വിവാഹപ്രായം: മുസ്‌ലിം സംഘടനകളുടെ നിലപാടിനെതിരെ എം.എം. ഹസ്സന്‍

പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടാക്കി നിശ്ചയിച്ച നിയമത്തെ കോടതിയില്‍ നേരിടാനുള്ള മുസ്‌ലിം സംഘടനകളുടെ തീരുമാനത്തിനെതിരെ കെ.പി.സി.സി ഉപാധ്യക്ഷന്‍ എം.എം. ഹസ്സന്‍.
 
 മുസ്‌ലിം വ്യക്തിസംരക്ഷണ സമിതിയുടെ തീരുമാനം പുനഃപരിശോധിക്കണം. അതില്‍നിന്ന് പിന്മാറണം. ഇത് സമുദായത്തിന് ഒരുതരത്തിലും ഗുണംചെയ്യില്ല. സമുദായ പുരോഗതിയെ പിറകോട്ടടിക്കാനേ സഹായിക്കൂ - അദ്ദേഹം പറഞ്ഞു. മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
 സമുദായം അടുത്തകാലത്ത്‌നേടിയ പുരോഗതിയുടെ അടിസ്ഥാനം പെണ്‍കുട്ടികള്‍ക്കിടയിലെ വിദ്യാഭ്യാസ മുന്നേറ്റമാണ്. ഈ മുന്നേറ്റം തടയാനുള്ള നീക്കത്തെ അംഗീകരിക്കാനാകില്ലെന്ന മുസ്‌ലിം സ്റ്റുഡന്റ് ഫെഡറേഷന്റെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നതായും ഹസ്സന്‍ പറഞ്ഞു.
 
 മുസ്‌ലിം വ്യക്തിനിയമത്തില്‍ വിവാഹം, വിവാഹ കരാര്‍, വിവാഹമോചനം എന്നിവയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. അതില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം നിര്‍ണയിച്ചിട്ടില്ല എന്നത് ശരിയാണ്. ഈ നിയമം മറയാക്കി ചെറുപ്രായത്തില്‍ പെണ്‍കുട്ടികളെ വില്പനച്ചരക്കാക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ല. ശൈശവ വിവാഹം കുട്ടികളിലുണ്ടാക്കുന്ന ആരോഗ്യപരവും മാനസികവുമായ പ്രശ്‌നങ്ങള്‍കൂടി കണക്കിലെടുത്തുകൊണ്ടാണ് വിവാഹപ്രായം പതിനെട്ടായി നിശ്ചയിച്ചുകൊണ്ടുള്ള കോടതി നിയമം. ഇത് പരിരക്ഷിക്കപ്പെടണമെന്നാണ് തന്റെ അഭിപ്രായം - ഹസ്സന്‍ പറഞ്ഞു.

Search site