വിവാദ ബോംബ്‌ പൊട്ടിച്ച്‌ വി.എസ്‌. വിരമിക്കുമെന്ന്‌ അഭ്യൂഹം

തൊണ്ണൂറാം പിറന്നാളിനോടനുബന്ധിച്ച്‌ വി.എസ്‌. അച്യുതാനന്ദന്‍ സ്വയം വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന്‌ അഭ്യൂഹം. പ്രതിപക്ഷ നേതാവ്‌ പദവിയടക്കം തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്‌ഥാനങ്ങളും ഒഴിയുമെന്നാണ്‌ സൂചന. ഇതോടൊപ്പം പിണറായി വിജയനടക്കമുള്ള നേതാക്കള്‍ക്കെതിരേ വി.എസ്‌. വിവാദ ബോംബുകള്‍ പൊട്ടിക്കുമെന്നും പറയുന്നു. ഇതിനുള്ള അണിയറ ഒരുക്കങ്ങള്‍ നടക്കുകയാണത്രേ. ഒക്‌ടോബര്‍ 20-നാണ്‌ അച്യുതാനന്ദന്റെ 90-ാം ജന്മദിനം. അഭ്യൂഹങ്ങള്‍ ശരിയായി വന്നാല്‍ കേരള രാഷ്‌ട്രീയം മാറിമറിയും. ലോക്‌സഭാ തെരഞ്ഞെടുപ്പുചിത്രവും വ്യത്യസ്‌തമാകും. നിയമസഭാകക്ഷി നേതാവാണെങ്കിലും പാര്‍ട്ടിയില്‍ വി.എസിന്റെ വാക്കുകള്‍ക്ക്‌ ഏറെക്കാലമായി പ്രസക്‌തി കുറഞ്ഞുവരികയാണ്‌. രാഷ്‌ട്രീയ എതിരാളികള്‍ക്കെതിരായ നീക്കങ്ങള്‍ക്ക്‌ എന്നും തുണയായിരുന്ന മൂന്നു പഴ്‌സണല്‍ സ്‌റ്റാഫംഗങ്ങളെ പാര്‍ട്ടി തന്നെ പുറത്താക്കുകയും ചെയ്‌തു. ഇതോടെ വി.എസ്‌. ചിറകരിയപ്പെട്ട അവസ്‌ഥയിലാണ്‌. കഴിഞ്ഞ ദിവസങ്ങളില്‍ പി.ബി കമ്മിഷന്റെ തെളിവെടുപ്പില്‍ പിണറായി ഉള്‍പ്പെടെയുള്ള നേതാക്കള്‍ അച്യുതാനന്ദനെ രൂക്ഷമായ ഭാഷയിലാണ്‌ വിമര്‍ശിച്ചത്‌. പ്രതിപക്ഷ നേതൃസ്‌ഥാനത്തുനിന്ന്‌ അദ്ദേഹത്തെ നീക്കണമെന്നും ആവശ്യപ്പെട്ടു. അച്ചടക്കലംഘനം വച്ചുപൊറുപ്പിക്കാനാകില്ലെന്ന്‌ കമ്മിഷന്‍ തുടര്‍ന്ന്‌ വി.എസിനു മുന്നറിയിപ്പുനല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ അച്ചടക്ക നടപടികള്‍ക്കും കസേര തെറിപ്പിക്കലിനും കാത്തുനില്‍ക്കാതെ വിരമിക്കാന്‍ വി.എസ്‌. തീരുമാനിച്ചെന്നാണ്‌ അണിയറ സംസാരം. നവതിവേള തന്നെ ഇതിനായി തെരഞ്ഞെടുേത്തക്കും. ഇതോടൊപ്പമുള്ള വെളിപ്പെടുത്തലുകള്‍ രാഷ്‌ട്രീയ എതിരാളികള്‍ക്കുള്ള ശക്‌തമായ പ്രഹരം തന്നെയായിരിക്കുമെന്നാണ്‌ അഭ്യൂഹം. ഇതേക്കുറിച്ചു പ്രതികരിക്കാന്‍ വി.എസ്‌ ക്യാമ്പ്‌ തയാറായിട്ടില്ല. 

Search site