ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും സ്വാഗതമെന്ന് ലിങ്കഡ്ഇന്‍

പ്രൊഫഷണലുകള്‍ക്കായുള്ള ലിങ്കഡ്ഇന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് അതിന്റെ വാതിലുകള്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി തുറന്നുകൊടുക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് അവരുടെ ഭാവി ചിട്ടപ്പെടുത്താന്‍ സഹായിക്കുകയാണ് ലക്ഷ്യം.

 സപ്തംബര്‍ 12 മുതല്‍ ലിങ്കഡ്ഇന്‍ ( LinkedIn ) ഈ പുതിയ പരിഷ്‌ക്കരണം നടപ്പിലാക്കും. അന്നു മുതല്‍ വിവിധ രാജ്യങ്ങളില്‍ ലിങ്കഡ്ഇനില്‍ അംഗമാകാനുള്ള കുറഞ്ഞ പ്രായം 13 മുതല്‍ 16 വയസ്സ് വരെയാകും.

 അംഗത്വപ്രായം കുറയ്ക്കുന്നതിനൊപ്പം 'യൂണിവേഴ്‌സിറ്റി പേജസ്' ( University Pages ) എന്നൊരു പുതിയ ഫീച്ചര്‍ ലിങ്കഡ്ഇന്‍ അവതരിപ്പിക്കുകയാണ്. വിദ്യാര്‍ഥികളെ സഹായിക്കാനുള്ള ഫീച്ചറാണത്. വിവിധ രാജ്യങ്ങളിലെ കോളേജുകളെക്കുറിച്ച് അറിയാനും, മുന്‍ സഹപാഠികളുമായി ബന്ധപ്പെടാനും ഈ ഫീച്ചര്‍ സഹായിക്കും.

 ഏതാണ്ട് 200 സര്‍വകലാശാലകള്‍ ഇതിനകം തന്നെ ലിങ്കഡ്ഇന്‍ പേജുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ആയിരക്കണക്കിന് വിദ്യാലയങ്ങള്‍ക്ക് പുതിയ ഫീച്ചര്‍ ലഭ്യമാക്കുമെന്ന് ലിങ്കഡ്ഇന്‍ പറഞ്ഞു.

 അംഗത്വപ്രായം കുറയ്ക്കുന്നത്, ലിങ്കഡ്ഇനിന്റെ യൂസര്‍ അടിത്തറ ബലപ്പെടുത്താന്‍ സഹായിക്കും. കൂടുതല്‍ അംഗങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങുമ്പോള്‍ വരുമാനവും വര്‍ധിക്കും.

 2011 മെയിലാണ് ലിങ്കഡ്ഇന്‍ പ്രഥമ ഓഹരിവില്‍പ്പന നടത്തി പബ്ലിക്ക് ലിമിറ്റഡ് കമ്പനിയായത്. അംഗസംഖ്യ അന്നുണ്ടായിരുന്നതിന്റെ ഇരട്ടിയിലേറെയുണ്ട് ഇപ്പോള്‍. കഴിഞ്ഞ ജൂണ്‍ അവസാനത്തെ കണക്കു പ്രകാരം 23.8 കോടി അംഗങ്ങള്‍ ലിങ്കഡ്ഇനിലുണ്ട്.

 തിങ്കളാഴ്ച പ്രഖ്യാപിച്ച തീരുമാന പ്രകാരം ഓസ്‌ട്രേലിയ, യു.എസ്, കാനഡ, ജര്‍മനി, ദക്ഷിണ കൊറിയ, സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ ലിങ്കഡ്ഇന്‍ അംഗത്വത്തിനുള്ള കുറഞ്ഞ പ്രായം 14 വയസ്സായിരിക്കും. നെതര്‍ലന്‍ഡ്‌സില്‍ പക്ഷേ, 16 വയസ്സാകണം. ചൈനയില്‍ ലിങ്കഡ്ഇനിന്റെ തീരുമാനം ബാധകമാകില്ല. അവിടെ 18 വയസ്സായാലേ ലിങ്കഡ്ഇനില്‍ പ്രൊഫൈലുണ്ടാക്കാനാകൂ. ബാക്കി എല്ലാ രാജ്യങ്ങളിലും കുറഞ്ഞ പ്രായം 13 വയസ്സായിരിക്കും.

 കൗമാരപ്രായക്കാരെ ചൂഷണം ചെയ്യാനുള്ള സാധ്യത ലിങ്കഡ്ഇനിന്റെ നടപടി വഴിയുണ്ടാകില്ലേ എന്ന ആശങ്കയുടെ ചില കോണുകളില്‍ നിന്നുയരുന്നുണ്ട്.

Search site