സിറിയക്കെതിരെ അമേരിക്ക സൈനിക നടപടിയെടുക്കില്ല

സിറിയന്‍ പ്രതിസന്ധിയില്‍ അമേരിക്കയും റഷ്യയും തമ്മില്‍ നടന്ന ചര്‍ച്ച ധാരണയായതിനെ തുടര്‍ന്ന് സിറിയക്കെതിരെ അമേരിക്ക നടപടിയെടുക്കില്ല. ജനീവയില്‍ നടന്ന അമേരിക്ക-റഷ്യ വിദേശകാര്യ സെക്രട്ടറിമാരുടെ ചര്‍ച്ചയിലാണ് ധാരണയായത്.
 
ധാരണ പ്രകാരം സിറിയയിലെ മുഴുവന്‍ രാസായുധങ്ങളും നശിപ്പിക്കും. ഒരാഴ്ച്ചക്കുള്ളില്‍ രാസായുധങ്ങളുടെ വിവരങ്ങള്‍ അടങ്ങിയ രേഖ ഐക്യരാഷ്ട്ര സംഘടനക്ക് കൈമാറണമെന്നും ധാരണകള്‍ തെറ്റിച്ചാല്‍ ആക്രമണമുണ്ടാകുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കി.
 
യു.എസ്-റഷ്യ ചര്‍ച്ചയിലുണ്ടായ ധാരണ നിലവില്‍ വരികയാണെങ്കില്‍ ലോകത്തിന് തന്നെ അത് സുരക്ഷ നല്‍കുമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍കെറി പറഞ്ഞു.
 
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍കെറിയും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവും തമ്മില്‍ കഴിഞ്ഞ മൂന്നു ദിവസമായി സിറിയന്‍ പ്രശ്‌നത്തില്‍ ചര്‍ച്ച നടത്തുകയായിരുന്നു.

Search site