സേനയ്ക്കുള്ള സ്‌ഫോടക വസ്തുക്കളുമായി പോയ ലോറി പാണമ്പ്ര വളവില്‍ കുടുങ്ങി

ദേശീയപാതയിലെ പാണമ്പ്ര വളവില്‍ സേനാ ആവശ്യങ്ങള്‍ക്കുള്ള സ്‌ഫോടക വസ്തുക്കളുമായി പോകുകയായിരുന്ന ലോറി കുടുങ്ങി. 
 ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. കൊച്ചിയില്‍ നിന്ന് മുംബൈയിലേക്ക് പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ള സ്‌ഫോടക വസ്തുക്കളുമായി പോകുകയായിരുന്ന ഏഴ് ലോറികളിലൊന്നിനാണ് യന്ത്രത്തകരാര്‍ സംഭവിച്ചത്. 
 പാണമ്പ്രയിലെ വളവും കയറ്റവുമുള്ള ഭാഗത്ത് നിന്ന് ലോറി പിന്നോട്ടിറങ്ങി റോഡിന് കുറുകെ നിന്നു. അല്പംകൂടി പിന്നോട്ടു പോയിരുന്നെങ്കില്‍ റോഡില്‍ നിന്ന് താഴേക്ക് പതിക്കുമായിരുന്നു.
 സംഭവത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. 
 ഹൈവേ പോലീസും തേഞ്ഞിപ്പലം പോലീസും സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. മെക്കാനിക്കെത്തി തകരാര്‍ തീര്‍ത്ത് ഏഴുമണിയോടെ ലോറി യാത്ര തുടര്‍ന്നു.

Search site