കൊണ്ടോട്ടി സംഘര്‍ഷഭരിതമായി

ബസ്സ്റ്റാന്റില്‍ ബസ് കയറി യുവതി മരിച്ച സംഭവത്തില്‍ പ്രകോപിതരായ നാട്ടുകാരെ വിരട്ടിയോടിക്കാന്‍ പൊലിസീന്റെ നരനായാട്ട്. കണ്ണില്‍ കണ്ടതെല്ലാം അടിച്ച് തകര്‍ത്ത പൊലീസ് മണിക്കൂറുകളോളമാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. നൂറോളം ബൈക്കുകളും വാഹനങ്ങളുടെ ചില്ലുകളും തകര്‍ത്തു. 
 
താഴ്ത്തിയ ഷട്ടറുകള്‍ തുറന്നാണ് പല കടകളിലേയും ചില്ലുകള്‍ പൊലീസ് തകര്‍ത്തത്.ബസ്സ്റ്റാന്റില്‍ നിര്‍ത്തിയിട്ട വാഹനത്തെ മറികടന്ന് വരുമ്പോഴാണ് സ്വകാര്യ ബസ് യുവതിയുടെ ജീവന്‍ കവര്‍ന്നത്. ഇതോടെ പ്രകോപിതരായി എത്തിയ ജനങ്ങള്‍ ബസ് തകര്‍ക്കുകയായിരുന്നു. മലപ്പുറത്ത് നിന്നും ഒരുബറ്റാലിയന്‍ എം.എസ്.പി എത്തിയെങ്കിലും ജനങ്ങളെ പിരിച്ച് വിടാന്‍ പാടുപെട്ടു.
 
പൊലീസ് ലാത്തിവീശിയതോടെ ജനം കൂടുതല്‍ പ്രകോപിതരായി. ഇതോടെ പൊലീസിന് നേരെ കല്ലേറ് നടന്നു. പിന്നീട് തീര്‍ത്തും സംഘര്‍ഷഭരിതമായ അന്തരീക്ഷമായിരുന്നു. റോഡിലുണ്ടായിരുന്ന മുഴുവന്‍ വാഹനങ്ങളും അടിച്ച് തകര്‍ത്തു. ബൈപ്പാസ് റോഡിലെ ബിസ്മി ഹോട്ടലിന്റെ ഷട്ടര്‍ തുറന്നാണ് പൊലീസ് ചില്ലുകള്‍ തകര്‍ത്തത്. 
ഭയന്ന് ഓടുന്നതിനിടെ പലര്‍ക്കും വീണ് പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് മുഴുവന്‍ കടകളും എട്ട് മണിയോടെ അടച്ചു. തുറക്കലിലും, കൊളത്തൂരിലുമെത്തിയ എം.എസ്.പി കടകള്‍ നിര്‍ബന്ധിച്ച് അടപ്പിച്ചു. ഇവിടെനിന്നും നിരപരാധികളായ യാത്രക്കാരെ പിടികൂടി. കൊട്ടപ്പുറത്തും കുറുപ്പത്തും കെ.എസ്.ആര്‍.ടി.സി തടഞ്ഞതോടെ യാത്രക്കാര്‍ ദുരിതത്തിലായി. 
 
ബസ് സ്റ്റാന്റില്‍ നിന്നും തകര്‍ത്ത ബസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവാനുള്ള പൊലീസിന്റെ ശ്രമം കൂടി ആയതോടെയാണ് പ്രശ്‌നം കൂടുതല്‍ വശളായത്. രാത്രി വൈകിയും കൊണ്ടോട്ടി അങ്ങാടിയില്‍ പൊലീസ് കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിരപരാധികളെ പൊലീസ് അറസ്റ്റ് ചെയ്തത് സ്റ്റേഷനില്‍ സംഘ ര്‍ഷാവസ്ഥ സൃഷ്ടിച്ചു.