യാത്രാ ടിക്കറ്റിലെ തിരിമറി: എയര്‍ ഇന്ത്യ വിജിലന്‍സ് അന്വേഷണം തുടങ്ങി

എയര്‍ ഇന്ത്യാ ടിക്കറ്റിലെ തിരിമറിയുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യ വിജിലന്‍സ് വിഭാഗം അന്വേഷണമാരംഭിച്ചു. എയര്‍ ഇന്ത്യ റിയാദ് വിമാനത്തില്‍ യാത്ര തരപ്പെടുത്താന്‍ യാത്രക്കാരനില്‍നിന്ന് 60000 രൂപ വാങ്ങുകയും അത് എയര്‍ ഇന്ത്യയുടെ കണക്കില്‍ കാണിക്കാതെ പങ്കിട്ടെടുക്കുകയും ചെയ്ത സംഭവത്തിലാണ് അന്വേഷണം. സംഭവവുമായി ബന്ധപ്പെട്ട് 'മാതൃഭൂമി' പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്നാണ് എയര്‍ ഇന്ത്യയുടെ നടപടി. എയര്‍ ഇന്ത്യ വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കോടികളുടെ നഷ്ടമാണ് എയര്‍ ഇന്ത്യയ്ക്ക് സംഭവിച്ചിരിക്കുന്നതെന്ന് കണ്ടെത്തി. ചില സ്വകാര്യ ട്രാവല്‍ ഏജന്‍സികളും എയര്‍ ഇന്ത്യയുടെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ജോലികള്‍ക്ക് കരാര്‍ കൊടുത്ത വിസ്‌ക്കാന്‍ കമ്പനിയുടെ തൊഴിലാളികളും തമ്മിലുള്ള രഹസ്യബന്ധമാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമാവുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷമായി ഇത്തരം തട്ടിപ്പുകള്‍ നിരന്തരമായി നടന്നതായാണ് വിജിലന്‍സ് കരുതുന്നത്. ഓപ്പണ്‍ ടിക്കറ്റായി രജിസ്റ്റര്‍ ചെയ്യുന്ന ടിക്കറ്റുകളിലാണ് ഇത്തരം തട്ടിപ്പ് നടത്തുന്നതെന്നും വ്യക്തമായിട്ടുണ്ട്. ഓപ്പണ്‍ ടിക്കറ്റായി എടുക്കുന്ന ടിക്കറ്റുകള്‍ യാത്രക്കാരന്‍ യാത്ര ചെയ്യുന്ന ദിവസത്തോടനുബന്ധിച്ച് കണ്‍ഫേം ചെയ്യുകയാണ് ഇതില്‍ ചെയ്യുന്നത്. ഓപ്പണ്‍ ടിക്കറ്റ് എടുത്ത ക്ലാസില്‍ യാത്രാസമയത്ത് സീറ്റുകള്‍ ലഭ്യമല്ലെങ്കില്‍ ഉയര്‍ന്ന ക്ലാസില്‍ ടിക്കറ്റ് നല്‍കണമെന്നും അധികം വരുന്ന തുക യാത്രക്കാരന്‍ നല്‍കണമെന്നുമാണ് നിയമം.

 യാത്രാരേഖകളില്‍ കാണിക്കാതെ യാത്രക്കാരനെ സൂത്രത്തില്‍ വിമാനത്തില്‍ കയറ്റിവിടുകയും വിമാനരേഖകളില്‍ സീറ്റ് ഒഴിഞ്ഞുകിടന്നതായി കാണിക്കുകയും ചെയ്യും. ഇങ്ങനെ യാത്രക്കാരനില്‍നിന്ന് ഈടാക്കുന്ന തുക കരാര്‍ കമ്പനി ജീവനക്കാരും ട്രാവല്‍ ഏജന്റുമാരും ചേര്‍ന്ന് വീതിച്ചെടുക്കുകയാണ്. ഇതാണ് തിരക്കുള്ള സമയങ്ങളില്‍ വിമാനം കാലിയായി പറന്നു എന്ന ആക്ഷേപത്തിന് ഇടയാക്കുന്നത്. വിമാനത്താവളത്തിലെ അഴിമതിയുമായും മനുഷ്യക്കടത്തുമായും ബന്ധപ്പെട്ട് നാല് കേസുകളില്‍ അന്വേഷണം നേരിടുന്ന സ്വകാര്യ കരാര്‍ കമ്പനിയാണ് 'വിസ്‌ക്കാന്‍'. റിയാദ് യാത്രക്കാരനില്‍നിന്നും 60000 രൂപ ഈടാക്കി എയര്‍ ഇന്ത്യയില്‍ അടയ്ക്കാതെ പങ്കിട്ടെടുത്ത മൂന്ന് ജീവനക്കാരെ ഒഴിവാക്കണമെന്ന് എയര്‍ ഇന്ത്യ ശക്തമായി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സ്വകാര്യ കമ്പനി ഇനിയും തയ്യാറായിട്ടില്ല.