സ്വതന്ത്ര ഇന്ത്യയിലെ അമ്മയും ഉമ്മയും

വിശേഷ ദിവസങ്ങളുടെയും ആഘോഷങ്ങളുടെയും പൊലിമ കുറഞ്ഞു എന്നതാണ് സാങ്കേതിക വിദ്യാനന്തര കാലത്തെ ഒരു പ്രധാന വിശേഷം. മൊബൈല്‍ഫോണും കമ്പ്യൂട്ടറും ഇന്റര്‍നെറ്റുമെല്ലാം ആളുകളെ താന്താങ്ങളുടേതായ തുരുത്തുകളിലേക്ക് ഒതുക്കി നിര്‍ത്തി. സ്വാര്‍ത്ഥതയുടെ സമവാക്യം 'ഞാനും എന്റെ കെട്ട്യോളും ഞങ്ങടെ തട്ടാനും' എന്നതില്‍ നിന്ന് 'ഞാനും എന്റെ കമ്പ്യൂട്ടറും എന്റെ ഫേസ്ബുക്ക് അക്കൗണ്ടും' എന്നിങ്ങനെയായി. സൗഹൃദം ചാറ്റ്‌ബോക്‌സിലടക്കപ്പെട്ടപ്പോള്‍, എന്നും ഹായ് - ബൈ പറയുകയും ചെയ്യുന്നവര്‍ പോലും നേരില്‍ക്കാണുന്നത് ആണ്ടിനും സംക്രാന്തിക്കുമൊക്കെയായി. വ്യക്തിബന്ധങ്ങളുടെയും കൂട്ടായ്മകളുടെയും അലകും പിടിയും മാറിയെന്നതാണ് അതിന്റെ ഫലം. ആഘോഷങ്ങളും ബാധിക്കപ്പെട്ടത് അങ്ങനെയായിരുന്നു.
 
പണ്ട് ആഘോഷകാലങ്ങളില്‍ അയക്കപ്പെട്ടിരുന്ന സന്ദേശങ്ങളില്‍നിന്ന് മനസ്സിലാക്കാമായിരുന്നു അതിന്റെ ഊഷ്മളത. സ്വയം വരക്കുകയോ വെട്ടിയുണ്ടാക്കുകയോ ചെയ്ത ചിത്രരൂപങ്ങളില്‍, അലംകൃതമായ ആശംസാവരികളില്‍ അതിന് സൗഹൃദത്തിന്റെ ജീവനുണ്ടായിരുന്നു. പില്‍ക്കാലത്ത് ബഹുവര്‍ണത്തില്‍ അച്ചടിക്കപ്പെട്ട ആശംസാ കാര്‍ഡുകള്‍ വിപണിയിലേക്കിറങ്ങി വന്നു. സമയം മെനക്കെടുത്തി അവ തെരഞ്ഞെടുക്കുന്നതിലുമുണ്ടായിരുന്നു സൗഹൃദത്തിന്റെ ആത്മാര്‍ത്ഥത. മൊബൈല്‍ വ്യാപകമായപ്പോള്‍ ആശംസകള്‍ ടെക്‌സ്റ്റ് മെസ്സേജുകളായി യഥേഷ്ടം പാറിപ്പറന്നു തുടങ്ങി. കാലം പോകെപ്പോകെ ടെക്‌സ്റ്റുകള്‍ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളും പിന്നീട് കളര്‍ പോസ്റ്ററുകളായും മാറി. അതോടൊപ്പം ജീവനറ്റ ആശംസകള്‍ ആഘോഷങ്ങളുടെ കൂടപ്പിറപ്പുമായി. 
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളാവട്ടെ, ബര്‍ത്ത്‌ഡേ റിമൈന്‍ഡറുകള്‍ മുന്‍കൂര്‍ സമര്‍പ്പിച്ച് അവയിലെ സന്തോഷാംശത്തിന് റീത്തുവെച്ചു തുടങ്ങി. ഇന്നിപ്പോള്‍ പെരുന്നാളിനും ക്രിസ്മസിനും ഓണത്തിനുമൊന്നും ഫേസ്ബുക്ക് തുറന്നുനോക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. ഫോട്ടോഷോപ്പിലും ഫഌഷിലും കുളിപ്പിച്ചെടുത്ത ചിത്രങ്ങള്‍ ക്ലീഷേ വാചകങ്ങളണിഞ്ഞ് ആശംസാ രൂപത്തില്‍ ചെടിപ്പിച്ചു കൊണ്ടിരിക്കുന്നു.
 
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന് സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ട കൗതുകകരമായ ഒരു ആശംസാ സന്ദേശം, ഉള്ളടക്കത്തിന്റെ പുതുമയാലും തുടര്‍ന്നുണ്ടായ വിവാദത്താലും ശ്രദ്ധേയമായിമാറി. സംഘപരിവാര്‍ ശക്തികള്‍ ഉയര്‍ത്തിപ്പിടിക്കാറുള്ള 'ഭാരത മാതാ' സങ്കല്‍പ്പത്തിന്റെ ചുവടുപിടിച്ച് 'പുലരി' എന്ന പ്രൊഫൈല്‍ നാമം സ്വീകരിച്ച ഫേസ്ബുക്ക് ഉപയോക്താവ് പോസ്റ്റ് ചെയ്ത പോസ്റ്ററായിരുന്നു വിവാദത്തിന്റെ പ്രഭവ കേന്ദ്രം. ഇന്ത്യന്‍ ഭൂപടത്തിന്റെ പശ്ചാത്തലത്തില്‍ സിംഹത്തിനരികില്‍ സര്‍വാഭരണ - കിരീട വിഭൂഷിതയായി ഒരു കയ്യില്‍ ദേശീയ പതാക പിടിച്ച് മറുകൈകൊണ്ട് ആശംസിച്ചുനില്‍ക്കുന്ന സ്ത്രീരൂപത്തിന്റെ ചിത്രമാണല്ലോ നാം കണ്ടുശീലിച്ച 'ഭാരത മാതാ'. പുലരിയുടെ ചിത്രത്തില്‍, ഹിന്ദു മാതാവായ ഭാരതമാതാവിനൊപ്പം കന്യാവസ്ത്രമണിഞ്ഞ ഭാരതമമ്മിയും പര്‍ദ്ദയും നിഖാബുമണിഞ്ഞ ഭാരത ഉമ്മയുമുണ്ടായിരുന്നു. ചിത്രത്തിന് ഇങ്ങനെയൊരു മേല്‍ക്കുറിപ്പും: 'ഇതാണു മക്കളേ, മതസൗഹാര്‍ദം. ഏവര്‍ക്കും ഭാരത അമ്മയുടെയും ഭാരത അമ്മച്ചിയുടെയും ഭാരത ഉമ്മയുടെയും സ്വാതന്ത്ര്യ ദിനാശംസകള്‍'.
 
ബങ്കിംചന്ദ്ര ഛട്ടോപാധ്യായയുടെ 'ആനന്ദമഠം' എന്ന നോവലിലെ വന്ദേമാതരം എന്ന കവിത ഇന്ത്യന്‍ ദേശീയതയുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഭാരതത്തെ അമ്മയായി കാണുന്ന ആനന്ദമഠ സങ്കല്‍പ്പം തങ്ങളുടെ ആശയമായി സ്വീകരിച്ച വര്‍ഗീയ ഹിന്ദുത്വ സംഘടനകള്‍ സൃഷ്ടിച്ച കുഴപ്പങ്ങള്‍ കുറച്ചൊന്നുമല്ല ചരിത്രത്തില്‍. ഇന്ത്യയെ ഒരു ദേവിയായി സങ്കല്‍പ്പിച്ച് അതിനെ പൂജിക്കണമെന്ന ആ ആശയം മുസ്‌ലിംകളും ക്രിസ്ത്യരുമടങ്ങുന്ന ഹൈന്ദവേതര മതസ്ഥര്‍ പൊതുവെ അംഗീകരിക്കാറില്ല. ദേശസ്‌നേഹം എന്നാല്‍ പൂജയോ ആരാധനയോ അല്ലെന്നാണ് അതിനവര്‍ക്കുള്ള വിശദീകരണം. അതേസമയം, 'മാ തുഝേ സലാം, ബാബാ തുഝേ സലാം' എന്ന് വന്ദേമാതരത്തിന് കര്‍ണാനന്ദകരമായ സംഗീതഭാഷ്യം ചമച്ചത് തീവ്ര ഇസ്‌ലാം വിശ്വാസിയായ എ.ആര്‍ റഹ്മാന്‍ ആണെന്നതും ശ്രദ്ധേയം. രാജ്യത്തെ ഉമ്മയും ബാപ്പയുമായിക്കണ്ട സലാം പറയുന്ന റഹ്മാന്‍ ഭാരതമാതാവിനെ സംഘപരിവാര്‍ സങ്കല്‍പ്പങ്ങളില്‍ നിന്ന് മോചിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നു കാണാം.
 
ഇസ്‌ലാമിസ്റ്റ് തീവ്രവാദത്തിന്റെ പേരില്‍ കേരളത്തില്‍ ഏറെ കുഴപ്പങ്ങളുണ്ടാക്കുകയും പിന്നീട് 'സാമൂഹ്യ ജനാധിപത്യ'ത്തിന്റെ പേരില്‍ പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയ പ്രവേശം നടത്തുകയും ചെയ്ത ഒരു സംഘടനയില്‍ അംഗമാണ് ഭാരത ഉമ്മയുടെ പോസ്റ്റര്‍ ഫേസ്ബുക്കിലിട്ട പുലരി. കേരളത്തിലെ സംഘ്പരിവാര സംഘടനകള്‍ തങ്ങളുടെ നിലനില്‍പ്പ് ന്യായീകരിക്കാറുള്ളതും ആശയം പ്രചരിപ്പിക്കാറുള്ളതും മുസ്‌ലിംകളുടെയും ദലിതുകളുടെയും പേരില്‍ പ്രവര്‍ത്തിക്കുന്ന ഈ സംഘടനയെ ചൂണ്ടിക്കാട്ടിയാണ്. മുസ്‌ലിം യുവാക്കളെ തീവ്രവാദ ചിന്താഗതിയിലേക്ക് തള്ളിവിട്ടതിന്റെ പ്രധാന ഉത്തരവാദിത്തം ഈ സംഘടനക്കാണെന്നത് പരസ്യമായ രഹസ്യം.
 
ഓണ്‍ലൈനില്‍ തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുവാനും എതിര്‍ക്കുന്നവരുമായി അങ്കംവെട്ടാനും മുന്‍നിരയിലുള്ള പുലരി, ഭാരത ഉമ്മയെയും ഭാരത അമ്മച്ചിയെയും സൃഷ്ടിച്ചത് തുടക്കത്തില്‍ വലിയ ചലനമൊന്നുമുണ്ടാക്കിയില്ല. രാജ്യത്തെ മാതാവായി അംഗീകരിച്ചതിന് സംഘ്പരിവാര്‍ ചായ്‌വുള്ള ചിലര്‍ ജിപ്ലസ്സില്‍ പുലരിയെ അനുമോദിക്കുകയും ചെയ്തു. എന്നാല്‍, സംഗതി ക്ലിക്കായത് ചില ഹിന്ദുത്വ ഗ്രൂപ്പുകള്‍ ഏറ്റെടുത്തതോടെയാണ്. ഭാരത മാതാവിനെ അവഹേളിക്കുന്നു എന്നാരോപിച്ച് പുലരിയുടെ പോസ്റ്റര്‍ ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു. ചില തീവ്രഹിന്ദുത്വ ഗ്രൂപ്പുകള്‍ അത് ഏറ്റെടുക്കുകയും ചെയ്തതോടെ സംഗതി കൊഴുത്തു. ഈ 'രാജ്യദ്രോഹ' പ്രവര്‍ത്തനത്തിനെതിരെ കേസെടുക്കണമെന്നായി. രോഷപ്രകടനങ്ങളും തെറിവിളികളുമൊക്കെയായി കമന്റുകള്‍ കുന്നുകൂടിയെങ്കിലും ഈ വിഷയം സാമാന്യബുദ്ധിയോടെ കൈകാര്യം ചെയ്യാനും അഭിപ്രായം രേഖപ്പെടുത്താനും ചിലരെങ്കിലുമുണ്ടായി. ഫേസ്ബുക്കിലും ഗൂഗിള്‍ പ്ലസ്സിലും കണ്ട ചില ശ്രദ്ധേയ കമന്റുകള്‍:
 
എന്‍ ജിത്ത്: തീര്‍ച്ചയായും നല്ല ആശയം. അമ്മയുടെ രൂപത്തില്‍ രാഷ്ട്രത്തെ കാണാന്‍ ആവില്ല എന്ന യാഥാസ്ഥിക ഇസ്‌ലാമിസ്റ്റുകളുടെ കാഴ്ചപ്പാടാണ് ഒരിക്കല്‍ രാഷ്ട്രത്തെ പിളര്‍പ്പിലേക്ക് നയിച്ച കാരണങ്ങളില്‍ ചിലത്. സ്വന്തം അമ്മയെ തനിക്കു ഏറ്റവും ഇഷ്ടപ്പെട്ട രൂപത്തില്‍ ആണ് കാണേണ്ടത്. അതുകൊണ്ട് തന്നെ പുലരിയുടെ ദൃഷ്ടിയില്‍ പര്‍ദ്ദ ആവും ആ അമ്മക്ക് ഏറ്റവും ചേരുക. 
 
സൈദ് അമീന്‍: അമ്മ ഉമ്മയായാല്‍ ആകാശം ഇടിയുമോ? ഇവിടെ ഹിന്ദുക്കള്‍ മാത്രമല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നത്. ഇവിടെയുള്ള മുസ്‌ലിംകളും ജീവന്‍ കൊടുത്ത് നേടിയതാണ് ഈ സ്വാതന്ത്ര്യം. അത് എല്ലാവരും ആഘോഷിക്കും. അതിന്റെ കെറുവ് വേണ്ട.
 
ശ്യാംകുമാര്‍ ആര്‍: സാരിയുടുത്ത് കിരീടവും വച്ച ഒരു പടം കാണിച്ച് ഇതാണ് ഭാരതം എന്നു പറയുന്നതില്‍ ഇല്ലാത്ത എന്ത് രാഷ്ട്രനിന്ദയാണ് പര്‍ദയോ കന്യാസ്ത്രീവേഷമോ ഉടുത്ത സ്ത്രീയുടെ ചിത്രത്തില്‍ മാത്രം ഉള്ളത്? ഭാരതമാതാവ് എന്ന ആശയം ഭരണഘടനയോ ഇന്ത്യന്‍ നിയമമോ അംഗീകരിച്ചിട്ടുള്ള ഒന്നല്ല. അതുകൊണ്ടുതന്നെ അതിന്റെ പാരഡി രാഷ്ട്രനിന്ദയും ആകില്ല.
 
കല്‍ക്കി അവതാരം: ഭാരതം അതിന്റെ എല്ലാ മക്കളുടെയും അമ്മയല്ലേ? ശിവകാശിയിലെ ഏതോ കലണ്ടര്‍ ചിത്രകാരന്‍ വരച്ച സാരിയുടുത്ത ഒരു സ്ത്രീരൂപം തന്നെ അതിന് വേണമെന്നെന്തിന് വാശിപിടിക്കണം. ഓരോരുത്തരും സ്വന്തം അമ്മയുടെ ചിത്രം വെച്ചാണ് ഭാരതത്തെ മനസ്സില്‍ കുടിപാര്‍പ്പിക്കേണ്ടത്. അതുകൊണ്ട് ഈ ചിത്രത്തിലെന്തെങ്കിലും ഒരു കുഴപ്പം എനിക്ക് തോന്നുന്നില്ല. കറുത്തതും വെളുത്തതും മൂക്ക് ചപ്പിയതുമായ എല്ലാ ഭാരതസ്ത്രീക്കും ഭാരതാംബയുടെ മാതൃകയാവാന്‍ അവകാശമുണ്ട്. തൊലിവെളുത്ത ആര്യപുത്രിക്ക് മാത്രമല്ല.
 
ഹരി കോവിലകം: എന്ത് രാഷ്ട്ര നിന്ദ? വിശ്വാസത്തിന്റെ, വികാരത്തിന്റെ ഒക്കെ ഭാഗമായി നിങ്ങള്‍ക്ക് സര്‍വാഭരണവിഭൂഷിതയായ ഭാരതാംബയെ പ്രതിഷ്ഠിക്കാന്‍ കഴിയുമെങ്കില്‍ അവര്‍ക്ക് അവരുടെ വിശ്വാസത്തിന്റെ, വികാരത്തിന്റെ ഭാഗമായി പര്‍ദ്ദയിട്ട ഭാരതാംബയെ അവിടെ കല്‍പ്പിക്കുന്നതില്‍ എന്താണ് തെറ്റ്? ഇതൊരു ജനാധിപത്യ രാജ്യമല്ലേ? അങ്ങനെ വിമര്‍ശിക്കണം എങ്കില്‍ ഹിന്ദു മിത്തോളജി വെച്ച് ദേശീയ പതാകയെ അപമാനിക്കുന്ന സ്വയം സേവകരെ നിലയ്ക്ക് നിര്‍ത്തൂ.
 
ശ്രീലാല്‍ വേണുഗോപാല്‍: ഇന്ത്യ മതേതര രാജ്യം അല്ലേ? ഭാരതം അമ്മ ആണെങ്കില്‍ ഉമ്മയായും മമ്മിയായും കാണുന്നതില്‍ എന്താണ് തെറ്റ്? ഭാരതാംബയുടെ ചിത്രം ഭാരതത്തിന്റെ ഔദ്യോഗിക ചിഹ്നം ആയി പ്രഖ്യാപിച്ചിട്ടുണ്ടോ? അമ്മ സാരി ഉടുത്താലും പര്‍ദ്ദയിട്ടാലും എന്താണ് സംഭവിക്കുക? ഭാരതാംബയുടെ ചിത്രം ആര്‍ഷഭാരത സംസ്‌കാരത്തില്‍ നിന്നുണ്ടായതല്ല. വന്ദേമാതരം എന്ന ഗാനത്തിന്റെ ചിത്രാവിഷ്‌ക്കാരമാമ്. ഒരു ഭാവനാ സൃഷ്ടി.
 
രാഹുല്‍ സനല്‍: പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനപാദത്തില്‍ ബക്കിം ചന്ദ്ര ചാറ്റര്‍ജിയുടെ ആനന്ദമഠം എന്ന കുപ്രസിദ്ധ നോവലിനോടനുബന്ധിച്ച് ഉത്തരേന്ത്യയില്‍ പലയിടത്തും വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാവുകയും അതിനെ തുടര്‍ന്ന് ഇന്ത്യയിലെ ഫാസിസ്റ്റ് ചിന്താഗതിക്കാര്‍ 'ഭാരത് മാതാ ' എന്നൊരു പുതിയ പ്രതീകം ഉണ്ടാക്കുകയും ചെയ്തു. അഭനിന്ദ്രനാഥ് എന്നൊരാള്‍ ആദ്യമായി നാല് കൈകള്‍ ഉള്ള ഭാരത്മാതയുടെ ഒരു ചിത്രം വരച്ചു. പച്ച നിറത്തിലുള്ള ഭൂമിയില്‍ നില്‍ക്കുന്ന ഭാരത് മാതയുടെ ചിത്രത്തിന്റെ പശ്ചാതലത്തില്‍ നീലാകാശമായിരുന്നു. ഇന്ന് കാണുന്ന സടയുള്ള സിംഹവും അന്നില്ലായിരുന്നു.
 
ഇന്ത്യാ വിഭജനത്തിനു മുമ്പ് ഹിന്ദു രാഷ്ട്രവാദികള്‍ വ്യാപകമായി ഭാരത് മാതാ എന്ന പുതിയ സങ്കല്പം പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയും മതേതര ഇന്ത്യാ എന്ന ചിന്താഗതിയില്‍ നിന്ന് മാറി ഹിന്ദുരാഷ്ട്രത്തെ ലക്ഷ്യമിടുകയും ചെയ്തു.
 
ഭാരത് മാതാ എന്നത് ഒരു മതസങ്കല്‍പ്പമല്ല. ഹിന്ദു മത വിശ്വാസികളുടെ ഒരു വിശ്വാസവുമായും ഈ സങ്കല്പം ബന്ധപ്പെട്ടു കിടക്കുന്നില്ല. ചിലരുടെ ഭാവനാ സൃഷ്ടിമാത്രം. അതിനാവട്ടെ ഒന്നര നൂറ്റാണ്ടു പഴക്കം പോലുമില്ല. ഭാരത് മാതാ ഒരു ദേശീയ പ്രതീകമാവേണ്ടത് ഇന്ത്യയിലെ ഫാസിസ്റ്റുകളുടെ മാത്രം വികാരമാണ്.അത് വിശ്വാസപരമല്ല താനും.
 
വിവേകത്തിന്റെയും തിരിച്ചറിവിന്റെയും ഭാഷയിലുള്ള ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ക്കിടയിലും മുന്‍തൂക്കം നേടിയത് തീവ്ര ചിന്താഗതിക്കാരുടെ പരസ്പരമുള്ള തെറിവിളികളും മറുവിളികളുമാണെന്നത് പുതിയ കാലത്തെ സോഷ്യല്‍ മീഡിയയെപ്പറ്റിയുള്ള ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. തീവ്രവാദ പ്രസ്ഥാനങ്ങള്‍ ആസൂത്രിതമായി തങ്ങളുടെ ആള്‍ക്കാരെ ഓണ്‍ലൈന്‍ ഫോറങ്ങളില്‍ കയറ്റിവിടുന്നുണ്ടെന്നതിനുള്ള തെളിവായിരുന്നു അത്. നമ്മുടെ ഓണ്‍ലൈന്‍ ഇടങ്ങളിലെ സൗഹാര്‍ദവും സന്തോഷവും കെടുത്താന്‍ മാത്രമേ അതുപകരിക്കുന്നുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം.

Search site