വ്യാജ പോളിടെക്‌നിക്ക് ഡിപ്ലോമക്ക് എതിരെ മുന്നറിയിപ്പ്

വ്യാജ പോളിടെക്‌നിക്ക് ഡിപ്ലോമ എന്ന പേരില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തുന്ന തട്ടിപ്പിനെതിരെ സാങ്കേതിക വിദ്യാഭ്യാസ ഡയരക്ടറുടെ മുന്നറിയിപ്പ്. ചില സ്വകാര്യ സ്ഥാപനങ്ങള്‍ അംഗീകാരമില്ലാത്ത ഡിപ്ലോമ കോഴ്‌സുകള്‍ നടത്തിവരുന്നതും തെറ്റിദ്ധാരണ ഉളവാക്കുന്ന രീതിയിലുള്ള പരസ്യങ്ങള്‍ വഴി വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.

ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ടതായി നിരവധി പരാതികളും ലഭിച്ചിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ക്കോ കോഴ്‌സുകള്‍ക്കോ കേരള സര്‍ക്കാറിന്റെയൊ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെയോ അംഗീകാരമില്ലാത്തതും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതുമാണെന്ന് ഡയരക്ടര്‍ അറിയിച്ചു.

അംഗീകാരമുള്ള സ്ഥാപനങ്ങളുടെയും കോഴ്‌സുകളുടെയും പൂര്‍ണ്ണ വിവരം ംംം.ുീഹ്യമറാശശൈീി.ീൃഴ, ംംം.ലേസലൃമഹമ.ീൃഴ, ംംം.റലേസലൃമഹമ.ഴീ്.ശി എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. എല്ലാ സര്‍ക്കാര്‍/എയ്ഡഡ്, പോളിടെക്‌നിക് കോളജുകളില്‍ നിന്നും കോഴ്‌സുകളുടെ അംഗീകാരം സംബന്ധിച്ച വിവരം ലഭിക്കും.

സംസ്ഥാനത്തെ ചില സ്വകാര്യസാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ അംഗീകാരം ഉണ്ടെന്ന് മാധ്യമങ്ങളില്‍ വന്‍പരസ്യം നല്‍കിയാണ് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നത്. കമ്പ്യൂട്ടര്‍, മെക്കാനിക്കല്‍. സിവില്‍ ഡിപ്ലോമ കോഴ്‌സുകളാണ് പ്രധാനമായും നടത്തുന്നത്. അന്യസംസ്ഥാനങ്ങളുടെ അംഗീകാരമുണ്ടെന്ന് അവകാശപ്പെടുന്ന സ്ഥാപനങ്ങളുമുണ്ട്.

പ്ലസ് ടു കഴിഞ്ഞവരും കോളജിലോ മറ്റ് പ്രൊഫഷണല്‍ കോഴ്‌സിലോ പ്രവേശനം ലഭിക്കാത്തവരുമാണ് ഇവരുടെ പ്രധാന ഇര. വന്‍തുക ഫീസായി ഈടാക്കുന്ന ഇവര്‍ കോഴ്‌സ് പൂര്‍ത്തിയായാല്‍ ജോലിയും വാഗ്ദാനം ചെയ്യുന്നുണ്ട്. കോഴ്‌സ് കഴിഞ്ഞിറങ്ങുമ്പോഴാണ് വിദ്യാര്‍ത്ഥികള്‍ തട്ടിപ്പ് മനസ്സിലാക്കുന്നത്. ജോലിയുമില്ല കോഴ്‌സിന് അംഗീകാരവുമില്ല. ഫീസായി നല്‍കിയ തുക നഷ്ടവും.

ഇത്തരത്തില്‍ തട്ടിപ്പിനിരയായ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ പരാതികളാണ് സാങ്കേതി വിദ്യാഭ്യാസ ഡയരക്ടര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ ചില പാരാമെഡിക്കല്‍ സ്ഥാപനങ്ങളും അംഗീകാരമുണ്ടെന്ന് വാഗ്ദാനം നല്‍കി തട്ടിപ്പു നടത്തുന്നുണ്ട്. ലബോറട്ടറി ടെക്‌നീഷ്യന്‍, ഫാര്‍മസി തുടങ്ങിയ കോഴ്‌സുകളുടെ പേരിലാണ് തട്ടിപ്പ്. പല സ്ഥാപനങ്ങളും ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന നിലയിലാണ് റജിസ്‌ട്രേഷന്‍ നേടുന്നതെന്നതാണ് വാസ്തവം.

Search site