ശ്രീശാന്തിന് കെ.സി.എ.യുടെ പിന്തുണ

ഐ.പി.എല്‍. ഒത്തുകളി കേസ്സില്‍ ആജീവനാന്ത വിലക്ക് നേരിട്ട മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ പിന്തുണ. വിലക്ക് പുനഃപരിശോധിക്കണമെന്ന് കെ.സി.എ. ഭാരവാഹികള്‍ ചെന്നൈയില്‍ ബി.സി.സി.ഐ. നേതൃത്വവുമായി നടത്തിയ അനൗപചാരികമായ ചര്‍ച്ചകളില്‍ ആവശ്യപ്പെട്ടു. പ്രസിഡന്‍റ് ടി.സി. മാത്യുവിന്റെ നേതൃത്വത്തിലാണ് ശ്രമങ്ങള്‍ നടക്കുന്നത്.
 
 ബി.സി.സി.ഐ.യുടെ അംഗസംഘടനയെന്ന നിലയ്ക്ക് ബോര്‍ഡ് കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ അംഗീകരിക്കുകയല്ലാതെ അതിനെതിരെ അപ്പീല്‍ നല്കാന്‍ കെ.സി.എ.യ്ക്കാവില്ലെന്ന് ടി.സി. മാത്യു പറഞ്ഞു. എന്നാല്‍, ശ്രീശാന്തിനോട് അനുഭാവമുണ്ട്. വിലക്ക് നീക്കിക്കിട്ടാന്‍ ശ്രീശാന്ത് നടത്തുന്ന എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കാനാണ് കെ.സി.എ.യുടെ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, വിലക്ക് സംബന്ധിച്ച് ശ്രീശാന്ത് ഇതേവരെ കെ.സി.എ.യുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നും മാത്യു പറഞ്ഞു.
 
 ഒത്തുകളിപോലുള്ള ഗുരുതരമായ കുറ്റങ്ങള്‍ ചെയ്യുന്നത് ആരായാലും ശിക്ഷിക്കപ്പെടണമെന്നുതന്നെയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെയും ബി.സി.സി.ഐ.യുടെയും തീരുമാനം. അതില്‍ മാറ്റമില്ല. ഇത്തരം കുറ്റങ്ങളില്‍ കൈക്കൊണ്ടിട്ടുള്ള തീരുമാനങ്ങള്‍ പുനഃപരിശോധിച്ച ചരിത്രവും ബി.സി.സി.ഐ.യ്ക്കില്ല. മുഹമ്മദ് അസ്ഹറുദീന്റെയൊക്കെ കാര്യത്തിലും തീരുമാനം പുനഃപരിശോധിക്കപ്പെട്ടിട്ടില്ല. മാത്രമല്ല, ഭരണഘടനാപരമായി അധികാരങ്ങളുള്ള അച്ചടക്ക സമിതി കൈക്കൊണ്ട തീരുമാനം പ്രവര്‍ത്തക സമിതിയിലോ ജനറല്‍ ബോഡിയിലോ തിരുത്താന്‍ ബി.സി.സി.ഐ.യ്ക്കും അധികാരമില്ല.
 
 എന്നാല്‍, ശ്രീശാന്തിനെ സഹായിക്കണമെന്നാണ് കെ.സി.എ.യുടെ നിലപാട്. നിയമപരമായി ശ്രീശാന്ത് നടത്തുന്ന എല്ലാ കാര്യങ്ങളിലും കെ.സി.എ. പിന്തുണ നല്കും. ചെന്നൈയില്‍ ബുധനാഴ്ച പ്രത്യേക ജനറല്‍ബോഡി നടക്കുന്ന സാഹചര്യത്തില്‍ ബി.സി.സി.ഐ. അംഗങ്ങളുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. സെക്രട്ടറി ടി.എന്‍. അനന്തനാരായണന്‍, ട്രഷറര്‍ അഡ്വ.ടി.ആര്‍. ബാലകൃഷ്ണന്‍, ജോയന്‍റ് സെക്രട്ടറി ജയേഷ് ജോര്‍ജ് എന്നിവരും ചെന്നൈയില്‍ എത്തിയിരുന്നു. ബുധനാഴ്ച രാത്രിയും ബി.സി.സി.ഐ. നേതൃത്വവുമായി കെ.സി.എ. സംഘം ചര്‍ച്ച നടത്തി.

Search site