സമൂഹത്തിന്റെ ആകുലതകളും സക്കറിയായുടെ ഗര്‍ഭിണികളും

ഒരു സിനിമയുടെ പ്രമേയത്തിന്റെ മൗലികതയാണ് ആ സിനിമയുടെ ഏറ്റവും കാതലായ വശം. പ്രമേയം തട്ടിക്കൂട്ടലും ഇക്വേഷനുകള്‍ക്കനുസരിച്ചുമാകുമ്പോഴാണ് പലപ്പോഴും തീയേറ്ററുകളില്‍ മാത്രമല്ല, എല്ലാനിലക്കും സിനിമ പാളുന്നത്. ഇത്തരം പാളിച്ചകളായിരുന്നു ഒരു കാലം വരെ മലയാളസിനിമാലോകത്തെ മെഗാസ്റ്റാര്‍ ബിസിനസ്സില്‍ മാത്രം തളച്ചിട്ടിരുന്നത്. ഇപ്പോള്‍ തമാശയായി മാറുന്നുണ്ടെങ്കിലും ന്യൂജനറേഷന്‍ എന്നു വിളിക്കപ്പെടുന്ന പുതിയ പുതിയ പ്രമേയസിനിമകളുടെ കടന്നുവരവായിരുന്നു പ്രമേയത്തിന്റെ മൗലികതയെയും വ്യത്യസ്തയെയും വീണ്ടും തീയേറ്ററുകളിലേക്ക് ധാരാളമായി ആനയിച്ചുകൊണ്ടുവന്നത്. എന്നാല്‍ ന്യൂജനറേഷനും ഒരു ഫോര്‍മാറ്റായി മാറുന്ന കാഴ്ചയാണ് വര്‍ത്തമാനകാല മലയാളസിനിമാലോകത്ത് പിന്നീട് നാം കണ്ടത്. ഇത്തരമൊരു സന്ദര്‍ഭത്തിലാണ് അനീഷ് അന്‍വറിന്റെ സക്കറിയായുടെ ഗര്‍ഭിണികള്‍ വിലയിരുത്തുകയും വിശകലനം ചെയ്യപ്പെടേണ്ടതുമെന്ന് തോന്നുന്നു. 
 
 ആകുലതകളുടെ കാലമാണ് ഗര്‍ഭകാലം. എന്തിനെയും കൂടുതല്‍ ആശങ്കയോടെയായിരിക്കും ഈ സമയത്ത് ഗര്‍ഭിണികള്‍ സ്വീകരിക്കുക. ഇതുകൊണ്ടുതന്നെയായിരിക്കാം ഗര്‍ഭിണികളിലൂടെ വര്‍ത്തമാനസമൂഹത്തിലെ ആശങ്കകളെ നോക്കിക്കാണുകയെന്ന പുതിയ രീതി അനീഷ് സ്വീകരിച്ചിരിക്കുന്നത്. നാലുഗര്‍ഭിണികളുടെ കഥയാണ് സക്കറിയായുടെ ഗര്‍ഭിണികള്‍ . 
 
 പ്രശസ്ത ഗൈനക്കോളജിസ്റ്റും ഈ മേഖലയോട് ഏറെ അഭിനിവേശം കാണിക്കുകയും ചെയ്യുന്ന ഡോ. സക്കറിയായുടെ ഗര്‍ഭിണികള്‍ നാല് വ്യത്യസ്ത സ്ത്രീകളാണ്. ഗര്‍ഭധാരണം ഇവരുടെ ജീവിതത്തില്‍വരുത്തിവെച്ച മാറ്റങ്ങളുടെ ആകുലതകള്‍ അന്വേഷിക്കുക മാത്രമാണ് ചലച്ചിത്രമെങ്കിലും കാഴ്ചക്കാരനെ സംബന്ധിച്ചിടത്തോളം ലഭിക്കുന്ന ആകെ കാഴ്ചയില്‍, ഇന്നത്തെ സാമൂഹിക ചുറ്റുപാടും വിഷയങ്ങളും ബന്ധങ്ങളിലെ പൊള്ളത്തരങ്ങളുമെല്ലാം അവരറിയാതെ അവരുടെ മനോമുകുരങ്ങളിലേക്ക് കടത്തിവിടാന്‍ സാധിക്കുന്നുവെന്നിടത്താണ് സക്കറിയായുടെ ഗര്‍ഭിണികള്‍ ഏറെ വ്യത്യസ്തമാകുന്നത്.
 
 
 ചിത്രീകരണസമയത്ത് ഒരു തണലിന്റെ തുടര്‍ച്ചകിട്ടാന്‍ സത്യജിത് റേ ഒരു ദിവസം ഷൂട്ടിംഗ് മുടക്കികാത്തുനിന്ന കഥ ഏറെ നാം കേട്ടതാണ്. ഇതുപോലെ ഒരു ചലച്ചിത്രത്തിന്റെ എല്ലാ അര്‍ഥത്തിലുമുള്ള പൂര്‍ണതക്കുവേണ്ടി പലപ്പോഴും സംവിധായകന്‍ കാണിക്കുന്ന ശ്രമങ്ങളും ഈ ചലച്ചിത്രത്തെ ഏറെ രസകരമാക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. നടന്‍ ഇന്ദ്രജിത്തിനെകൊണ്ട് മറഞ്ഞിരിക്കുന്ന അവതാരകന്റെ ശബ്ദം പറയിപ്പിച്ചത് തന്നെയാണ് ഇതിന് സക്കറിയായുടെ ഗര്‍ഭിണികള്‍ നല്കുന്ന ഏറ്റവും നല്ല ഉദാഹരണം.
 
 സിനിമയിലെ ഗര്‍ഭിണികളെല്ലാം സ്വയം സ്വാര്‍ഥരാണെങ്കിലും അതോടൊപ്പം സമൂഹത്തിന്റെ മുന്നില്‍ തോല്ക്കാന്‍ മനസ്സുള്ളവരുമല്ല. അതുകൊണ്ടുതന്നെ മൂന്നുപേര്‍ക്കും തങ്ങളുടെ ഗര്‍ഭം സമൂഹത്തോടുള്ള ഒരു വെല്ലുവിളിയുമാണ്. സിസ്റ്റര്‍ ജെന്നിഫറും പതിനേഴുകാരി സെറക്കും അവരുടെ പ്രസവം അത്തരമൊരു അവസ്ഥയിലേക്ക് തങ്ങളെ എത്തിച്ചവരോടുള്ള അവരടങ്ങുന്ന എസ്റ്റാബിഷ്‌മെന്റിനെ തോല്പിക്കുവാന്‍കൂടിയുള്ള മാര്‍ഗംകൂടിയാണ്. 
 
 നാലുപേരുടെ നാലുകഥകളാണ് സിനിമയില്‍ നാലുകോണുകളിലൂടെ സഞ്ചരിക്കുന്നതെങ്കിലും ഇവര്‍ക്കിടയിലെ ഡോക്ടര്‍ സക്കറിയയിലൂടെ ഇവ തമ്മില്‍ നാലുകഥകളായല്ല കാഴ്ചക്കാരന് അനുഭവപ്പെടുന്നത്. അണിയറപ്രവര്‍ത്തകരുടെ ക്രാഫ്റ്റും പ്രമേയം നൂതന രീതിയില്‍ പറയുവാനുള്ള താല്പര്യവും ഒരു പുതിയ കാഴ്ചാനുഭവമാണ് കണ്ടിരിക്കുന്നവര്‍ക്ക് സക്കറിയായുടെ ഗര്‍ഭിണികള്‍ നല്കുന്നത്. അവതരണത്തിലെ പുതുമപോലെ തന്നെയാണ് സംഭാഷണത്തിലെ മിതത്വവും. അവശ്യം വേണ്ടിടത്ത് മാത്രം കഥാപാത്രങ്ങള്‍ സംസാരിക്കുകയാണ്, ഇതിനൊരപവാദം കാസര്‍ക്കോടുകാരിയായ നഴ്‌സ് ഫാത്തിമയെന്ന കഥാപാത്രം മാത്രമാണ്. 
 
 കാസര്‍ക്കോടിന്റെ തന്നെ ഒരുള്‍നാടന്‍ ഗ്രാമത്തിലെ വാമൊഴിമലയാളം ധാരാളമായി പറയുന്നത്. പലപ്പോഴും ഇത് അതിരുകവിഞ്ഞുവോ എന്നുതോന്നാമെങ്കിലും കേരളത്തിന്റെ വടക്കേയറ്റത്തെ ഒരതിര്‍ത്തിഗ്രാമം ക്ലാസിക്കല്‍ പദവി ലഭിച്ച നമ്മുടെ മാതൃഭാഷ എങ്ങനെയാണ് ചൊല്ലുന്നതെന്ന് തിരിച്ചറിയാന്‍ കൗതുകമുള്ളവര്‍ക്കും അല്ലാത്തവര്‍ക്കുമെല്ലാം അനുഭവിച്ചറിയാന്‍കൂടി സക്കറിയായുടെ ഗര്‍ഭിണികള്‍ സെല്ലുലോയ്ഡിയന്‍ കാഴ്ചകള്‍ ഒരുക്കുന്നുണ്ട്. റീമ കല്ലിങ്ങല്‍ എന്ന നടിയുടെ കൈകളിലൂടെ ഏറ്റവും ഭദ്രമായ ഒരു കഥാപാത്രംകൂടി മലയാളസിനിമാലോകത്ത് ഏഴുതിചേര്‍ക്കപ്പെടുകയായിരുന്നു. ഒരു പക്ഷേ, ബാവൂട്ടിയുടെ നാമത്തിലൂടെ കാവ്യമാധവന് സാധിക്കാതെ പോയതാണ് റീമ കല്ലിങ്ങല്‍ ഈ കഥാപാത്രത്തിലൂടെ സാധിച്ചിരിക്കുന്നത്. 
 പ്രസവം ചിത്രീകരിക്കുന്നതിന്റെ പേരില്‍ കളിമണ്ണ് എന്ന ചലച്ചിത്രം ഏറെ കോലാഹലങ്ങളുണ്ടാക്കിയ കേരളീയ സമൂഹത്തിലേക്കാണ് സക്കറിയായുടെ ഗര്‍ഭിണികള്‍ ഏറെ ബഹളങ്ങളുണ്ടാക്കാതെ പ്രസവമടക്കമുള്ള കാര്യങ്ങള്‍ അതിന്റെ അതിര്‍വരമ്പുകളിട്ടുകൊണ്ടാണെങ്കിലും ചിത്രീകരിച്ച് പുറത്തുവന്നത്