ശ്രീലങ്കയിലെ പ്രവിശ്യാതിരഞ്ഞെടുപ്പില്‍ 70 ശതമാനം പോളിങ്

കാല്‍നൂറ്റാണ്ടിനുശേഷം ശ്രീലങ്കയിലെ മൂന്ന് പ്രവിശ്യ കൗണ്‍സിലുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പോളിങ്. തമിഴ് ഭൂരിപക്ഷ മേഖലയായ വടക്കന്‍പ്രവിശ്യയില്‍ 70 ശതമാനത്തിലേറെപ്പേര്‍ വോട്ട് രേഖപ്പെടുത്തി. 906 സ്ഥാനാര്‍ഥികളാണ് 38 അംഗ കൗണ്‍സിലിലേക്ക് മത്സരിക്കുന്നത്.
 
കെ. വിഘ്‌നേശ്വരന്‍ നേതൃത്വം നല്‍കുന്ന തമിഴ് ദേശീയ സഖ്യവും (ടി.എന്‍.എ.) പ്രസിഡന്‍റ് മഹിന്ദ രാജപക്‌സെയുടെ ഐക്യ ജനകീയ സ്വാതന്ത്രസഖ്യവും (യു.പി.എഫ്.എ.) തമ്മിലാണ് പ്രധാന മത്സരം. വടക്കന്‍ പ്രവിശ്യയില്‍ ടി.എന്‍.എ. അനായാസ വിജയം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
ജാഫ്‌നയ്ക്ക് പുറമേ, കിളിനോച്ചി, മന്നാര്‍, മുല്ലത്തീവ്, വാവുനിയ ജില്ലകളാണ് വടക്കന്‍ പ്രവിശ്യയിലുള്ളത്. തമിഴ് വിമോചന സംഘടനയായ എല്‍.ടി.ടി.ഇ.യുടെ നിയന്ത്രണത്തിലായിരുന്ന ഈ മേഖല ആഭ്യന്തരയുദ്ധത്തിന് വിരാമമിട്ട് 2009-ല്‍ ആണ് സൈന്യം പിടിച്ചടക്കിയത്. 
 
സിംഹള ഭൂരിപക്ഷമേഖലയായ വടക്കുപടിഞ്ഞാറന്‍, മധ്യ പ്രവശ്യകളിലും തിരഞ്ഞെടുപ്പ് നടന്നു. ഈമേഖലകളില്‍ അറുപത് ശതമാനത്തില്‍ താഴെ മാത്രമായിരുന്നു പോളിങ്. 40 ലക്ഷം വോട്ടര്‍മാരാണ് മൂന്ന് പ്രവിശ്യകളിലുമായുള്ളത്. 850 കേന്ദ്രങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിന് ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്ന് രണ്ടായിരത്തിലേറെ നിരീക്ഷകര്‍ എത്തിയിരുന്നു.

Search site