സിലബസ് വെബ്‌സൈറ്റില്‍; കാലിക്കറ്റിലെ അസിസ്റ്റന്റ് പരീക്ഷ ഒക്ടോബര്‍ ആദ്യവാരം

കാലിക്കറ്റ് സര്‍വകലാശാലയില്‍ അസിസ്റ്റന്റ് സ്ഥിരനിയമനത്തിനുള്ള പരീക്ഷ ഒക്ടോബര്‍ ആദ്യവാരത്തിലുണ്ടാകും.

 മൂന്നുവര്‍ഷം മുമ്പ് പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം ഇരുപതിനായിരത്തോളം അപേക്ഷകളാണ് ഈ തസ്തികയിലേക്കായി ലഭിച്ചത്. നിലവില്‍ 217 ഒഴിവുകളുണ്ട്. തിരുവനന്തപുരത്തെ എല്‍.ബി.എസ്സിനാണ് പരീക്ഷാ നടത്തിപ്പിന്റെ ചുമതല.

 ഒക്ടോബര്‍ 10നകം പരീക്ഷ നടത്തണമെന്ന് സര്‍വകലാശാല ആവശ്യപ്പെട്ടിട്ടുണ്ട്. ലാസ്റ്റ് ഗ്രേഡ് സ്‌ക്രീനിങ് പരീക്ഷ, അസിസ്റ്റന്റ് പരീക്ഷ എന്നിവയുടെ ചെലവിലേക്കായി 27 ലക്ഷത്തോളം രൂപ എല്‍.ബി.എസ്സിന് നല്‍കിയിരുന്നു.

 അസിസ്റ്റന്റുമാരുടെ ക്ഷാമംകാരണം പരീക്ഷാഭവനിലെ ജോലികള്‍ പലപ്പോഴും താളംതെറ്റുന്നതായാണ് പരാതി. ജോലിഭാരം ലഘൂകരിക്കാന്‍ കരാറടിസ്ഥാനത്തില്‍ അസിസ്റ്റന്റുമാരെ നിയമിക്കുന്നതിന് 167 പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍നിന്ന് നൂറുപേരെ റൊട്ടേഷന്‍പ്രകാരം നിയമിക്കുന്നതിനുള്ള ഒരുക്കം നടക്കുകയാണ്. പ്രതിമാസം 12,500 രൂപ ശമ്പളത്തിലാണ് നിയമനം.

 ഗണിതം, മെന്റല്‍ എബിലിറ്റി, ജനറല്‍ സയന്‍സ്, കറണ്ട് അഫയേഴ്‌സ്, ഇന്ത്യ, കേരളം, ഭരണഘടന, ജനറല്‍ ഇംഗ്ലീഷ്, മലയാളഭാഷ, വ്യാകരണം, ഐ.ടി. എന്നിവയെല്ലാമാണ് സ്ഥിരനിയമന പരീക്ഷയ്ക്കുള്ള സിലബസ്. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റിലെ ഹോംപേജിലുള്ള വേക്കന്‍സി/ കരിയേഴ്‌സ് എന്ന ലിങ്കില്‍ ലഭ്യമാണ്.

Search site