സൗഹൃദത്തിന്റെ സ്വാദൊരുക്കി സിദ്ദിഖിന്റെ ഓണം

ഓണം സൗഹൃദത്തിന്റെ ഉത്സവം കൂടിയാണ്. ഒരുമയുടെ പൂവിളിക്കാലം. സിനിമയിലെ സുഹൃത്തുക്കള്‍ക്കായി സ്വന്തം രുചിയിടത്തില്‍ സ്‌നേഹസദ്യ ഒരുക്കിക്കൊണ്ട് ഓണാഘോഷത്തെ വ്യത്യസ്തമാക്കുകയായിരുന്നു നടന്‍ സിദ്ദിഖ്.
 
 എറണാകുളം കാക്കനാട്ടെ സ്വന്തം ഫുഡ് കോര്‍ട്ടായ 'മമ്മ മിയ' യിലായിരുന്നു സിദ്ദിഖ് സുഹൃത്തുക്കള്‍ക്കൊപ്പം ഓണം ആഘോഷിച്ചത്. സ്വാദിന്റെ പുതുരുചികള്‍ സമ്മാനിക്കുന്ന 'മമ്മ മിയ' ഭക്ഷണ പ്രേമികളുടെ സ്വന്തം ഹാങ്ഔട്ട് കേന്ദ്രമാണ്. 
 
 കോഴിക്കോട്ട് ആന്റോ ജോസഫ് നിര്‍മിച്ച് ശരത് ഹരിദാസന്‍ സംവിധാനം ചെയ്യുന്ന 'സലാല മൊബൈല്‍സി'ന്റെ ഷൂട്ടിങ് തിരക്കില്‍ നിന്ന് വീണുകിട്ടിയ ഒരു ദിവസം സുഹൃത്തുക്കളെ ഇവിടേക്ക് ക്ഷണിച്ചു വരുത്തുകയായിരുന്നു സിദ്ദിഖ്. 
 
 കുഞ്ചന്‍ ഭാര്യ ശോഭയ്‌ക്കൊപ്പമാണ് എത്തിയത്. മുത്തുമണി ഭര്‍ത്താവ് അരുണിനൊപ്പവും ബീനാ ആന്റണി ഭര്‍ത്താവ് മനോജിനൊപ്പവും ഓണമാഘോഷിക്കാനെത്തി. തെസ്‌നിഖാന്റെയും കൃഷ്ണപ്രഭയുടെയും കൂടെ അമ്മമാര്‍ വന്നു.എല്ലാവരെയും ഹൃദയപൂര്‍വം സ്വാഗതം ചെയ്യാന്‍ സിദ്ദിഖ് 'മമ്മ മിയ'യുടെ പൂമുഖത്ത് തന്നെയുണ്ടായിരുന്നു. 
 
 പാട്ടുകളോടെയായിരുന്നു തുടക്കം. 'പൂവിളി പൂവിളി പൊന്നോണമായി...' എന്ന പാട്ടോടെ കൃഷ്ണപ്രഭ തുടങ്ങി.
 
 തുടര്‍ന്ന് മനോജിന്റെ ഓണപ്പാട്ട്. 'ഓണവില്ലിന്‍ തംബുരു മീട്ടും വീടാണീ വീട്...'എന്ന പാട്ട് ഗായകന്‍ കൂടിയായ സിദ്ദിഖിന്റെ നേതൃത്വത്തില്‍ എല്ലാവരും ചേര്‍ന്ന് ആലപിച്ചപ്പോള്‍ 'മമ്മ മിയ' ഓണമുറ്റമൊരുങ്ങിയ വീടുപോലെയായി. 
 
 ചിരിയമിട്ടുകളുമായി കുഞ്ചന്‍, കൂട്ടായ്മയ്ക്ക് നിറം പകര്‍ന്നു. മലയാളം പാട്ടുകള്‍ ആഫ്രിക്കന്‍ രീതിയില്‍ പാടിക്കൊണ്ടായിരുന്നു കുഞ്ചന്‍ ചിരിസദ്യ വിളമ്പിയത്. പാട്ടും കളിയും ചിരിയുമായി ആഘോഷം പൊലിക്കുമ്പോള്‍ പങ്കുചേരാന്‍ സീനത്തും അതിഥിയായെത്തി. 
 
 'സ്വാദിന്റെയും ഉത്സവമാണ് ഓണം. അതുകൊണ്ടാണ് ആഘോഷം ഇവിടെയാക്കാമെന്ന് കരുതിയത്' -സിദ്ദിഖ് പറഞ്ഞു. സിനിമയിലെ കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള ഇത്തവണത്തെ ആഘോഷം എന്നും ഓര്‍മയില്‍ തങ്ങിനില്കുമെന്നും അദ്ദേഹം പറഞ്ഞു. 
 
 രാവിലെ തുടങ്ങിയ സൗഹൃദ നിമിഷങ്ങള്‍ ഉച്ചയായതോടെ രുചിയിലേക്ക് വഴിമാറി. 'മമ്മ മിയ'യില്‍ ഓണസദ്യയുടെ മണം നിറഞ്ഞു. തൂശനിലകളൊരുങ്ങി.
 
 ആതിഥേയനായി സിദ്ദിഖ് തന്നെ മുന്നില്‍ നിന്നു. സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചപ്പോള്‍ ഒപ്പമിരുന്നു. ഓണസദ്യയിലും അവരൊന്നായി...

Search site