സച്ചിന്‍ വിരമിക്കുന്നു

ക്രീസിലെ ദൈവം പാഡഴിക്കുന്നു. ക്രിക്കറ്റ് ലോകം കണ്ട ഇതിഹാസതാരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ക്രിക്കറ്റിനോട് വിടപറയുന്നു. ഇന്ത്യന്‍ മണ്ണില്‍ തന്റെ ഇരുന്നൂറാം ടെസ്റ്റ് കളിച്ചുകൊണ്ട് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് സച്ചിന്‍ പ്രഖ്യാപിച്ചു. വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലാകും താന്‍ അരങ്ങുവാണ ക്രീസില്‍ സച്ചിനെ അവസാനമായി കാണാനാകുക.
 
 ചാമ്പ്യന്‍സ് ലീഗില്‍ മുംബൈ ഇന്ത്യന്‍ ചാമ്പ്യന്മാരായ ഫൈനല്‍ മത്സരത്തിലൂടെ സച്ചിന്‍ ട്വന്റി 20 ക്രിക്കറ്റിനോട് വിടപറഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് ടെസ്റ്റ് ക്രിക്കറ്റിനോടും വിടപറഞ്ഞുകൊണ്ട് ലോകം കണ്ട മഹനായ ക്രിക്കറ്റര്‍ പാഡഴിക്കുന്നത്. ക്രിക്കറ്റ് കളിക്കാതിരിക്കുന്ന കാലത്തെക്കുറിച്ച് എനിക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നില്ലെന്ന് സച്ചിന്‍ ബി.സി.സി.ഐക്ക് അയച്ച കത്തില്‍ പറയുന്നു. നവംബര്‍ 14 മുതല്‍ 18 വരെയാണ് സച്ചിന്റെ വിടവാങ്ങല്‍ ടെസ്റ്റ് മുംബൈയില്‍ നടക്കുക.
 
 
 
 ബി.സി.സി.ഐക്ക് അയച്ച കത്തിലാണ് സച്ചിന്‍ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. ''ഇന്ത്യക്ക് വേണ്ടി ക്രിക്കറ്റ് കളിക്കുകയെന്നത് എന്നും എന്റെ സ്വപ്‌നമായിരുന്നു. കഴിഞ്ഞ 24 വര്‍ഷമായി ഓരോ ദിവസവും ഞാന്‍ ഈ സ്വപ്‌നത്തിലാണ് ജീവിച്ചിരുന്നത്. ക്രിക്കറ്റ് കളിക്കാതിരിക്കുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല, എന്തുകൊണ്ടെന്നാല്‍ 11 വയസ്സ് മുതല്‍ ഞാന്‍ അതുമാത്രമാണ് ചെയ്തുകൊണ്ടിരുന്നത്. രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് വളരെ വലിയ അംഗീകാരമായി ഞാന്‍ കാണുന്നു. ലോകമെങ്ങളും ഞാന്‍ ക്രിക്കറ്റ് കളിച്ചു. ഇരുന്നൂറാം ടെസ്റ്റ് മത്സരം സ്വന്തം മണ്ണില്‍ കളിക്കാനായി ഞാന്‍ കാത്തിരിക്കുന്നു. അതാകും എന്റെ അവസാന മത്സരവും. കളിനിര്‍ത്താന്‍ സമയമായി എന്ന് മനസ്സ് പറയുന്ന നിമിഷം വരെ ക്രിക്കറ്റ് കളിക്കാന്‍ അനുവദിച്ച ബി.സി.സി.ഐയോട് നന്ദി പറയുന്നു. എെന്ന മനസ്സിലാക്കി ക്ഷമയോടെ പിന്തുണച്ച കുടുംബത്തിനും നന്ദി. എല്ലാത്തിനുമുപരി പ്രാര്‍ഥനയോടും ആശംസകളുമായി എനിക്ക് കരുത്തുപകര്‍ന്നു തന്ന എന്റെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും ഞാന്‍ നന്ദി പറയുന്നു.''
 
 ക്രിക്കറ്റ് ഒരു മതമാണെങ്കില്‍ അതിന്റെ ദൈവമാണ് സച്ചിന്‍ എന്ന വിശേഷണത്തില്‍ സച്ചിന്‍ എന്താണെന്ന് അടങ്ങിയിരിക്കുന്നു. ക്രീസിലെ ഈ ദൈവം പാഡഴിക്കുമ്പോള്‍ ക്രിക്കറ്റിനെ സ്‌നേഹിച്ച ആരാധകസമൂഹത്തിന് അത് വലിയ നഷ്ടവും നിരാശയും വിടവാങ്ങലുമാകുന്നു. അനിവാര്യമായ ഈ വിടവാങ്ങല്‍ എപ്പോഴായിരിക്കും എന്ന ചോദ്യം മാത്രമാണ് അവശേഷിച്ചിരുന്നത്. അത് സച്ചിന്‍ തന്നെ വികാരഭരിതനായി ലോകത്തെ അറിയിച്ചിരിക്കുന്നു. ബൗളര്‍മാര്‍ക്ക് ഇനി ആശ്വസിക്കാം, സച്ചിന്‍ നവംബര്‍ 18ന് ശേഷം ബാറ്റുമായി ക്രീസിലുണ്ടാവില്ല. ദ്രാവിഡിന് പിന്നാലെ സച്ചിനും കളിമതിയാക്കുന്നതോടെ ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു യുഗത്തിനും അന്ത്യമാകുന്നു
 

 നേട്ടങ്ങളുടെ നെറുകയില്‍ ലിറ്റില്‍ മാസ്റ്റര്‍

 
 ക്രിക്കറ്റില്‍ സച്ചിന്‍ കീഴടക്കിയ റെക്കോഡുകള്‍ ഇനിയാര്‍ക്കെങ്കിലും തകര്‍ക്കാന്‍ കഴിയുന്നതിനുമപ്പുറത്താണ്. വണ്‍ഡേ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ 49 സെഞ്ച്വറികള്‍, ടെസ്റ്റില്‍ 51 സെഞ്ച്വറികള്‍! കണ്ണഞ്ചിപ്പിക്കുന്ന ഈ പ്രകടനങ്ങള്‍ക്കിടെ ചില ആപൂര്‍വ്വ നേട്ടങ്ങളും അദ്ദേഹത്തിന്റേത് മാത്രമായി. ഏകദിന ക്രിക്കറ്റില്‍ 150 വിക്കറ്റുകളും 15,000 റണ്‍സും; .വണ്‍ഡേ ക്രിക്കറ്റില്‍ ബൗണ്ടറികളില്‍ നിന്ന് നേടിയത് 8000ത്തിലധികം റണ്‍സ്. ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന രാജ്യങ്ങള്‍ക്കെല്ലാം എതിരെ സെഞ്ച്വറി ഇങ്ങനെ ഒട്ടേറെ ആപൂര്‍വ്വ റെക്കോഡുകളും സച്ചിന് സ്വന്തമായുണ്ട്. 
 
 ടെസ്റ്റ് ക്രിക്കറ്റില്‍ 198 മാച്ചുകളില്‍ 53.86 ശരാശരിയോടെ 15837 റണ്‍സ്. ഇതില്‍ 51 സെഞ്ച്വറികളും 67 അര്‍ദ്ധ സെഞ്ച്വറികളും. ഏകദിന മത്സരങ്ങളില്‍ 463 മാച്ചുകളില്‍ നിന്നായി 44.83 ശരാശരിയോടെ 18426 റണ്‍സും സച്ചിന്റെ ശേഖരത്തില്‍ ഉണ്ട്. 86.23 ആണ് സ്‌ട്രൈക്ക് റേറ്റ്. ഏകദിന മത്സരങ്ങളില്‍ 49 സെഞ്ചുറികളും 96 അര്‍ദ്ധ സെഞ്ച്വറികളും നേടിയ സച്ചിന്‍ തന്നെയാണ് ഏകദിന ചരിത്രത്തില്‍ ആദ്യമായി ഇരട്ട സെഞ്ച്വറി നേടിയതും. സച്ചിന്റെ മികച്ച പ്രകടനങ്ങള്‍ പലതും ഇന്ത്യന്‍ ടീം 'സച്ചിന്‍' എന്ന ഒറ്റയാള്‍പ്പട്ടാളമായ കാലത്തായിരുന്നു എന്നതാണ് മറ്റൊരു സവിശേഷത. 
 
 ടെസ്റ്റ് ക്രിക്കറ്റില്‍ ബൗളര്‍ എന്ന നിലയില്‍ 198 മാച്ചുകളില്‍ നിന്ന് 45 വിക്കറ്റുകളും ഏകദിനത്തില്‍ 463 മാച്ചുകളില്‍ നിന്ന് 154 വിക്കറ്റുകളും അദ്ദേഹം നേടി. ഏറ്റവുമൊടുവില്‍ ക്രിക്കറ്റിന്റെ ഏറ്റവും പരിഷ്‌ക്കരിച്ച രൂപമായ ട്വന്റി20 മത്സരങ്ങളില്‍ 96 മാച്ചുകള്‍ സച്ചിന്‍ കളിച്ചു. 32.90 റണ്‍സ് ശരാശരിയോടെ 2797 റണ്‍സും ക്രിക്കറ്റിലെ ദൈവം നേടി. കരിയറിന്റെ അവസനകാലത്തും നേടാനായത് 121.08 സ്‌ട്രൈക്ക് റേറ്റ്. കരിയറിന്റെ അവസാനകാലത്തും താന്‍ വികസിപ്പിച്ച പെഡല്‍ സ്വീപ്പും അപ്പര്‍ കട്ടുമെല്ലാം സാങ്കേതികത ചോരാതെ കളിക്കാനും ക്രിക്കറ്റിലെ ദൈവത്തിന് കഴിഞ്ഞു.

Search site