സി.പി.എമ്മും ബി.ജെ.പിയും സഹായസമിതിയുണ്ടാക്കുന്നു: പി.എം സാദിഖലി

മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായത്തെ ചൊല്ലി സി.പി.എമ്മും ബി.ജെ.പിയും സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് മുസ്‌ലിംയൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സാദിഖലി. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ മൗലികാവകാശം ഹനിക്കപ്പെടരുതെന്ന ഉദ്ദേശത്തില്‍ കേരളത്തിലെ മതസംഘടനകള്‍ വിളിച്ച് ചേര്‍ത്ത യോഗമാണ് ഇപ്പോഴത്തെ വിവാദത്തിന് അടിസ്ഥാനം. 
 
ഈ യോഗം വിളിച്ച് ചേര്‍ത്തത് സമസ്ത സെക്രട്ടറി കോട്ടുമല ബാപ്പു മുസ്‌ലിയാരാണ്. പങ്കെടുത്തത് മുസ്‌ലിം സമുദായത്തിലെ വിവിധ മത സംഘടനകളും. എന്നാല്‍ ഇതിന് പിന്നില്‍ ലീഗാണെന്ന് വരുത്തി തീര്‍ക്കാനും രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമാണ് സി.പി.എമ്മും ബി.ജെ.പിയും ശ്രമിക്കുന്നത്. ഇത് വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ അന്തര്‍ നാടകങ്ങളുടെ ഭാഗമാണ്. 
 
ബി.ജെ.പിയും സി.പി.എമ്മും കേരളത്തില്‍ രൂപീകരിക്കാന്‍ പോവുന്ന പരസ്പര സഹായ സമിതിയുടെ ഭാഗമാണിത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിന് പരമാവധി സീറ്റ് കുറക്കുകയാണ് ബി.ജെ.പിയുടെ തന്ത്രം. ഇതിന് കേരളത്തില്‍ സി.പി.എം നേതൃത്വം നല്‍കുന്ന ഇടതുമുന്നണിയെ സഹായിക്കുക എന്നതും ബംഗാളില്‍ മുഖം നഷ്ടപ്പെട്ട സി.പി.എമ്മിന് കേരളത്തില്‍ നാല് സീറ്റുകള്‍ ഒപ്പിച്ചെടുക്കുകയെന്നതും ഇരുകൂട്ടരും തമ്മിലുണ്ടാക്കുന്ന പരസ്പര ധാരണയാണെന്നും സാദിഖലി പറഞ്ഞു.
 
വിവാഹപ്രായത്തിന്റെ പേരില്‍ ലീഗ് താലിബാനിസം നടപ്പാക്കുന്നുവെന്ന് ആദ്യം പ്രസ്താവിച്ചത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരനാണ്. ഇതിനെ പിന്തുണച്ചാണ് അച്യുതാനന്ദനും പിണറായിയും മുസ്‌ലിംലീഗ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്ന് ആരോപിക്കുന്നത്. 
അറബി കല്യാണം, മൈസൂര്‍ കല്യാണം, ശൈശവ വിവാഹം തുടങ്ങിയ ഒരു രീതികളെയും പ്രോത്സാഹിപ്പിക്കരുതെന്നും മാത്രമല്ല തടയപ്പെടണമെന്നുമാണ് മുസ്‌ലിംലീഗിന്റെയും യൂത്ത്‌ലീഗിന്റെയും നിലപാട്. 
 
വിവാഹപ്രായത്തെ ചൊല്ലി പഴയ ഏക സിവില്‍കോഡ് വാദം ശക്തിപ്പെടുത്തുകയെന്നതും ബി ജെ പിയും സി പിഎമ്മും ഒരേപോലെ ആഗ്രഹിക്കുന്നതാണ്. അതിന്റെ പേരില്‍ കേരളത്തില്‍ വര്‍ഗീയ മുതലെടുപ്പ് നടത്താനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും സാദിഖലി കൂട്ടിചേര്‍ത്തു.

Search site