വിവാഹ പ്രായം:മുസ്ലീം സംഘടനകളുടെ തീരുമാനത്തെ ചോദ്യം ചെയ്ത് കാന്തപുരം എ.പി വിഭാഗം സമസ്ത

മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹ പ്രായവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുസ്ലീം സംഘടനകളുടെ തീരുമാനത്തെ ചോദ്യം ചെയ്ത് കാന്തപുരം എ.പി വിഭാഗം സമസ്തയും രംഗത്ത് എത്തി. കേരളത്തിലെ മുസ്ലീംങ്ങളുടെ പൊതു തീരുമാനമായി ഏതാനും സംഘടനകളുടെ നിലപാടിനെ അവതരിപ്പിക്കുന്നത് ഭൂഷണമല്ലെന്ന് സമസ്ത മുശാവറ അഭിപ്രായപ്പെട്ടു. ഇത്തരം സംഘടനകളുടെ നിലപാടിന് മതപരവും ശാസ്ത്രീയവും സാമൂഹികമായ പിന്‍ബലമില്ലെന്നും എ പി വിഭാഗം സമസ്ത മുശാവറ യോഗം വിലയിരിത്തി. ഇ കെ വിഭാഗവുമായി കരാര്‍ ഒപ്പിട്ട ലീഗിനെതിരേ എ.പി വിഭാഗം എസ്.വൈ.എസും രംഗത്ത് എത്തി
 
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കൂടി പങ്കെടുത്ത കാന്തപുരം വിഭാഗം സമസ്തയുടെ മുശാവറാ യോഗമാണ് വിവാഹ പ്രായ പരിധി എടുത്തുകളയണമെന്ന 9 മുസ്ലീം സംഘടനകളുടെ നിലപാടിനെ തള്ളിയത്. ഇന്ത്യന്‍ സാഹചര്യത്തില്‍ സമന്വയത്തിലൂടെയാണ് പ്രശ്‌നപരിഹാരം കാണേണ്ടത്. നിര്‍മ്മാ ണാത്മകമായ ചിന്തയും പ്രവര്‍ത്തനവുമാണ് പുരോഗതിക്ക് ആവശ്യം.
 
മുസ്ലീംങ്ങളുടെ മതപരവും സാമൂഹികവുമായി ജീവിതത്തെ കുറിച്ച് വ്യക്തമായ ധാരണകളോ നിലപാടുകളോ ഇല്ലാത്ത സംഘടനകളുടെ തീരുമാനത്തെ കേരളത്തിലെ മുസ്ലീംങ്ങളുടെ പൊതു തീരുമാനമായി അവതരിപ്പിക്കരുത്. ഇത്തരം സംഘടനകള്‍ തങ്ങളുടെ നിലപാടിനെ സമുദായത്തിന്റെ മൊത്തം അഭിപ്രായമായി അവതരിപ്പിക്കുന്നതില്‍ നിന്ന് പിന്മാറണം.
 
വിലകുറഞ്ഞ അഭിപ്രായങ്ങള്‍ മുഖവിലയ്‌ക്കെടുത്ത് പണ്ഡിതന്മാനരേയും സമുദായത്തേയും ആരും തെറ്റിദ്ധരിക്കരുതെന്നും മുശാവറ യോഗം ആവശ്യപ്പെട്ടു. വിവാഹ പ്രായത്തെ കുറിച്ചുള്ള ചില സംഘടനകളുടെ നിലപാട് മതിയായ കൂടിയാലോചന ഇല്ലാതെയാണ്. സമകാലിക ജീവിതത്തെ കുറിച്ചുള്ള മതപരവും സാമൂഹികവും ശാസ്ത്രീയവുമായ നിലപാടുകളെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഉള്‍കൊള്ളുന്നതല്ല ചില മുസ്ലീം സംഘടനകളുടെ നിലപാടെന്നും മുശാവറ കുറ്റപ്പെടുത്തി.
 
അതിനിടെ മുസ്ലീം ലീഗിനെതിരേ കാന്തപുരം വിഭാഗത്തിന്റെ യുവജന വിഭാഗമായ എസ്.വൈ.എസ് രംഗത്ത് എത്തി. ഇ കെ വിഭാഗവുമായി മുസ്ലീം ലീഗ് ഒപ്പിട്ട കരാറിന്റെ വസ്തുതകള്‍ ലീഗ് വിശദീകരിക്കണം. പൊതു ഫ്‌ലാറ്റ്‌ഫോമെന്ന് അവകാശപ്പെടുന്ന ലീഗ് എങ്ങനെ ഒരു വിഭാഗവുമായി കരാര്‍ ഒപ്പിടുമെന്ന് വ്യക്തമാക്കണമെന്നും എസ്.വൈ.എസ്. സംസ്ഥാന കമ്മറ്റി ആവിശ്യപ്പെട്ടു.

Search site