മാപ്പു പറയാമെന്നും വ്യവസ്ഥയാക്കിയിട്ടുണ്ട്.

Search site