തിരൂരങ്ങാടി താലൂക്ക് ആസ്പത്രി പുതിയ കെട്ടിടമൊരുങ്ങുന്നു

താലൂക്ക് ആസ്പത്രിയില്‍ എന്‍. ആര്‍. എച്ച് .എം ഫണ്ടില്‍ നിര്‍മിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള കെട്ടിടം പണി പുരോഗമിക്കുന്നു. മൂന്നര കോടി രൂപ ചെലവിലാണ് നിലവിലെ പ്രസവ വാര്‍ഡിന് പിറകില്‍ രണ്ടു നില കെട്ടിടം പണിയുന്നത്. 13000 സ്‌ക്വയര്‍ ഫീറ്റിലാണ് കെട്ടിടം. കെട്ടിടത്തിന്റെ താഴെ നിലയുടെ കോണ്‍ക്രീറ്റ് പൂര്‍ത്തിയായി. രണ്ടാം നിലയുടെ കോണ്‍ക്രീറ്റ് പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്. 
 
പ്രസവ സംബന്ധമായ ചികിത്സക്ക് ഒരേ സമയം മൂന്ന് ഗൈനക്കോളജിസ്റ്റുകളുടെ സേവനം ലഭ്യമാകും. കൂടാതെ മെയിന്‍ ഓപ്പറേഷന്‍ തിയേറ്റര്‍, പ്രീ അനസ്‌തേറ്റിക് റൂം, പ്രസവത്തോടനുബന്ധിച്ച് ഒന്ന്, രണ്ട്, മൂന്ന് ഘട്ടങ്ങള്‍ക്കുള്ള പ്രത്യേക സംവിധാനം, മൂന്ന് കട്ടിലോടു കൂടിയ ലേബര്‍ റൂം, നാല് കിടക്കകളുള്ള പോസ്റ്റ് റിക്കവറി റൂം, ന്യൂ ബോണ്‍ കോര്‍ണര്‍, സ്റ്റെറിലൈസിംഗ് ഏരിയ, പൊസീജിയ റൂം, രോഗികള്‍ക്കുള്ള വെയ്റ്റിംഗ് ഏരിയ, നഴ്‌സുമാരുടെ വിശ്രമ മുറി എന്നിവയാണ് താഴെ നിലയിലുള്ളത്. രണ്ടാം നിലയില്‍ കുട്ടികള്‍ക്കുള്ള ചികില്‍സാ സൗകര്യം, 18, 20 വാര്‍ഡുകളോട് കൂടിയ രണ്ട് വാര്‍ഡുകള്‍, പകര്‍ച്ച വ്യാധി ചികിത്സക്കുള്ള മൂന്ന് ഐസലേഷന്‍ വാര്‍ഡുകള്‍ എന്നിവയാണുള്ളത്. 
 
കെട്ടിടം തുറന്നു കൊടുക്കുന്നതോടെ പ്രസവ സംബന്ധമായ ചികിത്സക്ക് കൂടുതല്‍ സൗകര്യം ലഭിക്കും. നിലവില്‍ ഒരു കെട്ടിടം മാത്രമാണുള്ളത്. ദിവസവും നിരവധി പ്രസവങ്ങള്‍ നടക്കുന്നുണ്ട്. പുതിയ കെട്ടിടം വരുന്നത് കൂടുതല്‍ സൗകര്യമാകും. കെട്ടിടം പണി പെട്ടെന്ന് പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

Search site