സൂപ്പര്‍ കിങ്‌സ് സെമിയില്‍

ഓസ്‌ട്രേലിയന്‍ ടീം ബ്രിസ്‌ബേന്‍ ഹീറ്റിനെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ് ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 ക്രിക്കറ്റിന്റെ ബി ഗ്രൂപ്പില്‍ നിന്നും സെമിയിലെത്തുന്ന ആദ്യ ടീമായി. കളിച്ച മൂന്നു മത്സരങ്ങളും ജയിച്ച് 12 പോയന്റോടെയാണ് ചെന്നൈ സെമിയിലേക്ക് കുതിച്ചത്. ഹീറ്റ് ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം 25 പന്തുകള്‍ ബാക്കിനില്‌ക്കെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ മറികടന്നു. 48 പന്തില്‍ പുറത്താവാതെ 57 റണ്‍സ് നേടിയ ചെന്നൈ ഓപ്പണര്‍ മൈക്ക് ഹസ്സിയാണ് കളിയിലെ കേമന്‍. സ്‌കോര്‍: ഹീറ്റ് 20 ഓവറില്‍ 7ന് 137; ചെന്നൈ 15.5 ഓവറില്‍ 2ന് 140.
 
 ശനിയാഴ്ച നടന്ന ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ ചാമ്പ്യന്മാരായ ടൈറ്റന്‍സ് എട്ടു വിക്കറ്റിന് ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെ തോല്പിച്ചു. ജയത്തോടെ മൂന്നു കളികളില്‍ എട്ടു പോയന്റുമായി ടൈറ്റന്‍സ് സെമിഫൈനല്‍ പ്രതീക്ഷ സജീവമാക്കി. തോല്‍വിയോടെ ഹൈദരാബദിന്റെ നില പരുങ്ങലിലായി. മൂന്നു കളികളില്‍ നാലു പോയന്റു മാത്രമുള്ള ഹൈദരാബാദ് ഇപ്പോള്‍ നാലാം സ്ഥാനത്താണ്. നാലു പോയന്റുള്ള ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ മികച്ച റണ്‍നിരക്കില്‍ മൂന്നാം സ്ഥാനത്തു നില്ക്കുന്നു.
 
 ട്രിനിഡാഡിന് രണ്ടു കളി ബാക്കിയുണ്ട്. ഹൈദരാബാദ് ഉയര്‍ത്തിയ 146 റണ്‍സ് വിജയലക്ഷ്യം 21 പന്തുകള്‍ ബാക്കിനില്‌ക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടക്കുക വഴി റണ്‍നിരക്ക് ഉയര്‍ത്താനും ടൈറ്റന്‍സിന് കഴിഞ്ഞു. മികച്ച ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ച ടൈറ്റന്‍സ് നായകന്‍ ഹെന്റി ഡാവിഡ്‌സാണ് കളിയിലെ കേമന്‍. 42 പന്തില്‍ നാലു സിക്‌സറും ഏഴു ബൗണ്ടറിയുമുള്‍പ്പെടെ 64 റണ്‍സെടുത്ത ഡാവിഡ്‌സ് നാല് ഓവര്‍ ബൗള്‍ ചെയ്ത് 18 റണ്‍സിന് ഒരു വിക്കറ്റും സ്വന്തമാക്കിയിരുന്നു. സ്‌കോര്‍: ഹൈദരാബാദ് 20 ഓവറില്‍ 7ന് 145; ടൈറ്റന്‍സ് 16.3 ഓവറില്‍ 2ന് 147.
 
 ടോസ് ജയിച്ച ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഡാവിഡ്‌സ് ഹൈദരാബാദിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. തുടക്കത്തില്‍ ആഞ്ഞടിച്ച ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്റെയും (21 പന്തില്‍ 37) പാര്‍ഥിവ് പട്ടേലിന്റെയും (24 പന്തില്‍ 26) വെടിക്കെട്ടില്‍ 6.3 ഓവറില്‍ 62 റണ്‍സ് വാരി. എന്നാല്‍ ഏഴാം ഓവറിലെ മൂന്നാം പന്തില്‍ ധവാന്‍ പുറത്തായതോടെ കളിയുടെ ഗതി മാറി. 
 
 ടോസ് ജയിച്ച് ബ്രിസ്‌ബേനിനെ ബാറ്റിങ്ങിനുവിട്ട ചെന്നൈ നായകന്‍ മഹേന്ദ്രസിങ് ധോനിക്ക് ബൗളര്‍മാര്‍ ആഗ്രഹിച്ച ഫലമാണ് നല്കിയത്. 66 റണ്‍സെടുക്കുമ്പോഴേക്കും ആറു വിക്കറ്റ് നഷ്ടമായി നാണക്കേടിലേക്ക് നീങ്ങിയ ബ്രിസ്‌ബേനിനെ ഏഴാം വിക്കറ്റില്‍ ഹാര്‍ട്‌ലിയും(37) കട്ടിങ്ങും (42 നോട്ടൗട്ട്) ചേര്‍ന്നു നേടിയ 71 റണ്‍സാണ് സാമാന്യം ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. മറുപടി ബാറ്റിങ്ങില്‍ ചെന്നൈയുടെ തുടക്കം പതിയെയായിരുന്നെങ്കിലും മുരളി വിജയ്( 27 പന്തില്‍ 42) താളം കണ്ടെത്തിയതോടെ സ്‌കോറിങ് നിരക്കുയര്‍ന്നു. മുരളിക്കു പകരം വന്ന റെയ്‌നയും(23) ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോനിയും വേഗത്തില്‍ കളിതീര്‍ക്കാനുള്ള വ്യഗ്രതയിലായിരുന്നു. തുടരെ രണ്ടു പ ന്തുകളില്‍ ഫോറും സിക്‌സറുമടിച്ചാണ് ധോനി മത്സരം പൂര്‍ത്തിയാക്കിയത്. ഏഴു ബൗണ്ടറികളോടെ 57 റണ്ണുമായി ഹസ്സി കൂട്ടായി നിന്നു.

Search site