സൗദിയുടെ 83 മത് ദേശീയ ദിനാഘോഷം 23 ന് ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

സൗദി അറേബ്യയുടെ 83 മത് ദേശീയ ദിനാഘോഷത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സെപ്റ്റംബര്‍ 23 ന് രാജ്യമെങ്ങും വിവിധ പരിപാടികലാണ് സംഘടിപ്പിച്ചിരിക്കുന്നത്. നഗരങ്ങളില്‍ ഹരിതവര്‍ണ പതാകകളും സൗദി ഭരണാധികാരികളുടെ കൂറ്റന്‍ ബാനറുകളും തോരണങ്ങള്‍ കൊണ്ടും കളര്‍ ബള്‍ബുകള്‍കൊണ്ടും അലങ്കരിച്ചിരിക്കുകയാണ് .യുവാക്കള്‍ തങ്ങളുടെ വാഹനങ്ങള്‍ പച്ച നിറം പൂശുന്നതിനുള്ള തിരക്കിലാണ്. സൗദി ഭരണാധികാരി അബ്ദുള്ള രാജാവിന്റെ ഫോട്ടോ പതിച്ച ടീ ഷര്‍ട്ട് ,ബാഡ്ജ് ,കൊടി ,തൊപ്പി എന്നിവയ്ക്ക് നല്ല വില്പനയാണ് വ്യാപാര സ്ഥാപനങ്ങളില്‍ നടക്കുന്നത് . സൗദിയുടെ വിവിധ പ്രവിശ്യകളും ഗവര്‍ണറേറ്ററുകളും പ്രത്യകം പ്രത്യകമായിട്ടാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്. വാഹന റാലി ,സൗദിയുടെ സാംസ്‌കാരിക പരിപാടികള്‍ .പരമ്പരാഗതമായ കലാ പരിപാടികള്‍ ,നൃത്തങ്ങള്‍ ,സംഗീത വിരുന്നുകള്‍ ,ചിത്ര രചനാ പ്രദര്‍ശനങ്ങള്‍ എന്നിവയും ഈ ദിനത്തില്‍ നടക്കും . ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കരി മരുന്ന് പ്രയോഗവും ഉണ്ടാകും .കിഴക്കന്‍ പ്രവിശ്യയില്‍ മാത്രം 82 സ്ഥലങ്ങളിലാണ് ദേശീയ ദിനാഘോഷം സംഘടിപ്പിച്ചിട്ടുള്ളത് .ദമ്മാം കോര്‍നീഷില്‍ കോസ്റ്റ് ഗാര്‍ഡിന്റെ പ്രത്യേക പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട് . റിയാദില്‍ ഇത്തവണ ആദ്യമായിട്ടാണ് കരിമരുന്ന് പ്രയോഗം നടത്തുന്നത് .റിയാദ് കിംഗ് ഫഹദ് ഇന്റര്‍നാഷനല്‍ സ്‌റ്റേഡിയം ,മലസ് കിംഗ് ഫൈസല്‍ സ്‌റ്റേഡിയം ,പ്രിന്‍സ് സുല്‍ത്താന്‍ യുണിവേര്‍സിറ്റി ,കിംഗ് അബ്ദുല്‍ അസീസ് പാര്‍ക്കിന് കിഴക്കുവശം ,റിയാദ് അല്‍ മുഖ്‌ള പാലത്തിന് സമീപത്തുമായിട്ടാണ് ആകാശദീപ കാഴ്ച ഒരുക്കിയിരിക്കുന്നത്. റിയാദില്‍ ആഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികളും നടക്കും. ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് കര്‍ശനമായ സുരക്ഷയാണ് ഇത്തവണയും ഒരുക്കിയിട്ടുള്ളത്.വാഹനാഭ്യാസം നടത്തുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.പരിശോധനക്കായി പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്. സൗദിയില്‍ ഇത്തവണ ദേശീയദിനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും രണ്ടു ദിവസത്തെ അവധി നല്‍കിയിട്ടുണ്ട്. സൗദിയുടെ ദേശീയ ദിനംമലയാളികളുംആഘോഷിക്കാനുള്ള തയാറെടുപ്പിലാണ്. തങ്ങള്‍ക്ക് ജോലി നല്‍കിയ രാജ്യത്തിന് നന്ദി അറിയിച്ചും സൗദി ഭരണാധികാരി അബ്ദുള്ള രാജാവിനോടുള്ള സ്‌നേഹം പ്രകടിപ്പിച്ചും ഫെയിസ് ബൂക്കിലുടെ മത്സരിച്ച് സന്ദേശം അയക്കുന്ന തിരക്കിലാണ് മലയാളികള്‍ . 

Search site