ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന കുടുംബത്തിലെ കുട്ടികള്‍ക്ക് ആത്മവിശ്വാസം കൂടും

കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ സ്‌നേഹബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുക മാത്രമല്ല, കുട്ടികളുടെ ആത്മവിശ്വാസം വളര്‍ത്തുകയും ചെയ്യുമെന്ന് പഠന റിപ്പോര്‍ട്ട്.

കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്ന കുട്ടികള്‍ക്ക് ആശയവിനിമയ ശേഷി കൂടുതലാണെന്നും ബ്രിട്ടനിലെ ദേശീയ ലിറ്ററസി ട്രസ് പറയുന്നു. എന്നാല്‍ നാലിലൊന്നിലേറെ കുട്ടികള്‍ക്കും കുടുംബത്തോടൊപ്പം ഇരുന്ന് നല്ല കാര്യങ്ങള്‍ സംസാരിക്കാനുള്ള അവസരം നഷ്ടപ്പെടുന്നതായി പഠനത്തില്‍ കണ്ടെത്തി.

35,000 ബ്രിട്ടീഷ് കുട്ടികളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. 'ഭക്ഷണം ശരീരത്തിന്റെ ഇന്ധനമാണെങ്കില്‍ സംസാരം തലച്ചോറിന്റെ ഇന്ധനമാണ്'-ലിറ്ററസി ട്രസ്റ്റ് പ്രചാരകയും മുന്‍ ടി.വി നടിയുമായ നതാലി കാസിഡി പറയുന്നു.

സമയം എത്ര പരിമിതമായാലും 10 മിനുട്ടെങ്കിലും കുടുംബത്തോടൊപ്പം ഒന്നിച്ചിരിക്കാന്‍ സമയം കണ്ടെത്തണമെന്നാണ് രക്ഷിതാക്കള്‍ക്ക് നതാലി നല്‍കുന്ന ഉപദേശം.

എന്നാല്‍ ഭക്ഷണം കഴിക്കുമ്പോള്‍ മുതിര്‍ന്നവര്‍ ഒന്നും മിണ്ടാതെ നിശബ്ദരായിരിക്കുന്നത് കുട്ടികളുടെ ആത്മവിശ്വാസം തകരാന്‍ കാരണമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.