ഹലാല്‍ മാംസത്തില്‍ പന്നി ഘടകം; ബ്രിട്ടനിലെ മുസ്‌ലിംകള്‍ക്ക് മുന്നറിയിപ്പ്

ഹലാല്‍ അടയാളപ്പെടുത്തിയ മാംസവിഭവങ്ങളില്‍ പന്നിയിറച്ചിയുടെ ഘടകങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബ്രിട്ടനില്‍ വിവാദം. ഹലാല്‍ ഫുഡ് അതോറിറ്റി (എച്ച്.എഫ്.എ) സര്‍ട്ടിഫിക്കറ്റ് ഉള്ള ഭക്ഷണ വിഭവങ്ങള്‍ വാങ്ങുന്നത് തല്‍ക്കാലത്തേക്ക് നിര്‍ത്തണമെന്ന് മുസ്‌ലിം ആര്‍ബിട്രേഷന്‍ ട്രൈബ്യൂണല്‍ (മാറ്റ്) വിശ്വാസികളോടാവശ്യപ്പെട്ടു. 
 
പ്രമുഖ മാംസ വിഭവ നിര്‍മാതാക്കളായ മക് കോള്‍ഗന്‍ തയാറാക്കുകയും 3663 ജയിലുകളില്‍ വിതരണം ചെയ്യുകയും ചെയ്ത എച്ച്.എഫ്.എ 'ഹലാല്‍ ' രേഖപ്പെടുത്തിയ ഭക്ഷണത്തിലാണ് പന്നിയുടെ കര്‍ണപടലത്തിന്റെ ഡിഎന്‍എ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് മാറ്റ് മക് കോള്‍ഗനോടും 3663-നോടും വിശദീകരണം തേടി. തങ്ങളുടെ അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ ഹലാല്‍ ഭക്ഷണം വിതരണം ചെയ്യരുതെന്നും ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
 
അന്വേഷണവുമായി സഹകരിക്കുമെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി മാറ്റിന് കത്തയച്ചിട്ടുണ്ടെന്നും മക് കോള്‍ഗന്‍ അറിയിച്ചു.
 
ഹലാല്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന ആരോപണവുമായി മുസ്‌ലിംകള്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് പ്രമുഖ ഭക്ഷണ നിര്‍മാതാക്കളായ മക്‌ഡൊണാള്‍ഡ് അമേരിക്കയില്‍ ഹലാല്‍ വിതരണം നിര്‍ത്തിയിരുന്നു. 70000 ഡോളര്‍ പരാതിക്കാര്‍ക്ക് നല്‍കി കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പിലെത്തുകയായിരുന്നു. മുസ്്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ മാത്രമാണ് മക്‌ഡൊണാള്‍ഡ് ഇപ്പോള്‍ ഹലാല്‍ വിതരണം ചെയ്യുന്നത്.

Search site