ഹാജിമാരെത്തി തുടങ്ങി; ഇന്ന് ക്യാമ്പ് ഉദ്ഘാടനം

സംസ്ഥാന ഹജ്ജ് ക്യാമ്പ് തുടങ്ങി. ആദ്യ വിമാനത്തില്‍ പുറപ്പെടേണ്ട ഹാജിമാര്‍ ഇന്നലെ രാത്രിയോടെ ഹജ്ജ് ഹൗസില്‍ എത്തി. 299 പേര്‍ ആദ്യ വിമാനത്തില്‍ പുറപ്പെടും. 
 
മലബാറിലെ വിവിധ ജില്ലകളില്‍ നിന്നുള്ളവര്‍ക്കു പുറമെ എറണാകുളം ജില്ലയില്‍ നിന്നുള്ള ഏതാനു പേര്‍ സംഘത്തിലുണ്ട്. രാവിലെ 9.05ന് ഇവര്‍ പുറപ്പെടും. ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് രാവിലെ 6 മണിക്ക് പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍ നിര്‍വ്വഹിക്കും. 
 
ആദ്യവിമാനത്തിന് രാവിലെ 8 മണിക്ക് കേന്ദ്രവിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ് ഫഌഗ്ഓഫ് നല്‍കും. ജില്ലയിലെ എം.പിമാരും എം.എല്‍.എ മാരും ഉള്‍പ്പെടെ ജനപ്രതിനിധികളും ഹജ്ജ് കമ്മിറ്റി പ്രതിനിധികളും ചടങ്ങില്‍ സംബന്ധിക്കും. 
 
ക്യാമ്പിലെത്തിയ ഹാജിമാരെ ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ല്യാര്‍, ജില്ലാ കലക്ടര്‍ കെ.ബിജു എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. വൈകീട്ട് 4.05നുള്ള രണ്ടാമത്തെ വിമാനത്തില്‍ 300 പേരും പുറപ്പെടും. ഒക്‌ടോബര്‍ 9വരെ 29 സര്‍വ്വീസുകളാണ് സഊദി എയര്‍ലൈന്‍സ് നടത്തുക. 
 
ഹാജിമാരെ യാത്രയാക്കാന്‍ വരുന്നവര്‍ക്ക് ഹജ്ജ് ഹൗസിന്റെ മുറ്റത്ത് വിശാലമായ പന്തല്‍ ഒരുക്കിയിട്ടുണ്ട്. ഹാജിമാര്‍ക്ക് ക്യാമ്പിലും വിമാനത്താവളത്തിലും വളണ്ടിയര്‍മാരുടെ സേവനം ലഭിക്കും. 200വളണ്ടിയര്‍മാരെ ഹജ്ജ് കമ്മിറ്റി നിയമിച്ചു. ഇവര്‍ ഇന്നലെ മുതല്‍ സേവനം ആരംഭിച്ചു.
 
ഹാജിമാര്‍ ക്യാമ്പിലെത്തിയാല്‍ ലഗേജ് സഊദി എയര്‍ലൈന്‍സിന്റെ കൗണ്ടറില്‍ ഏല്‍പ്പിച്ച് സ്ലിപ്പ് വാങ്ങണം. ക്യാമ്പിലേക്കുള്ള താല്‍ക്കാലിക ബാഡ്ജും ഇതിനോട്‌ചേര്‍ന്നുള്ള കൗണ്ടറില്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കും, അതത് കവറുകളിലെ തലവന്‍ ഹജ്ജ് സെല്ലില്‍ എത്തി യാത്രാരേഖകള്‍ കൈപ്പറ്റണം. തുടര്‍ന്ന് സഊദിയില്‍ ചെലവിനുള്ള 2100 റിയാല്‍ വീതം ബാങ്കിന്റെ കൗണ്ടറില്‍ നിന്നു കൈപ്പറ്റണം. 
 
പ്രാര്‍ത്ഥന ഹാളില്‍ എല്ലാദിവസങ്ങളിലും ക്ലാസുകളും വേണ്ട നിര്‍ദേശങ്ങളും നല്‍കും. രാവിലെ 9.05നുള്ള വിമാനത്തില്‍ പുറപ്പെടേണ്ടവര്‍ തലേ ദിവസം ആറിനും എട്ടിനുമിടയില്‍ ക്യാമ്പില്‍ എത്തണം.
 
തീര്‍ത്ഥാടകര്‍ക്കുള്ള കുടിവെള്ളം പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ വകനല്‍കി. പതിനായിരം ലിറ്റര്‍ വെള്ളം ക്യാമ്പില്‍എത്തിയിട്ടുണ്ട്. ക്യാമ്പും വിമാനത്താവളവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി ടെര്‍മിനല്‍ മാനേജര്‍ സി.ഷിബുവിനെ നോഡല്‍ഓഫീസറായി നിയമിച്ചതായി എയര്‍പോര്‍ട് ഡയറക്ടര്‍ പീറ്റര്‍ കെ.എബ്രഹാം അറിയിച്ചു.

Search site