‘അവര്‍ കണ്‍മുന്നില്‍വെച്ച് എന്റെ പെണ്‍മക്കളെ പിച്ചിച്ചീന്തി’

കലാപകാരികള്‍ അഴിഞ്ഞാടിയ യു.പിയിലെ മുസഫര്‍ നഗറില്‍നിന്നും വരുന്നത് നടുക്കുന്ന വാര്‍ത്തകള്‍. കലാപ ഭൂമിയില്‍ റിപ്പോര്‍ട്ടുകള്‍ തേടിപ്പോയ മാധ്യമപ്രവര്‍ത്തകരെ കാത്തിരുന്നത് ഇരകളുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍. ‘ദൈനിക് ഭാസ്‌കര്‍’ ദിനപത്രത്തിന്റെ ഇംഗ്ലീഷ് വെബ്‌സൈറ്റ് ‘ഡെയ്‌ലി ഭാസ്‌കറാ’ണ് ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്.
 
ചെറുപ്രായത്തിലുള്ള പെണ്‍കുട്ടികളെ പോലും ദിവസങ്ങളോളം കലാപകാരികള്‍ പൂട്ടിയിട്ടു പീഡിപ്പിച്ചു. ജാട്ട് സമുദായത്തില്‍പെട്ടവരാണ് തങ്ങളെ കൂട്ടമാനഭംഗത്തിനിരയാക്കിയതും കിടപ്പാടങ്ങള്‍ കത്തിച്ച് ഈ നാടു വിട്ടുപോവാന്‍ ആക്രോശിച്ചതെന്നും ഗ്രാമത്തിലെ സ്ത്രീകള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
 
 17ഉം18ഉം 21ഉം വയസ്സുള്ള മൂന്ന് പെണ്‍മക്കളാണ് എനിക്ക്. പതിമൂന്നോളം പേരാണ് എന്റെ കണ്‍മുന്നിലിട്ട് മൃഗീയമായ മക്കളെ ആക്രമിച്ചത്. ഭീതിജനകവും ലജ്ജ തോന്നിപ്പിക്കുന്നതുമായ ആ രംഗം കാണാന്‍ ഞാന്‍ നിര്‍ബന്ധിതയായി -നിസ്സഹായായി ഒരു അമ്മ പറയുന്നു. ഇതില്‍ രണ്ടു മക്കളെ പിന്നീട് അവര്‍ മോചിപ്പിച്ചു. ഒരു മകളെ ഇതുവരെ കാണാനായിട്ടില്ലെന്ന് അവര്‍ പറയുന്നു. നൂറു കണക്കിന് പെണ്‍കുട്ടികള്‍ ഇങ്ങനെ അതിക്രമത്തിനിരയായി കൊല്ലപ്പെട്ടുവെന്നും ചിലരെ ചുട്ടെരിച്ചതായും ക്യാമ്പുകളില്‍ കഴിയുന്ന ഇരകള്‍ സാക്ഷ്യപ്പെടുത്തുന്നു.
 
 ആറോ ഏഴോ പേര്‍ ചേര്‍ന്നാണ് തന്നെ മൃഗീയമായി പീഡിപ്പിച്ചതെന്ന് ഒരു 25കാരി പറയുന്നു. ‘‘ഞങ്ങള്‍ ജാട്ടുകളെയും ഹിന്ദുക്കളെയും മാത്രമെ രക്ഷിക്കൂ. നിന്നെപോലുള്ള മുസ്ലിമിനെ രക്ഷിക്കില്ല’’എന്നാണ് നിസ്സഹായയായി രക്ഷ തേടി പൊലീസ് സ്റ്റേഷനിലേക്ക് ഓടിയ തനിക്ക് കേള്‍ക്കേണ്ടി വന്നതെന്നും യുവതി വെളിപ്പെടുത്തുന്നു. വിചിത്രമായ മറുപടിയാണ് മറ്റൊരു ജില്ലയില്‍ കേട്ടത്. ഈ സംഘര്‍ഷം നേരിടാന്‍ ഇവിടെ മതിയായ ഒഫീസര്‍മാരും പൊലീസും ഇല്ലെന്നായിരുന്നു അഭയം ചോദിച്ചത്തെിയവരോട് ഡി.ഐ.ജി പറഞ്ഞത്.
 
 രണ്ടു മണിക്കുറോളം ബന്ദിയാക്കി തന്നെയും കൂട്ട മാനഭംഗത്തിനിരയാക്കിയെന്ന് മറ്റൊരു പതിനാറുകാരി പറഞ്ഞു. ‘കൂട്ടത്തിലെ സുന്ദരിയെ തങ്ങള്‍ വിവാഹം കഴിക്കുമെന്നും മറ്റുള്ളതിനെയെല്ലാം തുണ്ടം തുണ്ടമായി നുറുക്കുമെന്നും’ അത്രികമികള്‍ പരിഹാസത്തോടെ വിളിച്ചുപറഞ്ഞതായി ഉള്‍ക്കിടിലത്തോടെ ഇവള്‍ ഓര്‍ക്കുന്നു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളിലെ നിരവധി ക്യാമ്പുകളില്‍ കഴിയുന്ന ഒന്നേ കാല്‍ ലക്ഷത്തോളം ഇരകള്‍ക്കും പറയാനുള്ളത് സമാനമായ അനുഭവങ്ങളാണ്.
 
 എവിടെ കലാപം നടന്നാലും സ്ത്രീകള്‍ ആണ് കടുത്ത അനീതിയും അതിക്രമവും ഏറ്റുവാങ്ങേണ്ടി വരുന്നത്. മുസഫര്‍നഗറിലും വിഭിന്നമല്ല കാര്യങ്ങള്‍. പിഞ്ചു കുട്ടികള്‍ അടക്കം നൂറുകണക്കിന് സ്ത്രീകള്‍ ആണ് ക്രൂരമായ മാനഭംഗത്തിനും അതിക്രമങ്ങള്‍ക്കും ഇരകളായത്.
 
യു.പിയിലെ ലിസാര്‍, ലാങ്ക്, ഭവാതി, ഹസന്‍പൂര്‍, മൊഹമ്മദ്പൂര്‍, ഭഗ്പാത് തുടങ്ങിയ ഗ്രാമങ്ങളില്‍ വ്യാപകമായതോതില്‍ സ്ത്രീകള്‍ അതിക്രമത്തിനിരയായി. ജീവരക്ഷക്കായി അഭയം തേടിയ പലയിടത്തുനിന്നും പിടിച്ചുകൊണ്ടുപോയാണ് കൂട്ടബലാല്‍സംഗമടക്കം നടത്തിയതെന്ന് ഇരകള്‍ പറയുന്നു. അവശേഷിക്കുന്ന ആയിരങ്ങള്‍ ജീവന്‍ ഭയന്ന് അയല്‍പ്രദേശങ്ങളിലേക്ക് കൂട്ടമായി പലായനം ചെയ്തു.
 
 സര്‍ക്കാറിന്റെയും പൊലീസിന്റെയും ഭാഗത്തുനിന്ന് കുറ്റകരമായ അവഗണനയാണ് ഇരകള്‍ക്കുനേരിടേണ്ടി വന്നതെന്ന് ഡെയിലി ഭാസ്കര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് വിളിച്ചോതുന്നു. മുസഫര്‍ നഗറില്‍ യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ് ക്യാമ്പുകള്‍ സന്ദശിച്ചിരുന്നു. തങ്ങള്‍ക്ക് സുരക്ഷ ഉറപ്പു നല്‍കാത്ത മുഖ്യമന്ത്രിക്കും അധികാരികള്‍ക്കും എതിരെ രോഷാകുലരായ ജനങ്ങള്‍ മുദ്രാവാക്യം മുഴക്കുകയുണ്ടായി. സംസ്ഥാനത്തെ ഭരണകൂടം സാമുദായികമായി വിഭജിക്കുകയാണെന്ന് വിവിധ ഭാഗങ്ങളില്‍നിന്ന് വിമര്‍ശം ഉയര്‍ന്നു കഴിഞ്ഞു.

Search site