ശബ്ദസാങ്കേതിക രംഗത്തെ അതികായന്‍ റേ ഡോള്‍ബി അന്തരിച്ചു

ശബ്ദസാങ്കേതികരംഗത്തെ അതികായനും 'ഡോള്‍ബി' ശബ്ദസംവിധാനത്തിന്റെ ഉപജ്ഞാതാവുമായ റേ ഡോള്‍ബി (80) അന്തരിച്ചു.

 ശബ്ദവുമായി ബന്ധപ്പെട്ട് സിനിമയിലും സംഗീതത്തിലും ഇന്ന് ഉപയോഗിക്കുന്ന മിക്ക സാങ്കേതിക വിദ്യകളുടെയും പിതാവാണ്. വ്യാഴാഴ്ച സാന്‍ഫ്രാന്‍സിസ്‌കോയിലെ വീട്ടിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അള്‍ഷൈമേഴ്‌സ് രോഗബാധിതനായിരുന്ന അദ്ദേഹത്തിന് സമീപകാലത്ത് അര്‍ബുദവും ബാധിച്ചിരുന്നു.

 പ്രശസ്തമായ ഡോള്‍ബി ലബോറട്ടറിയുടെ സ്ഥാപകനാണ്. സിനിമാരംഗത്ത് നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ച് 1989-ല്‍ ഓസ്‌കര്‍ ലഭിച്ചു. ശബ്ദരംഗത്തെ കണ്ടുപിടിത്തങ്ങള്‍ക്ക് അമ്പതിലധികം പേറ്റന്‍റിനും റേ ഡോള്‍ബി ഉടമയാണ്.

 അമേരിക്കയിലെ പോര്‍ട്ട്‌ലാന്‍ഡില്‍ ജനിച്ച ഡോള്‍ബി ശബ്ദവും ദൃശ്യവും റെക്കോഡിങ് മേഖലയിലാണ് ആദ്യം പ്രവര്‍ത്തിച്ചത്. ഈ പരിചയം പ്രശസ്തമായ ആംപെക്‌സ് കോര്‍പ്പറേഷനുവേണ്ടി വീഡിയോടേപ്പ് റെക്കോഡിങ് സംവിധാനം വികസിപ്പിക്കുന്നതിന് സഹായമായി. ഓഡിയോ കാസറ്റ് റെക്കോഡിങ്ങിന് വ്യക്തത വരുത്തുന്നതിന് ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ട്.

 ബ്രിട്ടനിലെ കേംബ്രിജ് സര്‍വകലാശാലയില്‍ നിന്ന് ശബ്ദസാങ്കേതിക രംഗത്ത് ഡോക്ടറേറ്റ് നേടിയ അദ്ദേഹം 1965-ലാണ് ലണ്ടനില്‍ ഡോള്‍ബി ലബോറട്ടറി സ്ഥാപിച്ചത്. സംഗീതരംഗത്തെ പ്രമുഖ പുരസ്‌കാരങ്ങളായ ഗ്രാമി 1995-ലും എമ്മിസ് 1989-ലും 2005-ലും ലഭിച്ചു.

Search site