വെളിയം -ഇടതു രാഷ്ട്രീയത്തിന്‍്റെ സന്തത സഹചാരി

കേരളത്തിന്‍്റെ ഇടതു രാഷ്ട്രീയത്തിലേക്ക് വെളിയം ഭാര്‍ഗവന്‍ എന്ന ആശാന്‍ കടന്നുവന്നത് വിചിത്രമായ വഴിയിലൂടെയായിരുന്നു. സന്യാസത്തില്‍ നിന്ന് വിപ്ളവത്തിലേക്കുള്ള പരകായപ്രവേശമായിരുന്നു അത്. കൊട്ടാരക്കരയിലെ വെളിയം എന്ന ഗ്രാമത്തെ സ്വന്തം പേരിനോട് ചേര്‍ത്ത് കേരളത്തിന്‍്റെ വെളിയം ആയി മാറിയ അദ്ദേഹം ആദര്‍ശ രാഷ്ട്രീയത്തിന്‍്റെ പ്രതീകമായി.
 
 കര്‍ഷകനായ കൃഷ്ണന്‍്റെ മകനായി ജനിച്ച വെളിയം കായിലാ സംസ്കൃത സ്കൂളിലൂടെയായിരുന്നു വിദ്യാഭ്യാസ രംഗത്തേക്ക് കാല്‍ വെച്ചത്. ഇവിടെ നിന്ന് പുറത്തിറങ്ങിയതിനുശേഷം ഒരു വര്‍ഷം കൂടി സംസ്കൃത കോളജില്‍ ചേര്‍ന്ന് പഠിച്ച് ശാസ്ത്രിയായി പുറത്തിറങ്ങി. മുടങ്ങിപ്പോയ സ്കൂള്‍ പഠനം ഇതിനുശേഷമാണ് തിരികെ പിടിച്ചത്. കൊട്ടാരക്കര സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ന്ന് പത്താംതരം വരെ മിടുക്കനായി പഠനം തുടര്‍ന്നു. കൊല്ലം എസ് എന്‍.കോളജ് ആയിരുന്നു അദ്ദേഹത്തിന്‍്റെ ദിശാ മാറ്റത്തിലേക്കു നയിച്ച തട്ടകം.
 
 അതിനുമുമ്പേ തന്നെ പല ആശ്രമങ്ങളിലായി താന്‍ കണ്ട സന്യാസത്തിലെ കാപട്യം കാവി വേഷത്തോട് അദ്ദേഹത്തില്‍ വിരക്തി ഉണ്ടാക്കിയിരുന്നു. എന്നാല്‍, സാത്വികനായ ആ മനുഷ്യനിലെ പരിത്യാഗിയായിരിക്കണം പിന്നീട് അധികാര രാഷ്ട്രീയത്തില്‍നിന്ന് മാറിനില്‍ക്കാന്‍ അദ്ദേഹത്തെ തുണച്ചത്.
 
 വിദ്യാര്‍ഥി ഫെഡറേഷന്‍ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇടതുരാഷ്ട്രീയത്തിലേക്ക് അദ്ദേഹം ചുവടുവെച്ചത്. 1954ല്‍ പട്ടം താണുപിള്ള സര്‍ക്കാറിന്‍്റെ കാലത്ത് ട്രാന്‍സ്പോര്‍ട്ട് സമരത്തില്‍ പങ്കെടുത്ത് പൊലീസിന്‍്റെ ക്രൂര മര്‍ദനത്തിരയായി. ഇരുട്ടത്തിട്ട് ലോക്കപ്പില്‍ ഇട്ട് പൊതിരെ തല്ലിയ പൊലീസ് മീശ പിഴുതെടുത്തു കളഞ്ഞു. പിന്നീട് ഇ.എം.എസ് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ മര്‍ദനത്തിന് നേതൃത്വം നല്‍കിയ എസ്.ഐയെ സസ്പെന്‍റ് ചെയ്യാന്‍ തീരുമാനിച്ചെങ്കിലും അതിനെ എതിര്‍ത്തത് വെളിയം തന്നെയായിരുന്നു.
 
 1964ലെ പിളര്‍പ്പിലും സി.പി.ഐക്കൊപ്പം നിന്നു. പാര്‍ട്ടിയുടെ നിര്‍ബന്ധത്തിന് വഴങ്ങി 1957ലും 60തിലും രണ്ട് തവണ ചടയമംഗലത്തുനിന്നും മല്‍സരിച്ചു. 1967ല്‍ ഐക്യമുന്നണി സംവിധാനം നിലവില്‍വന്നപ്പോള്‍ മുന്നണി രാഷ്ട്രീയത്തിന്‍്റെ കേന്ദ്രങ്ങളിലൊന്നായി. 67ല്‍ പാര്‍ട്ടി സെക്രട്ടറിയേറ്റ് അംഗം, 71ല്‍ ദേശീയ കൗണ്‍സിലിന്‍്റെ അംഗം, മൂന്ന് തവണ അസിസ്റ്റന്‍റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച വെളിയം 98ല്‍ ലാണ് പി.കെ.വിയില്‍നിന്ന് സെക്രട്ടറി പദം ഏറ്റെടുക്കുന്നത്. 2010വരെ നാലു തവണ ആ പദവി അലങ്കരിച്ചു.
 
മികച്ച വാഗ്മിയും പാര്‍ലമെന്‍്റേറിയനുമായി വെളിയം സഭയില്‍ തിളങ്ങി. തോപ്പില്‍ ഭാസി, പുനലൂര്‍ രാജശേഖരന്‍, വെളിയം ഭാര്‍ഗവന്‍ എന്നിവരെ നിയമസഭയിലെ ജിഞ്ചര്‍ ഗ്രൂപ് എന്നാണ് അറിയപ്പെട്ടത്.
 
 സ്വന്തം നേട്ടങ്ങള്‍ക്കപ്പുറത്ത് പാര്‍ട്ടിയെയും മുന്നണിയെയും ശക്തിപ്പെടുത്തുന്നതിലായിരുന്നു അദ്ദേഹത്തിന്‍്റെ ശ്രദ്ധ. കര്‍ക്കശ നിലപാടുകള്‍ ആരുടെ മുന്നിലും തുറന്നു പറയുന്നതിന് മടി കാണിച്ചിരുന്നില്ല. ആദര്‍ശത്തിലൂന്നിയ ഇത്തരം നിലപാടുകള്‍ മുന്നണിക്കകത്ത് പലപ്പോഴും പലരെയും ചൊടിപ്പിച്ചിരുന്നു.
 
 അഴിമതിയുടേയോ, സ്വജനപക്ഷപാതിത്തത്തിന്‍്റെയോ കറ അല്‍പംപോലും പുരളാതെയാണ് അദ്ദേഹം രാഷ്ട്രീയത്തില്‍നിന്നും ജീവിതത്തില്‍നിന്നും വിട വാങ്ങുന്നത്.

Search site