സ്ത്രീ സുരക്ഷ ആശങ്കാജനകം -പ്രധാനമന്ത്രി

രാജ്യത്തെ സ്ത്രീകളുടെ സുരക്ഷയും സംരക്ഷണവും അന്തസ്സും ആശങ്കയുണര്‍ത്തുന്നതാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. സ്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ടത് രാജ്യത്തെ ഒരോ പൗരന്റെയും ഉത്തരവാദിത്തമാണ്. ഇതിനായി കൂട്ടായ പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സിവില്‍ സര്‍വീസ് ദിനാചരണത്തോട് അനുബന്ധിച്ച് ദല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
 
 ദല്‍ഹിയില്‍ അഞ്ചുവയസ്സുകാരി പീഡനത്തിനിരയായ സംഭവത്തെ അദ്ദേഹം അപലപിച്ചു. സമൂഹത്തിലെ ഈ ധാര്‍മ്മിക അധ:പതനത്തെ തുടച്ചുനീക്കുന്നതിന് യോജിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത ഈ സംഭവം ഓര്‍മ്മിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
 
 സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ രാജ്യം ഏറെ മുന്നോട്ടു പോകാനുണ്ട്. സത്രീപീഡന വിരുദ്ധ പ്രക്ഷോഭങ്ങളെ നേരിടുമ്പോള്‍ അധികൃതര്‍ കൂടുതല്‍ സംയമനം പാലിക്കണം. സ്ത്രീസംരക്ഷണം സംബന്ധിച്ച ബോധവല്‍ക്കരണത്തിന് ഉള്‍പ്പെടെ ദേശീയ മുന്നേറ്റം ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Search site