സോണിയ നാളെ വരും, മറ്റന്നാള്‍ പോകും യുഡിഎഫിലെ വിഴുപ്പ് നാറിക്കൊണ്ടേയിരിക്കും

കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങള്‍ നേരിട്ടു മനസ്‌സിലാക്കാന്‍ കൂടി ലക്ഷ്യമിട്ട് എത്തുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കു മുന്നില്‍ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ നാലു മിനിറ്റു മാത്രം നല്കിയതില്‍ ഘടക കക്ഷി നേതാക്കള്‍ക്ക് അതൃപ്തി.
 
പരാതിയുടെ ഭാണ്ഡവുമായാണ് ഘടക കക്ഷി നേതാക്കളെല്ലാം ഇരിക്കുന്നത്. അവര്‍ക്ക് നാലു മിനിറ്റില്‍ കാര്യങ്ങള്‍ എങ്ങനെ അവതരിപ്പിക്കണമെന്ന് ആര്‍ക്കും ഒരു ധാരണയുമില്ല. മാത്രമല്ല, തങ്ങളെ അവഹേളിക്കാനാണ് അഞ്ചു മിനിറ്റു മാത്രം നല്കിയതെന്നാണ് മിക്കവരുടെയും പരാതി.
 
നേരത്തേ ഡല്‍ഹിയില്‍ കാണാന്‍ സമയം സോണിയ അനുവദിക്കാത്തതിലും യുഡിഎഫ് മുന്നണിയിലെ അംഗ കക്ഷികളെല്ലാം ക്ഷുഭിതരാണ്. അതിനു പിന്നാലെയാണ് നാലു മിനിറ്റു കൊടുത്ത് മാനം കെടുത്തുന്നത്.
 
ഞായറാഴ്ചയാണ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് സോണിയ എത്തുന്നത്. രാജ്ഭവനിലാണ് കൂടിക്കാഴ്ചയ്ക്കു വേദിയൊരുക്കിയിരിക്കുന്നത്. യു.ഡി.എഫിലെ ഘടകകക്ഷി നേതാക്കളെ ഞായറാഴ്ച വൈകിട്ട് ഏഴര മുതലാണ് കാണുന്നത്. ഒറ്റയ്ക്കുകാണേണ്ടവര്‍ക്ക് ഒറ്റയ്ക്കും കൂട്ടായി കാണേണ്ടവര്‍ക്ക് അതിനുള്ള അവസരവും ഉണ്ടാകും. പക്ഷേ, നാലു മിനിറ്റില്‍ കൂടുതല്‍ അനുവദിക്കില്ല.
 
സോണിയ വന്നതുകൊണ്ട് കേരളത്തിലെ പ്രശ്‌നങ്ങളൊന്നും തീരാന്‍ പോകുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കോണ്‍ഗ്രസിന്റെ പതിവു രീതിവച്ച് ഉള്ള പ്രശ്‌നങ്ങളെല്ലാം കുറച്ചുകൂടി കുളമാകാനാണ് സാദ്ധ്യത. കോണ്‍ഗ്രസിലെ തമ്മിലടിയും ഒപ്പം യുഡിഎഫിന്റെ പടലപ്പിണക്കവും കൂടിയാകുമ്പോള്‍ കാര്യങ്ങളാകെ കുഴഞ്ഞുമറിയുമെന്ന് ഉറപ്പാണ്.
 
ലീഗിനും മാണിക്കും ഓരോ സീറ്റു കൂടി പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വേണം. ഇതും കൂടിക്കാഴ്ചാ വേളയില്‍ ഉന്നയിക്കുന്നുണ്ട്. കോണ്‍ഗ്രസിന് ഒരു തരത്തിലും അംഗീകരിക്കാനാവാത്ത കാര്യമാണിത്. ഇതിന്റെ പേരിലും കലഹം മൂക്കുമെന്ന് ഉറപ്പാണ്.
ലീഗിന് കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങളെ ആക്രമിക്കുന്നതിലും പരാതിയുണ്ട്. പ്രതിപക്ഷം പോലും പ്രയോഗിക്കാത്ത വാക്കുകള്‍ ആര്യാടനെ പോലുള്ളവര്‍ തങ്ങള്‍ക്കെതിരെ തൊടുക്കുന്നതില്‍ ലീഗ് അമര്‍ഷമറിയിക്കും. മകനെ മന്ത്രിയാക്കാത്തതുള്‍പ്പെടെയുള്ള വിഷയങ്ങളിലെ അമര്‍ഷം മാണിയും അറിയിക്കുന്നുണ്ട്.
 
ഇത്തരം പ്രശ്‌നങ്ങള്‍ കഴിഞ്ഞു വേണം മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും തമ്മിള്ള കലഹം ശമിപ്പിക്കാന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പുവരെ ഇരുവരും അവരവരുടെ സ്ഥാനങ്ങളില്‍ തുടരുമെന്ന് ഹൈക്കമാന്‍ഡ് നിശ്ചയിച്ചെങ്കിലും ഭരണത്തിലും പാര്‍ട്ടിയിലും ഏകോപനം ഇല്ലാത്തത് വലിയ തലവേദനകള്‍ ഉണ്ടാക്കുന്നുണ്ട്. ഇതൊന്നും പക്ഷേ, സോണിയയുടെ ഒരു വരവില്‍ പരിഹരിക്കപ്പെടാന്‍ പോകുന്നില്ല.
 
ഇനിയുള്ള നാളുകളില്‍ കേരളത്തില്‍ സോണിയയുടെ പ്രതിപുരുഷനായ മുകുള്‍ വാസ്‌നിക് ഷട്ടിലടിച്ചു പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നോക്കും. പക്ഷേ, കോണ്‍ഗ്രസിന്റെ ചിരപുരാതനമായ ശൈലിയില്‍ ചര്‍ച്ച മാത്രം നടക്കും, പ്രശ്‌നം അവിടെത്തന്നെ കിടന്നു പുഴുത്തുനാറുകയും ചെയ്യും.

Search site