സ്വര്‍ണ്ണക്കടത്ത് : ഫയാസിന്റെ ഫേസ്ബുക്ക്‌ പ്രൊഫൈലില്‍ ജിക്കുമോന്റെ കമന്റ്

സ്ത്രീകളെ ഉപയോഗിച്ച് നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത് നടത്തിയതിന് കസ്റ്റംസ് പിടിയിലായ മാഹി സ്വദേശി ഫയാസ് അബ്ദുള്‍ഖാദറിന്റെ ഫേസ്ബുക്ക്‌ പ്രൊഫൈല്‍ പുറത്തായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസുമായി ഫയാസിന് അടുത്ത ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഫയാസിന്റെ ഉന്നത ബന്ധങ്ങള്‍ വ്യക്തമാക്കുന്ന ഫേസ്ബുക്ക്‌ പ്രൊഫൈലും പുറത്തുവന്നിരിക്കുന്നത്.
 
 
രാഷ്ട്രീയക്കാര്‍ക്ക്‌ പുറമേ നിരവധി സിനിമാ താരങ്ങളും ഫയാസിന്റെ ഫേസ്ബുക്ക്‌ സുഹൃത്തുക്കളാണ്. ഫയാസും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ പെഴ്‌സണല്‍ സ്റ്റാഫ്‌ അംഗം ജിക്കുമോനും അടുത്ത സുഹൃത്തുക്കള്‍ ആണെന്നാണ് ഫയാസിന്റെ ഫേസ്ബുക്ക്‌ പ്രൊഫൈലിലെ ഫോട്ടോകളിലെ കമന്റുകള്‍ സൂചിപ്പിക്കുന്നത്. ഒരു കമന്റില്‍ ജിക്കുമോനെ ഫയാസ്‌ 'സഹോദരാ' എന്നാണ് വിളിക്കുന്നത്‌. മറ്റൊരു ഫോട്ടോയില്‍ 'ഹായ് ഗയ്സ് തകര്‍പ്പന്‍' എന്ന് ജിക്കുമോന്‍ കമന്റ് ചെയ്തിട്ടുണ്ട്. 
 
 
ഒന്നിലധികം ഫോട്ടോകളില്‍ ജിക്കുമോന്‍ കമന്റ് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പെഴ്‌സണല്‍ സ്റ്റാഫ്‌ അംഗമായിരിക്കുന്ന സമയത്ത് തന്നെയാണ് ഈ കമന്റുകളെല്ലാം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ആഡംബര വാഹനങ്ങളോടും, ആഡംബര ജീവിതത്തോടുമുള്ള ഫയാസിന്റെ അമിതാഭിനിവേശം വ്യക്തമാക്കുന്നതാണ് പ്രൊഫൈലില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്ന ഓരോ ചിത്രങ്ങളും‍.

Search site