സിറിയയെച്ചൊല്ലി വീണ്ടും വന്‍ശക്തികളുടെ വടംവലി

* സിറിയയില്‍ രാഷ്ട്രീയമാറ്റം വേണമെന്ന് ഒബാമ 
* യു.എന്‍. റിപ്പോര്‍ട്ട് പക്ഷപാതപരമെന്ന് റഷ്യ 
* യു.എന്‍. സംഘം വീണ്ടും സിറിയയിലേക്ക്
* വിമതസേനയ്‌ക്കെതിരെ തെളിവുമായ് സിറിയ 
 
 രാസായുധാക്രമണം നടന്നു എന്ന ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടിനെച്ചൊല്ലി വന്‍ശക്തികള്‍ വീണ്ടും വടംവലിയില്‍. 
 
രാസായുധങ്ങള്‍ നശിപ്പിക്കാനുള്ള അമേരിക്ക- റഷ്യ- ജനീവ ഉടമ്പടിയോടെ രൂപപ്പെട്ട സമാധാനനില ഏതാനും ദിവസംകൊണ്ട് തകിടംമറിഞ്ഞു. ഇതുസംബന്ധിച്ച് ഐക്യരാഷ്ട്രസഭ രക്ഷാസമിതിയില്‍ അവതരിപ്പിക്കാനുള്ള പ്രമേയത്തിലെ വ്യവസ്ഥകളുടെ പേരിലും 'വീറ്റോ രാജ്യങ്ങള്‍' കടുത്ത ഭിന്നതയിലാണ്. പ്രസിഡന്‍റ് ബാഷര്‍ അല്‍ അസദിനെ അധികാരത്തില്‍ നിലനിര്‍ത്തി രാജ്യത്തെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാനാവില്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമ അഭിപ്രായപ്പെട്ടു. സിറിയയില്‍ രാഷ്ട്രീയമാറ്റം ആത്യന്തികമായി അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
 
രാസായുധാക്രമണത്തിന് കാരണം സിറിയയിലെ വിമതരാണെന്ന റഷ്യന്‍ നിലപാടിനെ അമേരിക്ക നിശിതമായി വിമര്‍ശിച്ചു. റഷ്യന്‍ വിദേശമന്ത്രി സെര്‍ജി ലാവറോവ് ഒഴുക്കിനെതിരെ നീന്തുകയാണെന്ന് അമേരിക്കന്‍ വിദേശകാര്യ വക്താവ് ജെന്നിഫര്‍ സാക്കി കുറ്റപ്പെടുത്തി. രാസായുധാക്രമണത്തിന് പിന്നില്‍ സിറിയന്‍ സര്‍ക്കാറാണെന്നാണ് അന്താരാഷ്ട്ര അഭിപ്രായം. എന്നാല്‍ യാഥാര്‍ഥ്യങ്ങള്‍ക്ക് നേരേ റഷ്യ കണ്ണടയ്ക്കുകയാണെന്ന് സാക്കി പറഞ്ഞു.
 
യു.എന്‍. റിപ്പോര്‍ട്ട് പക്ഷപാതപരവും ഏകപക്ഷീയവും രാഷ്ട്രീയവത്കരിച്ചതുമാണെന്ന് റഷ്യന്‍ വിദേശ ഉപമന്ത്രി സെര്‍ജി റ്യാബ്‌കോവ് അഭിപ്രായപ്പെട്ടു. ആഗസ്ത് 21-ന് ഗൗട്ടയിലുണ്ടായ രാസായുധാക്രമണ സ്ഥലം മാത്രമാണ് യു.എന്‍. സംഘം സന്ദര്‍ശിച്ചത്. അതിന് മുമ്പുള്ള മൂന്ന് ആക്രമണസ്ഥലങ്ങള്‍ സംഘം അവഗണിച്ചു.
 
അതേസമയം, ആക്രമണം നടത്തിയത് വിമതസേനയാണെന്നതിന് വ്യക്തമായ തെളിവുകള്‍ സിറിയ തങ്ങള്‍ക്ക് നല്‍കിയതായി റ്യാബ്‌കോവ് അറിയിച്ചു. എന്നാല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ല.
 
റഷ്യയുടെ പ്രതികരണം ഞെട്ടിക്കുന്നതാണെന്ന് ഫ്രാന്‍സ് അഭിപ്രായപ്പെട്ടു. യു.എന്‍. നിയോഗിച്ച സംഘത്തിന്റെ റിപ്പോര്‍ട്ടിനെ ആര്‍ക്കും ചോദ്യംചെയ്യാനാവില്ലെന്ന് ഫ്രഞ്ച് വിദേശമന്ത്രി ലോറന്‍റ് ഫാബിയസ് പറഞ്ഞു.
 
വിശദമായ അന്വേഷണത്തിന് രാസായുധപരിശോധകര്‍ വീണ്ടും സിറിയയില്‍ എത്തുമെന്ന് യു.എന്‍. അറിയിച്ചിട്ടുണ്ട്. ഭരണകൂടത്തിനും വിമതസേനയ്ക്കുമെതിരെ ഒട്ടേറെ ആരോപണങ്ങളുണ്ട്. തങ്ങളുടെ ദൗത്യം പൂര്‍ത്തിയായിട്ടില്ലെന്ന് ചീഫ് ഇന്‍സ്‌പെക്ടര്‍ ആക്കെ സെല്‍സ്‌ട്രോം അറിയിച്ചു.
 
യു.എന്നില്‍ അവതരിപ്പിക്കേണ്ട പ്രമേയത്തിന്റെ കരട് തയ്യാറാക്കുന്ന തിരക്കിലാണ് ഫ്രാന്‍സും ബ്രിട്ടനും. ഉപരോധത്തിനും സൈനികനടപടിക്കും അധികാരം നല്‍കുന്ന ചാര്‍ട്ടര്‍ ഏഴാം വകുപ്പ് അനുശാസിക്കുന്ന പ്രമേയമാണ് ഫ്രാന്‍സ് തയ്യാറാക്കുന്നത്. എന്നാല്‍ സൈനിക നടപടി ഒരുകാരണവശാലും അനുവദിക്കില്ലെന്ന് റഷ്യ ആവര്‍ത്തിച്ച് വ്യക്തമാക്കി. വീറ്റോ അധികാരമുള്ള രാജ്യങ്ങളുടെ വിദേശമന്ത്രമാരുമായി താന്‍ ചര്‍ച്ചനടത്തുമെന്ന് യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അറിയിച്ചു.

Search site