മലപ്പുറം ഹെല്‍മെറ്റ് വയ്ക്കുന്നു

 നടപടി കര്‍ശനമാക്കിയതോടെ ബൈക്കില്‍ പറക്കുന്ന ചെത്തുപയ്യന്മാരുടെ തലയില്‍ ഹെല്‍മെറ്റ് കയറിത്തുടങ്ങി. ഒരാഴ്ചക്കുള്ളില്‍ 40 ശതമാനംപേര്‍ ഹെല്‍മെറ്റ് ധരിച്ച് തുടങ്ങിയെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് അധികൃതരുടെ കണക്ക്. ജില്ലയില്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നത് രണ്ട് ശതമാനംപേരായിരുന്നു. ബാക്കിയുള്ളവര്‍ പൊലീസിനെയും ആര്‍ടി ഓഫീസ് ഉദ്യോഗസ്ഥരെയും വെട്ടിച്ച് മുങ്ങാറായിരുന്നു പതിവ്. പരിശോധനാ സംഘത്തിന്റെ മുന്നില്‍പ്പെട്ടാല്‍ 100 രൂപ ഫൈനടക്കും. പിന്നെയും ഹെല്‍മെറ്റില്ലാ യാത്ര തുടരും. എന്നാല്‍ പരിശോധന കര്‍ശനമാക്കിയതോടെ ഇത്തരക്കാര്‍ കുടുങ്ങി. യുവാക്കളും കുറഞ്ഞ വിദ്യാഭ്യാസം ലഭിച്ചവരുമാണ് ഹെല്‍മെറ്റ് വയ്ക്കാതെ യാത്രചെയ്യുന്നതില്‍ മുന്നില്‍. ആദ്യതവണ ശാസനയും വീണ്ടും നിയമലംഘനം നടത്തിയാല്‍ ലൈസന്‍സ് റദ്ദാക്കലുമായതോടെ ഏവരിലും പേടി കുടുങ്ങി. നിരത്തില്‍ നിയമം പാലിക്കാന്‍ തയ്യാറായി. ഒരാഴ്ചയ്ക്കുള്ളില്‍ 80 ശതമാനംപേര്‍ ഹെല്‍മെറ്റ് ധരിക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ദിവസേന ശരാശരി 500 പുതിയ ബൈക്കുകളാണ് ജില്ലയില്‍ നിരത്തിലിറങ്ങുന്നത്. ബൈക്കുകളുടെ എണ്ണം കൂടിയതിനനുസരിച്ച് അപകടങ്ങളും വര്‍ധിക്കുന്നുവെന്നാണ് കണക്കുകള്‍ വിശദീകരിക്കുന്നത്. കഴിഞ്ഞകൊല്ലം ജില്ലയിലുണ്ടായ ബൈക്ക് അപകടങ്ങളുടെ എണ്ണം 1627 ആണ്.