സൗഹൃദത്തിന്റെ അതിര്‍ത്തികളില്‍ ഇന്ത്യയും സഊദിയും

ഇ. അഹമ്മദ്

എണ്‍പത്തി മൂന്നാമത് ദേശീയ ദിനം ആഘോഷിക്കുന്ന സഊദി അറേബ്യന്‍ സര്‍ക്കാറിനും അവിടുത്തെ ജനതക്കും ഇന്ത്യാ ഗവണ്‍മെന്റിന്റെയും ഇന്ത്യയിലെ ജനങ്ങളുടെയും പേരില്‍ ഹൃദ്യവും സന്തോഷാശ്ലേഷിതവുമായ എല്ലാവിധ ആശംസകളും നേരുന്നു. 
അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ വിശാലമായ ഭൂപ്രദേശത്തെയും അവിടെയുള്ള ജനങ്ങളെയും ഏകീകരിച്ചുകൊണ്ട് 1932ല്‍ സഊദി അറേബ്യയെന്ന രാജ്യത്തിന്റെ സംസ്ഥാപനത്തിന് നേതൃത്വം നല്‍കിയ അബ്ദുല്‍ അസീസ് ബിന്‍ അബ്ദുറഹിമാന്‍ അല്‍ സഊദ് രാജാവില്‍നിന്ന് പ്രചോദനം ഉള്‍കൊണ്ടാണ് നാം ഈ ദിനത്തെ സ്മരിക്കുന്നത്.
 
കടല്‍ കടന്നെത്തിയ വ്യാപാരികളും സഞ്ചാരികളും സംസ്‌കാരവും പാരമ്പര്യവും കൈമാറിയ കാലത്തുനിന്നാണ് സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ഇന്ത്യാ-സഊദി ബന്ധം വികസിച്ചിട്ടുള്ളത്. ഇന്ത്യയിലെയും അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെയും ജനങ്ങള്‍തമ്മില്‍ ചരിത്രത്തിലുടനീളം തുടര്‍ന്നുപോന്ന ബന്ധം 20,21 നൂറ്റാണ്ടുകളില്‍ കൂടുതല്‍ ദൃഢമായതായി കാണാം. 1947ല്‍ ഇന്ത്യാ-സഊദി നയതന്ത്രബന്ധം സ്ഥാപിക്കപ്പെട്ടതു മുതല്‍ ഇരു രാജ്യങ്ങളും നിരന്തര സമ്പര്‍ക്കത്തിലാണ്. രണ്ടു രാജ്യങ്ങളും ഉന്നത തലത്തില്‍തന്നെ ആ സമ്പര്‍ക്കം നിലനിര്‍ത്തുന്നുണ്ട്.
 
ഇന്ത്യയുടെ വിശാലമായ സുഹൃദ് രാജ്യങ്ങളുടെ പട്ടികയില്‍ പ്രഥമ സ്ഥാനത്താണ് സഊദി അറേബ്യ ഉള്ളത്. ഭൂമി ശാസ്ത്രപരമായി അടുത്തുകിടക്കുന്നതും മേഖലയുടെ സുരക്ഷക്കും സുസ്ഥിരതക്കും കാണിക്കുന്ന താല്‍പര്യവും ഊര്‍ജ്ജ സുരക്ഷ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സ്വീകരിക്കുന്ന നിലപാടുകളുടെ സമാനതയും സഊദി അറേബ്യയെ ഇന്ത്യയുടെ സ്വാഭാവിക പങ്കാളിയാക്കി മാറ്റുന്നു. നിലവില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധത്തില്‍ അതീവ സന്തുഷ്ടിയും ശോഭനമായ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷയുമാണ് ഞങ്ങള്‍ക്കുള്ളത്. 
 
രണ്ടു വിശുദ്ധ ഗേഹങ്ങളുടെയും സംരക്ഷകനായ കിങ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് 2006ല്‍ ഇന്ത്യാ സന്ദര്‍ശനത്തിനിടെ നടത്തിയ ഡല്‍ഹി പ്രസ്താവന ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധവും സാമ്പത്തിക സഹകരണവും ആഴത്തില്‍ ഊട്ടിയുറപ്പിക്കുന്നതാണ്. 2010ലെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ സഊദി സന്ദര്‍ശനത്തിനിടെയുണ്ടായ റിയാദ് പ്രഖ്യാപനം രാഷ്ട്രീയ, സുരക്ഷാ, സാമ്പത്തിക വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതായിരുന്നു.
 
രണ്ടു വിശുദ്ധ ഗേഹങ്ങളുടെയും നാട് എന്ന നിലയില്‍ ഇന്ത്യന്‍ ജനതക്കിടയില്‍ സഊദി അറേബ്യക്ക് പ്രത്യേക സ്ഥാനമാണുള്ളത്. ഓരോ വര്‍ഷവും ആയിരക്കണക്കിന് ഇന്ത്യക്കാരാണ് ഹജ്ജ്, ഉംറ കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിന് മക്കയും മദീനയും സന്ദര്‍ശിക്കുന്നത്. വിശുദ്ധ സ്ഥലങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് ഏറ്റവും മികച്ച സൗകര്യം തന്നെ ഒരുക്കുന്ന സഊദി അറേബ്യന്‍ സര്‍ക്കാറിനെ ഇത്തരുണത്തില്‍ അകമഴിഞ്ഞ് അഭിനന്ദിക്കുന്നു.
 
ഇരു രാജ്യങ്ങളുടെയും സാമ്പത്തിക മേഖലയില്‍ നിലനില്‍ക്കുന്ന സമാനതകള്‍ കൊണ്ടുതന്നെ, ശക്തമായ സാമ്പത്തിക, വാണിജ്യ ബന്ധമാണ് ഇന്ത്യയും സഊദിയും തമ്മിലുള്ളത്. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളില്‍ നാലാം സ്ഥാനത്താണ് സഊദി. 
 
ഉഭയകക്ഷി വ്യാപാരത്തില്‍ 18 ശതമാനത്തിന്റെ വര്‍ധനയുണ്ടായ 2012-13 സാമ്പത്തിക വര്‍ഷം 43 ബില്യണ്‍ യു.എസ് ഡോളറിന്റെ ഇടപാടുകളാണ് ഇരു രാജ്യങ്ങളും തമ്മില്‍ നടന്നത്. ഇന്ധന വിതരണത്തിന്റെ 19 ശതമാനവും കൈകാര്യം ചെയ്യുന്ന സഊദി, ഇന്ത്യയുടെ ഊര്‍ജ്ജ വിതരണ രാജ്യങ്ങളിലും നിര്‍ണായക സ്ഥാനത്താണുള്ളത്. 
 
സാമ്പത്തിക വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ ഇരു രാജ്യങ്ങളും സ്വീകരിച്ചു വരികയാണ്. നൂറു ശതമാനം ഉടമസ്ഥാവകാശമുള്ള 426 ഇന്ത്യന്‍ കമ്പനികള്‍ക്കാണ് സംയുക്ത സംരംഭകത്തം അടിസ്ഥാനത്തില്‍ സഊദി അറേബ്യ ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി(എസ്.എ.ജി.ഐ.എ) അനുമതി നല്‍കിയത്. 1.6 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഇതുവഴി ഇന്ത്യക്കാര്‍ സഊദി അറേബ്യയില്‍ നടത്തിയിരിക്കുന്നത്. 
 
ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍, പ്രത്യേകിച്ച് അടിസ്ഥാന സൗകര്യ വികസനം, ഊര്‍ജ്ജ പങ്കാളിത്തം, പെട്രോകെമിക്കല്‍ വ്യവസായം തുടങ്ങിയ മേഖലകളില്‍ വലിയ നിക്ഷേപ സാധ്യതകളാണ് സഊദിക്കു മുന്നില്‍ നിലനില്‍ക്കുന്നത്. 
 
ഇരു രാജ്യങ്ങളിലും നിലനില്‍ക്കുന്ന നിക്ഷേപ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി സ്വകാര്യ സംരംഭകരോട് പ്രധാനമന്ത്രി മന്‍മോഹന്‍ സിങും അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് രാജാവും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ആഹ്വാനം ചെയ്തിരുന്നു. നമ്മുടെ ഉന്നത നേതൃത്വം ഇതിനായി തയാറാക്കിയ മാര്‍ഗരേഖ സുവ്യക്തമാണ്. 
 
വിവര സാങ്കേതിക വിദ്യ, ബഹിരാകാശ ശാസ്ത്രം, അതിര്‍ത്തി സുരക്ഷ, ബയോ ടെക്‌നോളജിയും നാനോ ടെക്‌നോളജിയും ഉള്‍പ്പെടെയുള്ള ജീവശാസ്ത്രം, വിദ്യാഭ്യാസം, ഗവേഷണം, അടിസ്ഥാന സൗകര്യ വികസനം, ഊര്‍ജ്ജ സുരക്ഷ തുടങ്ങിയ മേഖലകള്‍ തിരിച്ചറിഞ്ഞ് നിക്ഷേപം പ്രോത്സാഹിപ്പിക്കാനാണ് രാഷ്ട്ര നേതാക്കള്‍ തയാറാക്കിയ മാര്‍ഗരേഖ നിര്‍ദേശിക്കുന്നത്.
 
സഊദി അറേബ്യയിലെ ഏറ്റവും വലിയ പ്രവാസി സമൂഹം കൂടിയാണ് ഇന്ത്യക്കാര്‍. 28 ലക്ഷം ഇന്ത്യക്കാര്‍, ഇന്ത്യക്കു പുറത്തുള്ള ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശം വെക്കുന്ന സമൂഹമാണിത്. അവരെല്ലാം സഊദി സമ്പദ് വ്യവസ്ഥയില്‍ സജീവ പങ്കാളികള്‍ ആകുകയും ആ രാജ്യത്തിന്റെ വളര്‍ച്ചക്കും പുരോഗതിക്കും വേണ്ടി സംഭാവനകളര്‍പ്പിക്കുകയും ചെയ്യുന്നു. അവരെയെല്ലാം അതിഥികളായി സ്വീകരിക്കുകയും അവരുടെ ക്ഷേമത്തിനു വേണ്ടി പ്രത്യേക ശ്രദ്ധ പതിപ്പിക്കുകയും ചെയ്യുന്ന സഊദി ഗവണ്‍മെന്റിന് എന്റെ രാജ്യത്തിന്റെയും സര്‍ക്കാറിന്റെയും പ്രത്യേക നന്ദി അറിയിക്കുന്നു. 
തൊഴില്‍ വിപണി പരിമിതപ്പെടുത്താനുള്ള സഊദി സര്‍ക്കാറിന്റെ ശ്രമങ്ങള്‍ ആ രാജ്യത്തിന്റെ ആഭ്യന്തര വിഷയമെന്ന നിലയില്‍ എല്ലാ പിന്തുണയും അറിയിക്കുന്നതോടൊപ്പം ഇക്കാര്യത്തില്‍ തിരുഗേഹങ്ങളുടെ സംരക്ഷകരുടെ ഭാഗത്തുനിന്നുണ്ടായ മാനുഷിക സമീപനത്തിന് കൃതജ്ഞത പ്രകടിപ്പിക്കുകയും ചെയ്യുന്നു. സാംസ്‌കാരിക വിനിമയത്തിലും ജനങ്ങളും ജനങ്ങളും തമ്മിലുള്ള ബന്ധത്തിലും സ്ഥായിയായ വളര്‍ച്ചക്കാണ് ഇരു രാജ്യങ്ങളും സാക്ഷ്യം വഹിച്ചു വരുന്നത്. 
 
ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഇന്ത്യ സന്ദര്‍ശിക്കുന്ന സഊദികളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. 2011ല്‍ ഞങ്ങള്‍ ഡല്‍ഹിയില്‍ സഊദി സാംസ്‌കാരിക ദിനാഘോഷം സംഘടിപ്പിക്കുകയും 2012 നവംബറില്‍ റിയാദില്‍ ഒരാഴ്ച നീണ്ടുനിന്ന സാംസ്‌കാരികോത്സവം സംഘടിപ്പിക്കുകയും ചെയ്തു. 2012ല്‍ സഊദി യുവ പ്രതിനിധി സംഘം ഇന്ത്യ സന്ദര്‍ശിക്കുകയും അവരുമായി ആശയ വിനിമയം നടത്തുന്നതിന് ഈ ലേഖകന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭാഗ്യം ലഭിക്കുകയും ചെയ്തു. 
 
ഇന്ത്യയുടെ പല ഭാഗങ്ങളിലും അവര്‍ സന്ദര്‍ശിക്കുകയും ബിസിനസ്, ആരോഗ്യം, ഐ.ടി, രാഷ്ട്രീയം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലുള്ള പ്രമുഖ വ്യക്തിത്വങ്ങളുമായി സംവദിക്കുകയും ചെയ്തു. മൂല്യങ്ങളും താല്‍പര്യങ്ങളും പങ്കുവെക്കുന്നതിലൂടെ ഇന്ത്യയും സഊദി അറേബ്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുകയും തീവ്രമാവുകയും ചെയ്യുന്ന സമയമാണ് വരാനിരിക്കുന്നത് എന്ന കാര്യത്തില്‍ ഒട്ടും സംശയമില്ല. ഇരു രാജ്യങ്ങളുടെയും മാത്രമല്ല, മേഖലയുടെ മൊത്തത്തില്‍തന്നെ ക്ഷേമത്തിനും വികസനത്തിനും ഈ പങ്കാളിത്തം നിമിത്തമായിത്തീരും.

Search site