സോണിയ എത്തി, ഇനി തിരക്കിട്ട ചര്‍ച്ചകള്‍

സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും ഒരുപിടി പ്രധാനപരിപാടികള്‍ക്ക് തുടക്കമിടാനായി സോണിയാഗാന്ധി ഞായറാഴ്ച തിരുവനന്തപുരത്തെത്തി. ഉച്ചയ്ക്ക് മൂന്നരയ്ക്ക് വ്യോമസേനയുടെ ടെക്‌നിക്കല്‍ ഏരിയയില്‍ സ്വകാര്യവിമാനത്തിലാണ് സോണിയ എത്തിയത്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരുള്‍പ്പടെ കേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ സോണിയയെ സ്വീകരിച്ചു. 
 
ദേശീയ ഉപദേശക കൗണ്‍സിലിന്റെ അധ്യക്ഷയെന്ന നിലയിലാണ് സര്‍ക്കാര്‍ പരിപാടികള്‍ സോണിയ ഉദ്ഘാടനം ചെയ്യുന്നത്. കോണ്‍ഗ്രസ് അധ്യക്ഷയെന്ന പദവിയിലാണ് പാര്‍ട്ടി പരിപാടികള്‍ . സോണിയയുടെ പര്യടനത്തോടെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പരിപാടികളിലേക്ക് കടക്കാനാണ് ഉദ്ദേശിക്കുന്നത്. 
 
സര്‍ക്കാര്‍ പരിപാടിക്ക് സോണിയയെ മുഖ്യാതിഥിയാക്കിയതിനെ ഇടതുപക്ഷം വിമര്‍ശിച്ചിരുന്നുവെങ്കിലും ഭൂരഹിതര്‍ക്ക് മുഴുവന്‍ ഭൂമി നല്‍കുന്നതടക്കമുള്ള സര്‍ക്കാരിന്റെ സ്വപ്നപദ്ധതിക്ക് തിരിതെളിക്കാന്‍ കോണ്‍ഗ്രസിന് സോണിയാഗാന്ധിക്ക് പകരമായി മറ്റാരെയും ചിന്തിക്കാനാകില്ലെന്നതാണ് സത്യം. 
 
 
 
നെയ്യാര്‍ ഡാമില്‍ രാജീവ് ഗാന്ധി സ്റ്റഡീസ് ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ പുതിയ കെട്ടിട സമുച്ചയം സോണിയ ഉദ്ഘാടനം ചെയ്തു. സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും നയപരമായ വിഷയങ്ങളിലുള്ള ഗവേഷണ പഠനങ്ങള്‍ക്കായും സ്ഥാപിച്ച സെന്റര്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന ഘടകങ്ങളില്‍ ആദ്യത്തേതാണ്. അഞ്ചേക്കര്‍ സ്ഥലത്ത് സ്ഥാപിച്ച ഈ സെന്റര്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പരിശീലനത്തിനും ഉപകരിക്കും. 
 
ഞായറാഴ്ച വൈകിട്ട് രാജ്ഭവനില്‍ കോണ്‍ഗ്രസിന്റെയും യു.ഡി.എഫിലെ കക്ഷിനേതാക്കളെയും സോണിയ കാണും. കെ.പി.സി.സി. ഭാരവാഹികള്‍ കൂട്ടമായാണ് പാര്‍ട്ടി അധ്യക്ഷയെ കാണുന്നത്. ഘടകകക്ഷി നേതാക്കള്‍ പ്രത്യേകമായും. കോണ്‍ഗ്രസും ലീഗുമായി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഈ ചര്‍ച്ചയ്ക്ക് പ്രാധാന്യമുണ്ട്. ലീഗും കേരളാ കോണ്‍ഗ്രസും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഓരോ സീറ്റ്കൂടി വേണമെന്ന ആവശ്യക്കാരാണ്. കേരളാ കോണ്‍ഗ്രസിന്റെ മനസ്സില്‍ കേന്ദ്രമന്ത്രിസ്ഥാനമെന്ന ആവശ്യവുമുണ്ട്. 
 
തിങ്കളാഴ്ച സംസ്ഥാനത്തെ മുഴുവന്‍ ഭുരഹിതര്‍ക്കും മൂന്ന് സെന്റ് ഭൂമി വീതം നല്‍കുന്ന ഭൂരഹിത കേരളം പദ്ധതിയുടെ ഉദ്ഘാടനമാണ്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ 11.45 നാണ് ചടങ്ങ്. 12.45 ന് ആക്കുളം ദക്ഷിണ വ്യോമ കമാന്‍ഡിന് സമീപം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ രണ്ടാം കാമ്പസിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കും. 1.40 ന് പ്രത്യേക വിമാനത്തില്‍ മൈസൂറിലേക്ക് പോകും. 
 
അടുത്ത സമയത്ത് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്നതിനാല്‍ എ.കെ. ആന്റണി ഈ പര്യടനത്തില്‍ സോണിയയെ അനുഗമിച്ചില്ല. സോണിയയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് യു.ഡി.എഫിലും കോണ്‍ഗ്രസിലും നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് താത്കാലികമായെങ്കിലും പരിഹാരം ഉണ്ടാകുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.

Search site