വെറുതെ ഞെട്ടേണ്ട; നോക്കിയ ഫോണുകള്‍ ചുട്ടെടുക്കുകയാണ്

പാവം നോക്കിയ മാനവഹൃദയങ്ങളില്‍ കാലുനീട്ടി ഇരിക്കാനുളള തയാറെടുപ്പിലാണ്. സാംസങ്ങിന്‍റയും ഐഫോണിന്‍റയും ഇന്ത്യന്‍ കമ്പനികളായ മൈക്രോമാക്സിന്‍റയും കാര്‍ബണിന്‍റയും തേരോട്ടത്തിനിടയില്‍ വേരറ്റുകൊണ്ടിരിക്കെ എഴുന്നേറ്റു നില്‍ക്കാനുള്ള തയാറെടുപ്പിലാണ് നോക്കിയ ടീം.
 
അതിന്‍റ ഭാഗമായി ഏറെ സാദാ ഫോണുകളും വിന്‍ഡോസ് ഫോണ്‍ എട്ട് ഓപറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരുപിടി ലൂമിയ ഫോണുകളും അവര്‍ പുറത്തുകാട്ടി. ഇപ്പോള്‍ പ്രീമിയം ഫീച്ചര്‍ ഫോണ്‍ എന്ന വിഭാഗത്തിലേക്കാണ് ആ ഫിന്നിഷ് കണ്ണുകള്‍ ഉറ്റുനോക്കുന്നത്. അതായത് സാദാ ഫോണുകളിലെ അല്‍പം ഉയര്‍ന്ന വിഭാഗം 5000 മുതല്‍ 10000 വരെ വിലയുള്ള ഫോണുകള്‍. ഇതടക്കം ഏഴോളം പുതിയ ഫോണുകളാണ് നോക്കിയയുടെ അണിയറയില്‍ തലപുറത്തുകാട്ടാന്‍ വെമ്പിനില്‍ക്കുന്നത്.
 
സാംസങിനെയും ആപ്പിളിനെയും ഏപ്രില്‍ - ജൂണ്‍ കാലയളവില്‍ തദ്ദേശീയ കമ്പനികള്‍ വില്‍പനയില്‍ പിന്നിലാക്കിയതായി ഐ.ഡി.സി.യുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. നടപ്പു വര്‍ഷത്തെ രണ്ടാംപാദത്തില്‍ തദ്ദേശീയ കമ്പനികള്‍ 460 ലക്ഷം യൂനിറ്റ് സ്മാര്‍ട്ട്ഫോണുകള്‍ വിറ്റപ്പോള്‍ സാംസങും ആപ്പിളും വിറ്റത് 350 ലക്ഷം യൂനിറ്റാണ്.
 
എച്ച്ടിസി, ബ്ളാക്ക്ബറി, നോക്കിയ, സോണി, എല്‍ജി, മോട്ടറോള എന്നീ ആഗോള ബ്രാന്‍ഡുകളെല്ലാംകൂടി ഇതേ കാലയളവില്‍ 100 ലക്ഷം യൂനിറ്റുകളാണത്രെ വിറ്റത്. ചൈനീസ് കമ്പനികളായ ഹ്വാവേ, സെഡ്.ടി.ഇ, ലെനോവ എന്നിവ ചേര്‍ന്ന് 270 ലക്ഷം യൂനിറ്റ് സ്മാര്‍ട്ട്ഫോണുകള്‍ വിറ്റു. ഇന്ത്യയില്‍ മൈക്രോമാക്സ്, കാര്‍ബണ്‍, ലാവ, മാക്സ്, ഇന്‍റക്സ് എന്നിവയാണ് നേട്ടം കൊയ്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മത്സരത്തിനിടെയാണ് നോക്കിയയുടെ പടപ്പുറപ്പാട്.
 
നോക്കിയ 515
 പ്രീമിയം ഫീച്ചര്‍ ഫോണ്‍ വിഭാഗത്തില്‍പെടുന്ന ‘നോക്കിയ 515’ ആണ് ഇനി വരുന്നത്. ആഡംബരവും ക്ളാസിക് രൂപവും ഒത്തൊരുമിക്കുകയാണ് ഇവിടെ. ആനോഡൈസ്ഡ് അലുമിനിയം ശരീരം, ഹാര്‍ഡന്‍ഡ് പോളികാര്‍ബണേറ്റ് റസിന്‍ കീപാഡ് എന്നിവയാണ് ക്ളാസിക് രൂപത്തിനായി നോക്കിയ ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സിംഗിള്‍ സിം, ഇരട്ട സിം വിഭാഗങ്ങളില്‍ ലഭിക്കും. നോക്കിയ സീരീസ് 40 ഓപറേറ്റിങ് സിസ്റ്റമാണ്. 320 x 240 പിക്സല്‍ റസലൂഷനുള്ള 2.4 ഇഞ്ച് ഡിസ്പ്ളേയാണ്. പോറലേല്‍ക്കാത്ത ഗൊറില്ല ഗ്ളാസ്-2 സംരക്ഷണമുണ്ട്. 256 എം.ബി ഇന്‍േറണല്‍ സ്റ്റോറേജ് കാര്‍ഡിട്ട് 32 ജി.ബി വരെയാക്കാം. കറുപ്പ്, വെള്ള നിറങ്ങളില്‍ ലഭിക്കും. ഗ്യാലക്സി, ഐ ഫോണുകളിപ്പോലെ മൈക്രോ സിമ്മാണ് ഇടേണ്ടത്. 38 ദിവസം സ്റ്റാന്‍ഡ്ബൈയും പത്തര മണിക്കൂര്‍ സംസാരസമയവും നല്‍കുന്ന 1200 എം.എ.എച്ച് ബാറ്ററിയാണ്. എല്‍ഇഡി ഫ്ളാഷുള്ള അഞ്ച് മെഗാപിക്സല്‍ പിന്‍ കാമറ, 101.1 ഗ്രാം ഭാരം, 64 എം.ബി റാം, മൈക്രോ യു.എസ്.ബി, ബ്ളൂടൂത്ത് 3.0, മൂന്നര എം.എം ജാക്ക്, ത്രീജി എന്നിവയാണ് പ്രത്യേകതകള്‍. സെപ്റ്റംബറില്‍ വിപണിയില്‍ എത്തുമെന്ന് കരുതുന്ന ഫോണിന് 115 യൂറോ (ഏകദേശം 10,000 രൂപ) വിലവരുമെന്നാണ് കരുതുന്നത്. വൈ ഫൈ സൗകര്യമില്ല.
 
നോക്കിയ ആശ 502, 503
 ആശ പരമ്പരയില്‍പെട്ട 501ന് പിന്നാലെ ആശ 502, 503 എന്നീ ഫോണുകള്‍ കൂടി രംഗത്തിറക്കാന്‍ നോക്കിയ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈവര്‍ഷത്തിന്‍െറ മൂന്നാംപാദത്തിലോ നാലാംപാദത്തിലോ പുറത്തിറങ്ങുമെന്നാണ് സൂചനകള്‍. പോളി കാര്‍ബണേറ്റ് ശരീരമുള്ള ആശ 502ല്‍ പോറലേല്‍ക്കാത്ത 3.5 ഇഞ്ച് ഡിസ്പ്ളേയാണ്. സ്ക്രീന്‍ റസലൂഷനെക്കുറിച്ച് വിവരമില്ല. ഒരു ജിഗാഹെര്‍ട്സ് പ്രോസസര്‍, 512 എം.ബി റാം, ത്രീജി കണക്ടിവിറ്റി, അഞ്ച് മെഗാപിക്സല്‍ കാമറ, നോക്കിയ കാമറ ആപ്ളിക്കേഷന്‍, ഇരട്ട സിം പിന്തുണ എന്നിവയാണ് പ്രതീക്ഷിക്കുന്ന പ്രത്യേകതകള്‍.
 പോളി കാര്‍ബണേറ്റ്, ഗ്ളാസ് രൂപങ്ങളിലാണ് ആശ 503ന്‍െറ പിറവി. 3.5 ഇഞ്ച് ഡിസ്പ്ളേ, ഒരു ജിഗാഹെര്‍ട്സ് പ്രോസസര്‍, 512 എം.ബി റാം, ത്രീജി, ഇരട്ട സിം എന്നിവയാണ് പ്രതീക്ഷിക്കുന്ന സംവിധാനങ്ങള്‍. രണ്ടിന്‍െറയും വിലയെക്കുറിച്ച് സൂചനകള്‍ ലഭ്യമല്ല.
 
നോക്കിയ ലൂമിയ 1520
 41 മെഗാപിക്സല്‍ കാമറയുമായി ഞെട്ടിച്ച ലൂമിയ 1020 പരമ്പരയില്‍പെട്ട ‘ലൂമിയ 1520’ ഫാബ്ലറ്റ് അണിയറയില്‍ ചുട്ടെടുക്കുകയാണെന്നാണ് വിവരങ്ങള്‍. EvLeaks പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് ഫുള്‍ ഹൈ ഡെഫനിഷന്‍ ആറ് ഇഞ്ച് ഡിസ്പ്ളേയായിരിക്കുമെന്നാണ് സൂചന. എങ്കില്‍ ഇത് ആദ്യ ഫുള്‍ എച്ച്.ഡി വിന്‍ഡോസ് ഫോണ്‍ ആയിരിക്കും. പോളി കാര്‍ബണേറ്റ് ബോഡി, 20 മെഗാപിക്സല്‍ പ്യൂര്‍വ്യൂ കാമറ, ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ നാലുകോര്‍ പ്രോസസര്‍ എന്നിവയാണ് മറ്റ് പ്രതീക്ഷിത സൗകര്യങ്ങള്‍.
 
നോക്കിയ ലൂമിയ 825
 നോക്കിയയുടെ ആദ്യ ഫാബ്ലറ്റ് എന്ന വിശേഷണം ശിരസാ വഹിക്കാന്‍ തയാറായി ലൂമിയ 825 ഒരുങ്ങുന്നതായി അഭ്യൂഹങ്ങള്‍ പടരാന്‍ തുടങ്ങിയിട്ട് നാളേറെയായി. സെപ്റ്റംബറില്‍ പുറത്തിറങ്ങുമെന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വിന്‍ഡോസ് ഫോണ്‍ 8 GDR3 അപ്ഡേറ്റിലാവും ലൂമിയ 825 പ്രവര്‍ത്തിക്കുക. ഈ അപ്ഡേറ്റ് മൈക്രോസോഫ്റ്റ് ഉടന്‍ പുറത്തിറക്കും. 5.2 ഇഞ്ച് ഹൈ ഡെഫനിഷന്‍ ഡിസ്പ്ളേ, 1.2 ജിഗാഹെര്‍ട്സ് നാലുകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍ എന്നിവയാണ് സവിശേഷതകള്‍.
 
വിന്‍ഡോസ് ആര്‍ടി ടാബ്ലറ്റ്
 വിന്‍ഡോസ് എട്ട് ഓപറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന വിന്‍ഡോസ് ആര്‍ടി ടാബ്ലറ്റും നോക്കിയയുടെ പണിപ്പുരയിലാണ്. 1080 പി ഫുള്‍ ഹൈ ഡെഫനിഷന്‍ സ്ക്രീന്‍, വിന്‍ഡോസ് 8.1 ഓപറേറ്റിങ് സിസ്റ്റം, 2.15 ജിഗാഹെര്‍ട്സ് ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 800 പ്രോസസര്‍, യു.എസ്.ബി പോര്‍ട്ടുകള്‍, 32 ജി.ബി ഇന്‍േറണല്‍ സ്റ്റോറേജ്, അറ്റാച്ചെബിള്‍ കീബോര്‍ഡ്, സ്റ്റൈലസ് പെന്‍ എന്നിവയാണ് പ്രത്യേകതകള്‍.
 
നോക്കിയ 106
 സാദാ ഫോണുകളുടെ വിഭാഗത്തില്‍പെട്ട സിംഗിള്‍ സിം മോഡലായ ഈ ഫോണില്‍ 128 X160 പിക്സല്‍ റസലൂഷനുള്ള 1.8 ഇഞ്ച് ക്യൂ.വി.ജി.എ. ഡിസ്പ്ളേയാണ്. 500 ഫോണ്‍ നമ്പറുകള്‍ വരെ സൂക്ഷിക്കാം. 32 പോളിഫോണിക് റിങ്ടോണുകള്‍ തെരഞ്ഞെടുക്കാം. സാദാ സിമ്മിന് പകരം മൈക്രോ സിം ഇടണം. ആല്‍ഫ ന്യൂമറിക് കീപാഡ്, എഫ്.എം. റേഡിയോ, 3.5 എം.എം. ഓഡിയോ ജാക്ക് , 74.2 ഗ്രാം ഭാരം, 800 എം.എ.എച്ച്. ബാറ്ററി പത്തുമണിക്കൂര്‍ സംസാരസമയവും 840 മണിക്കൂര്‍ സ്റ്റാന്‍ഡ്ബൈയും തരും. 1400 രൂപക്ക് ചൈനയില്‍ ലഭിക്കും.
 
നോക്കിയ 107
 സ്ക്രീന്‍ വലിപ്പത്തിന്‍റയും റസലൂഷന്‍െറയും കാര്യത്തില്‍ 106ന് തുല്യമാണ് നോക്കിയ 107. ഇരട്ട സിം ഇടാമെന്നതാണ് പ്രധാനവ്യത്യാസം. 16 ജി.ബി. വരെ മെമ്മറി കാര്‍ഡ് ഇടാം.
 12.7 മണിക്കൂര്‍ സംസാരസമയവും 35 ദിവസം സ്റ്റാന്‍ഡ്ബൈയുമുള്ള 1020 എം.എ.എച്ച്. ബാറ്ററിയാണുള്ളത്. 75.8 ഗ്രാം ഭാരം. ചൈനയില്‍ 1625 രൂപയാണ് വില.
 ചൈനീസ് വിപണിയില്‍ ലഭ്യമായ ഇവ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇന്ത്യയടക്കം രാജ്യങ്ങളില്‍ എത്തുമെന്നാണ് അറിവ്.

Search site