വീണ്ടും മഴ ദിനങ്ങള്‍; 16 ലക്ഷത്തിന്റെ കൃഷിനാശം

 ജില്ലയില്‍ മഴ കനക്കുന്നു. ഒരാഴ്ചയായി തുടരുന്ന മഴയില്‍ വ്യാപക കൃഷി നാശവും രേഖപ്പെടുത്തിയിട്ടണ്ട്. 16 ലക്ഷത്തിന്റെ കൃഷിനാശമുണ്ടായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 
 
കനത്ത മഴ ഓണ വിപണിയേയും കാര്യമായി ബാധിച്ചു. ഉത്രാട പാച്ചിലിനിടയിലാണ് മഴ ശക്തമായത്. തുടര്‍ന്ന് ഇതുവരെ മഴക്ക് ശമനമായിട്ടില്ല. വരും ദിവസങ്ങളിലും കൂടുതല്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. ശക്തമായ മഴ ഓണാഘോഷ ഒരുക്കങ്ങളേയും പരിപാടികളെയും പ്രതികൂലമായി ബാധിച്ചു. 
 
പല ക്ലബ്ബുകളും സന്നദ്ധ സംഘടനകളും നടത്താനിരുന്ന പരിപാടികളും മഴ മൂലം ഒഴിവാക്കേണ്ടി വന്നു. പുറത്തിറങ്ങാന്‍ പറ്റാത്ത രീതിയിലുള്ള മഴ ഓണം വിപണിയേയും കാര്യമായി ബാധിച്ചതായി വ്യാപാരികള്‍ പറഞ്ഞു. 
 
ബസ്, ഓട്ടോ തൊഴിലാളികളെയും ഓണനാളിലെ മഴ ബാധിച്ചു. ഓണനാളുകളിലെ തിരക്കില്‍ വീര്‍പ്പുമുട്ടാറുള്ള നഗരങ്ങളെല്ലാം വിജനമായി. ഒരാഴ്ച്ചയായി ഇടതടവില്ലാതെ പെയ്യുന്ന മഴ ജില്ലയെ വീണ്ടും മഴദിനങ്ങളിലേക്കെത്തിച്ചിരിക്കുകയാണ്. പുഴയും തോടുകളുമെല്ലാം വീണ്ടും നിറഞ്ഞു കവിഞ്ഞു. 
 
ജൂണ്‍, ജൂലൈ മാസങ്ങളില്‍ ജില്ലയില്‍ ശക്തമായ മഴ ലഭിച്ചിരുന്നു. കനത്ത മഴയെ തുടര്‍ന്ന് ജില്ലയിലെ സ്‌കൂളുകള്‍ക്കടക്കം വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു. ഓഗസ്റ്റ് മാസത്തില്‍ മഴ പൂര്‍ണമായും മാറി. ഓരാഴ്ചയായി ജില്ലയില്‍ വീണ്ടും ശക്തമായ മഴയാണ്. മലയോര പ്രദേശങ്ങളിലടക്കം ജനങ്ങള്‍ ഭീതിയിലാണ്. 
 
സംസ്ഥാനത്ത് തെക്കന്‍ കേരളത്തിലാണ് ആദ്യം മഴ തുടങ്ങിയത്. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനത്തൊട്ടാകെ നല്ല മഴയാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് 20 ശതമാനം വര്‍ധനവാണിത്.

Search site