ശ്രീശാന്തിന് ആജീവനാന്ത വിലക്ക്...

* അങ്കിത് ചവാനും ആജീവനാന്തം. ചാന്‍ഡിലയുടെ തീരുമാനം പിന്നീട്

ഐ.പി.എല്‍. ഒത്തുകളിക്കേസില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍താരം എസ്. ശ്രീശാന്തിനും അങ്കിത് ചവാനും ബി.സി.സി.ഐ. ആജീവനാന്തവിലക്കേര്‍പ്പെടുത്തി.

 രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍താരം അമിത് സിങ്ങിന് അഞ്ചുവര്‍ഷവും സിദ്ധാര്‍ഥ ത്രിവേദിക്ക് ഒരുവര്‍ഷവും വിലക്കുണ്ട്. വെള്ളിയാഴ്ച ഡല്‍ഹിയില്‍ നടന്ന ബി.സി.സി.ഐ. അച്ചടക്കസമിതിയോഗത്തിലാണ് തീരുമാനം. രാജസ്ഥാന്‍ റോയല്‍സ് താരങ്ങളുമായി ബന്ധപ്പെട്ട ഒത്തുകളിയാരോപണം അന്വേഷിച്ച ബി.സി.സി.ഐ. അഴിമതിവിരുദ്ധസമിതി മേധാവി രവി സവാനിയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി.

 ഒത്തുകളിക്കേസില്‍ ഉള്‍പ്പെട്ട രാജസ്ഥാന്‍ റോയല്‍സ് താരം അജിത് ചാന്‍ഡിലയുടെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും. ആരോപണവിധേയനായ യുവ സ്പിന്നര്‍ ഹര്‍മീത് സിങ്ങിനെ തെളിവില്ലാത്തതിനാല്‍ നടപടിയില്‍ നിന്നൊഴിവാക്കി.

 ഒത്തുകളിക്കേസ്സുമായി ബന്ധപ്പെട്ട് ബി.സി.സി.ഐ. അധ്യക്ഷസ്ഥാനത്തുനിന്ന് മാറിനില്‍ക്കേണ്ടിവന്ന എന്‍. ശ്രീനിവാസന്‍ ഉള്‍പ്പെട്ട സമിതിയാണ് താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ബോര്‍ഡ് വൈസ് പ്രസിഡന്റുമാരായ അരുണ്‍ജെയ്റ്റ്‌ലി, നിരഞ്ജന്‍ ഷാ എന്നിവരും സമിതിയില്‍ അംഗങ്ങളാണ്. സപ്തംബര്‍ 29ന് ചേരുന്ന ജനറല്‍ബോഡി ഈ തീരുമാനങ്ങള്‍ അംഗീകരിക്കേണ്ടതുണ്ട്.

 ഡല്‍ഹി പോലീസ് ശേഖരിച്ച തെളിവുകള്‍ പരിശോധിക്കുകയും കളിക്കാരില്‍നിന്ന് മൊഴിയെടുക്കുകയും ചെയ്തശേഷമാണ് അച്ചടക്ക സമിതിയുടെ തീരുമാനമെന്ന് ബി.സി.സി.ഐ. സെക്രട്ടറി സഞ്ജയ് പട്ടേല്‍ അറിയിച്ചു. വിലക്കുള്ള അത്രയും കാലം ക്രിക്കറ്റ് കളിക്കാനാവില്ല. ബി.സി.സി.ഐയുടെയോ അതുമായി ബന്ധപ്പെട്ട ഘടകങ്ങളുടെയോ പ്രവര്‍ത്തനങ്ങളില്‍ ഒരുതരത്തിലും ബന്ധപ്പെടാനുമാകില്ല.

 മറ്റുകളിക്കാരെക്കൂടി ഒത്തുകളിയിലേക്ക് വലിച്ചിഴച്ചു എന്ന് ആരോപണമുള്ള അജിത് ചാന്‍ഡിലയുടെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്ന് ബി.സി.സി.ഐ. ഉദ്യോഗസ്ഥന്‍ പറഞ്ഞു. തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന ചാന്‍ഡില ജാമ്യത്തിലിറങ്ങിയത് കഴിഞ്ഞദിവസമായതിനാല്‍ ബി.സി.സി.ഐക്ക് മൊഴിയെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ചാന്‍ഡിലയും കുറ്റക്കാരനാണെന്ന് സവാനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍, ചാന്‍ഡിലയുടെ ഭാഗം കൂടി കേട്ടശേഷമേ നടപടി തീരുമാനിക്കൂ.

തകരില്ല; ഞാന്‍ നിരപരാധി - ശ്രീശാന്ത്
 


'ആജീവനാന്ത വിലക്ക് നേരിടേണ്ടിവന്നതില്‍ വിഷമവും വേദനയുമുണ്ടെങ്കിലും ഞാന്‍ തകര്‍ന്നുപോവില്ല. കാരണം ഞാന്‍ നിരപരാധിയാണ്. എനിക്ക് ദൈവത്തിലും സത്യത്തിലും ഉറച്ച വിശ്വാസമുണ്ട്. ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ഇങ്ങനെയുണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതുമല്ല. ഈ തിരിച്ചടിയില്‍നിന്ന് കരകയറാനാവും. സത്യവും നിരപരാധിത്വവും തെളിയിക്കാന്‍ അവസാനംവരെ പൊരുതും' - ശ്രീശാന്ത് മാതൃഭൂമിയോട് പറഞ്ഞു.

 അച്ചടക്ക സമിതിയംഗങ്ങളെല്ലാം നന്നായി സഹകരിച്ചതായി സമിതിക്കു മുമ്പാകെ വെള്ളിയാഴ്ച ഹാജരായശേഷം ശ്രീശാന്ത് പറഞ്ഞു. കുട്ടിക്കാലം മുതല്‍ തന്റെ സ്വപ്നങ്ങളെല്ലാം ഇന്ത്യയ്ക്കുവേണ്ടി കളിക്കുക എന്നതായിരുന്നു. കളിയെ താന്‍ ഒരിക്കലും വഞ്ചിക്കില്ലെന്നും ശ്രീശാന്ത് പറഞ്ഞു.

Search site