42-ാം യു.എ.ഇ ദേശീയ ദിനം: വൈവിധ്യ പരിപാടികളുമായി ടൂറിസം വകുപ്പ്

യു.എ.ഇ 42-ാം ദേശീയ ദിനാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോടെ കൊണ്ടാടാന്‍ അബുദാബി ടൂറിസം അഥോറിറ്റി തീരുമാനിച്ചു. ലോക വിനോദ സഞ്ചാരികളുടെ മനസില്‍ എന്നും മധുരിക്കുന്ന ഓര്‍മയായി നിലനില്‍ക്കുന്ന തരത്തില്‍ നവംബര്‍ 28 മുതല്‍ ഡിസംബര്‍ 2 വരെയുള്ള വിവിധ പരിപാടികള്‍ക്കാണ് അഥോറിറ്റി രൂപം നല്‍കിയിട്ടുള്ളത്. 
 
വന്‍ ഒരുക്കങ്ങളാണ് ഇതിനായി നടക്കുന്നത്. വര്‍ണശബള ഘോഷയാത്ര, കരിമരുന്ന് പ്രയോഗം, ബോട്ട് റേസ്, കുടുംബങ്ങള്‍ക്ക് ആസ്വദിക്കാവുന്ന കലാ-സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിവൈവിധ്യമാര്‍ന്ന പരിപാടികള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളത്.
ഒരാഴ്ചക്കാലം ബത്തീന്‍ ബീച്ച് ദേശീയദിനാഘോഷാരവത്തില്‍ മുഴുകുന്ന തരത്തിലാണ് പരിപാടികളുടെ ആസൂത്രണം. 
 
കൂടാതെ അല്‍ ഐന്‍, പടിഞ്ഞാറന്‍ പ്രവിശ്യയില്‍പ്പെടുന്ന ദല്‍മ ഐലന്റ്, മദീന സായിദ് തുടങ്ങിയ സ്ഥലങ്ങളിലും വന്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. വിശദ വിവരങ്ങളടങ്ങുന്ന കലണ്ടര്‍ അടുത്ത മാസം പുറത്തിറക്കുമെന്ന് അഥോറിറ്റി ഈവന്റ് മാനേജ്‌മെന്റ് ബ്യൂറോ ഡയറക്ടര്‍ ഫൈസല്‍ അല്‍ ശൈഖ് വ്യക്തമാക്കി.
 
സ്വദേശികള്‍ക്കും രാജ്യത്ത് കഴിയുന്ന വിദേശികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും 42-ാമത് യു.എ.ഇ ദേശീയ ദിനാഘോഷം മറക്കാനാവാത്ത അനുഭൂതിയും അനുഭവവും പകരുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ തനത് കലാ-സാംസ്‌കാരിക പൈതൃകം ലോകത്തിന് പരിചയപ്പെടുത്തുന്ന ദേശീയ ദിനാഘോഷം വീക്ഷിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അനേകം വിനോദ സഞ്ചാരികള്‍ എത്തിച്ചേരുമെന്നാണ് കരുതുന്നത്. 
 
ലോകത്തെ തന്നെ ഏറ്റവും മനോഹരമായ ആകാശ വിസ്മയമാണ് രണ്ടു ദിവസങ്ങളിലായി കോര്‍ണിഷില്‍ നടക്കുക. ഡിസംബര്‍ ഒന്നിനും രണ്ടിനും രാത്രി എട്ടു മണിക്ക് ആരംഭിക്കുന്ന കണ്ണഞ്ചും കാഴ്ച കാണാന്‍ കോര്‍ണിഷും പരിസരവും ജനനിബിഢമായി മാറും. ഡിസംബര്‍ രണ്ടിന് അബുദാബി വിനോദ നഗരമായ യാസ് ഐലന്റില്‍ നടക്കുന്ന കാര്‍ റാലിയും ശ്രദ്ധയാകര്‍ഷിക്കും. വൈകീട്ട് അഞ്ചുമണിക്കാണ് കാര്‍ റാലി ആരംഭിക്കുകയെങ്കിലും ഉച്ചക്ക് രണ്ടു മണിക്കു തന്നെ മുഴുവന്‍ വാഹനങ്ങളും സജ്ജമായിരിക്കും.

Search site