വിവാഹപ്രായം: കാന്തപുരത്തെ മാറ്റിനിര്‍ത്തി സമസ്ത നിലപാട് ശക്തമാക്കുന്നു

കാന്തപുരത്തെ യോഗത്തിന് വിളിച്ചില്ല രാഷ്ട്രീയക്കാരെയും വിമര്‍ശിക്കുന്നു
 
മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച നിലപാട് ശക്തമാക്കാന്‍ സമസ്തയുടെ തീരുമാനം. കാന്തപുരം വിഭാഗത്തെ മാറ്റിനിര്‍ത്തി ഈ വിഷയം കൈകാര്യംചെയ്യാനാണ് ഒരുങ്ങുന്നത്.
 
 കോഴിക്കോട്ട് കഴിഞ്ഞദിവസം ചേര്‍ന്ന മുസ്‌ലിം സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ കാന്തപുരം വിഭാഗത്തെ ക്ഷണിക്കാതിരുന്നത് ഇതിന് അടിവരയിടുന്നുണ്ട്. കാന്തപുരം വിഭാഗത്തെയും എസ്.ഡി.പി.ഐയെയും മാത്രമാണ് യോഗത്തിലേക്ക് വിളിക്കാതിരുന്നതെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി പിണങ്ങോട് അബൂബക്കറിന്റെ ലേഖനത്തില്‍ പറയുന്നുമുണ്ട്.
 
 എസ്.ഡി.പി.ഐക്കൊപ്പം ചേര്‍ത്താണ് കാന്തപുരം വിഭാഗത്തെ വേറിട്ടുനിര്‍ത്താന്‍ സമസ്ത ശ്രമിക്കുന്നതെന്നതും ശ്രദ്ധേയമാണ്. വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശത്തിന് വിരുദ്ധമായ രീതിയില്‍ നന്മയെ തിന്മ കൊണ്ട് തടയുന്ന വിഭാഗത്തിലാണ് ഇവരെ സമസ്ത ഉള്‍പ്പെടുത്തുന്നത്. ശരീഅത്ത് അനുസരിച്ച് പാലിക്കേണ്ട കാര്യങ്ങളിലാണ് ഇവര്‍ എതിരുനില്‍ക്കുന്നതെന്ന് സമസ്ത ആരോപിക്കുന്നു. ഇസ്‌ലാമിക ശരീഅത്തിനെതിരെ കുപ്രചാരണങ്ങളുമായി വരുന്നവര്‍ക്ക് ചൂട്ടുപിടിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും സമസ്തയുടെ സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു.
 
 വിവാഹപ്രായ വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കാനുള്ള മതസംഘടനകളുടെ തീരുമാനത്തെ കഴിഞ്ഞദിവസം കാന്തപുരംവിഭാഗം തള്ളിയിരുന്നു. മുസ്‌ലിങ്ങളുടെ പൊതുതീരുമാനമായി ഇതിനെ അവതരിപ്പിക്കുന്നത് ഭൂഷണമല്ലെന്നായിരുന്നു കോഴിക്കോട്ട് ചേര്‍ന്ന കാന്തപുരം വിഭാഗം മുശാവറയുടെ (പരമോന്നത സമിതി) അഭിപ്രായം. മുസ്‌ലിങ്ങളുടെ ദൈനംദിന ജീവിതത്തെക്കുറിച്ച് മതപരവും സാമൂഹികവുമായ ധാരണ ഇല്ലാത്തവരാണ് ഇത്തരം തീരുമാനങ്ങളെ പൊതുതീരുമാനമായി അവതരിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞിരുന്നു.
 
 കാന്തപുരം വിഭാഗത്തിന്റെ വാദങ്ങള്‍ ദുര്‍ബലമാക്കി വിവാഹപ്രായ വിഷയം സക്രിയമാക്കാനാണ് സമസ്തയുടെ തീരുമാനം. ഇതിന് പ്രായോഗികമായ എല്ലാ പിന്തുണകളും ആര്‍ജ്ജിക്കണമെന്ന് സമസ്ത നേതൃത്വം പോഷകസംഘടനകള്‍ക്ക് നിര്‍ദേശം നല്‍കി. സുപ്രീം കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിന് ശക്തി പകരണമെന്ന് എല്ലാ ഖാസി-മഹല്ല് ഭാരവാഹികളോടും സമസ്ത ആവശ്യപ്പെട്ടിട്ടുണ്ട്.
 
 വിവാഹപ്രായ വിഷയത്തില്‍ ചില രാഷ്ട്രീയ നേതാക്കളെയും സംഘടനകളെയും പേരെടുത്ത് വിമര്‍ശിക്കാനും സമസ്ത തയ്യാറായിട്ടുണ്ട്. വി.എസ്. അച്യുതാനന്ദന്‍, പിണറായി വിജയന്‍, ആര്യാടന്‍ മുഹമ്മദ്, പന്ന്യന്‍ രവീന്ദ്രന്‍, പി.സി. ജോര്‍ജ്ജ്, എം.എം. ഹസ്സന്‍, എം.ഐ ഷാനവാസ്, ഷാഫി പറമ്പില്‍ എന്നീ രാഷ്ട്രീയക്കാരേയും യൂത്ത് ലീഗ് ഭാരവാഹികളായ സാദിഖലി, ഫിറോസ് എന്നിവരേയുമാണ് സമസ്ത പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. പാതാളത്തിലെത്തിയ അപരിഷ്‌കൃത വാദങ്ങളാണ് ഇവര്‍ ഉയര്‍ത്തുന്നതെന്നാണ് സമസ്ത പറയുന്നത്. വിവാഹ പ്രായ വിവാദത്തില്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ നേതാക്കളെ അനുവദിക്കരുതെന്നും ലീഗ് ഉന്നത നേതൃത്വത്തോട് സമസ്ത ആവശ്യപ്പെട്ടിട്ടുണ്ട്.

Search site