വില്‍പന മാന്ദ്യം നേരിടാന്‍ പുതിയ മോഡലുകളുമായി വാഹന നിര്‍മാതാക്കള്‍

മാസങ്ങള്‍ നീണ്ട വില്‍പന മാന്ദ്യത്തില്‍നിന്ന് കരകയറാന്‍ വാഹന നിര്‍മാതാക്കള്‍ പുതിയ തന്ത്രങ്ങള്‍ ഒരുക്കുന്നു. രാജ്യത്തെ വാര്‍ഷിക വാഹന വില്‍പനയുടെ 60 ശതമാനവും നടക്കുന്ന ഉത്സവ സീസണ് തുടക്കമായിരിക്കെ നവീകരിച്ചതും പുതിയതുമായ രണ്ട് ഡസനോളം വാഹനങ്ങളാണ് വില്‍പനക്കുതിപ്പിന് ചിറകേകാന്‍ അണിയറയില്‍ ഒരുങ്ങുന്നത്. പുതിയ മോഡലുകളുടെയും വന്‍ പരസ്യ കോലാഹലങ്ങളുടെയും ആനുകൂല്യങ്ങളുടെയും ബലത്തില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാമെന്നാണ് കമ്പനികളുടെ കണക്കുകൂട്ടല്‍.
 രൂപയുടെ മൂല്യത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ വാഹന ഘടകങ്ങളുടെ ഇറക്കുമതിച്ചെലവ് ഉള്‍പ്പെടെ കുതിച്ചുയരുന്നതിനാല്‍ വിലയില്‍ കുറവുവരുത്തുക ശ്രമകരമാണെങ്കിലും പരമാവധി ലാഭം കുറച്ചുകൊണ്ട് വില്‍പന കൂട്ടാനാണ് കമ്പനികളുടെ ശ്രമം.
 ഓണം മുതല്‍ ദസറ വരെ നീണ്ടുകിടക്കുന്ന ഉത്സവ സീസണിനായി കമ്പനികള്‍ ആവനാഴിയില്‍ കരുതിയിരിക്കുന്നത് നിരവധി പുതുമകളാണ്. മാരുതി സ്റ്റിങ് റേയുമായി ഇക്കാര്യത്തില്‍ ഒരടി മുന്നേ തന്നെ പായുമ്പോള്‍ ഐ ടെന്‍ ഗ്രാന്‍ഡുമായി ഹൂണ്ടായി, ടെറാനോ, പരിഷ്കരിച്ച ഇവാലിയ എന്നിവയുമായി നിസാന്‍, ലീനിയയുടെയും പൂന്തോയുടെയും പരിഷ്കരിച്ച പതിപ്പുകളുമായി ഫീയറ്റ്, ക്രോസ് പോളോയുമായി ഫോക്സ് വാഗണ്‍, ഒക്ടാവിയായുമായി സ്കോഡ എന്നിവ തൊട്ടു പിന്നിലുണ്ട്. അശോക് ലൈലാന്‍ഡ് സ്റ്റെല്‍, ബി.എം.ഡബ്ളിയു വണ്‍ സീരീസ്, ജീപ് ഗ്രാന്‍ഡ് ചെറോക്കി, വ്രാങ്ഗ്ളര്‍ എന്നിവയും ഈ ഉത്സവ സീസണില്‍ നമ്മുടെ നിരത്തുകളില്‍ കണ്ണുകളെ ആകര്‍ഷിക്കും. ഇതിനുപുറമെ, ഹ്യോസങ് ജി.വി 250 ഉള്‍പ്പെടെ 20 ഓളം ബൈക്കുകളും ഈ നാലുമാസം കൊണ്ട് പുതുതായി വിപണിയിലെത്തുമെന്നാണ് സൂചന.
 ഓഫറുകള്‍ കൂടാതെതന്നെ പുതിയ മോഡലുകള്‍ക്ക് വാഹനം വാങ്ങാന്‍ കാത്തിരിക്കുന്നവരെ ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കമ്പനികളുടെ വിലയിരുത്തല്‍. ഇതിനായി പരസ്യങ്ങളുടെ പെരുമഴതന്നെ ഇത്തവണയുണ്ടായേക്കും. ചെറിയ പരിഷ്കാരങ്ങളും ഓപ്ഷനുകളും ബോഡി ഗ്രാഫിക്സുകളും മറ്റുമായി ലിമിറ്റഡ് എഡീഷനുകളും വിപണന തന്ത്രത്തിലുണ്ട്. ഇവയില്‍ ചിലതൊക്കെ ഇതിനകം തന്നെ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. ഇന്ത്യയില്‍ അവതരിച്ചതിന്‍െറ പതിനഞ്ചാം വാര്‍ഷികം പ്രമാണിച്ച് ഹുണ്ടായി ഇറക്കിയ സാന്‍ട്രോ സിങ് ലിമിറ്റഡ് എഡീഷന്‍ ഉദാഹരണം. ഇന്‍ഡിഗോ സി.എസ്, നാനോ, സുമോ തുടങ്ങിയവയുടെ പരിഷ്കരിച്ച മോഡലുകളുമായി ഒരു മാസം മുമ്പേതന്നെ ടാറ്റ രംഗത്തുണ്ട്.
 അഞ്ചു മുതല്‍ 18 ശതമാനം വരെ വിലക്കിഴിവാണ് പല കമ്പനികളും ഓഫര്‍ ചെയ്യുന്നത്. ഇതിനുപുറമെ, കുറഞ്ഞ പലിശ നിരക്കില്‍ വായ്പ, മൂന്നുവര്‍ഷം വാറണ്ടി, റോഡ് സൈഡ് അസിസ്റ്റന്‍സ്, സൗജന്യ ഇന്‍ഷുറന്‍സ്, സൗജന്യ ആക്സസറീസ് തുടങ്ങി പല വാഗ്ദാനങ്ങളും കമ്പനികളും ഡീലര്‍മാരും മുന്നോട്ടുവെക്കുന്നുണ്ട്. 
 57,000 രൂപവരെ കാഷ് ഡിസ്കൗണ്ടുകളും നറുക്കെടുപ്പ് സമ്മാനങ്ങളുമാണ് ടാറ്റയുടെ വാഗ്ദാനം. 38,000 മുതല്‍ 60,000 രൂപ വരെയാണ് ജനറല്‍ മോട്ടോഴ്സ് വിവിധ മോഡലുകള്‍ക്ക് കുറച്ചു നല്‍കുന്നത്. എക്സചേഞ്ച് ബോണസ്, കോര്‍പറേറ്റ്/ ലോയല്‍റ്റി ബോണസ്, തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് 2.79 ശതമാനം വരെ നിരക്കില്‍ വായ്പ എന്നിവയാണ് ടൊയോട്ട വാഗ്ദാനം ചെയ്യുന്നത്. 31,000 മുതല്‍ 81,000 വരെ കാഷ് ഡിസ്കൗണ്ടുകളും നറുക്കെടുപ്പുകളുമായാണ് മാരുതി സീസണെ നേരിടുന്നത്. മികച്ച മഴ ഗ്രാമീണ കാര്‍ഷിക മേഖലക്ക് ഗുണം ചെയ്യുമെന്നതിനാല്‍ ഗ്രാമീണ മേഖല ലക്ഷ്യമിട്ടും കമ്പനികള്‍ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നുണ്ട്. വാഹനം വിപണിയില്‍ എത്തുന്നതിന് മാസങ്ങള്‍ക്കുമുമ്പേ മികച്ച പരസ്യങ്ങളും ചര്‍ച്ചകളും മറ്റുമായി കളമൊരുക്കാനും മിക്ക കമ്പനികളും ശ്രമിക്കുന്നുണ്ട്. ഒക്ടോബറില്‍ വിപണിയിലെത്തുന്ന പ്രീമിയം കോംപാക്ട് എസ്.യു.വി ടെറാനോക്കുവേണ്ടി നിസാന്‍ ഇപ്പോള്‍ തന്നെ ശ്രമം തുടങ്ങിക്കഴിഞ്ഞു. പതിവില്‍നിന്ന് വ്യത്യസ്തമായി ഓണ്‍ലൈന്‍, സോഷ്യല്‍ നെറ്റ്വര്‍ക് സൈറ്റുകളിലെ പരസ്യങ്ങള്‍ക്കും മിക്ക കമ്പനികളും പ്രാധാന്യം നല്‍കുന്നു.
 മാന്ദ്യത്തിനിടയിലും മികച്ച ആനുകൂല്യങ്ങളും പരസ്യ പിന്തുണയും മറ്റുമുണ്ടെങ്കില്‍ വില്‍പനയെ സ്വാധീനിക്കാമെന്നതിന് തെളിവായി ആഗസ്റ്റിലെ മാരുതിയുടെ വില്‍പന വര്‍ധന പല വിപണി വിദഗ്ധരും ചൂണ്ടിക്കാട്ടുന്നുണ്ട്. മുന്‍ വര്‍ഷം ആഗസ്റ്റിനെ അപേക്ഷിച്ച് 61.24 ശതമാനം വര്‍ധനയാണ് മാരുതി ഇക്കൊല്ലം ആഗസ്റ്റില്‍ നേടിയത്. മൊത്തം 87,323 യൂനിറ്റുകള്‍ വില്‍ക്കാനായി. മുന്‍ വര്‍ഷം ഇത് 54,154 യൂനിറ്റായിരുന്നു. ആഭ്യന്തര വില്‍പനയില്‍ മാത്രം വര്‍ധന 51.6 ശതമാനമാണ്. കഴിഞ്ഞ വര്‍ഷത്തെ 50129 യൂനിറ്റുകളുടെ സ്ഥാനത്ത് ഇക്കൊല്ലം ആഗസ്റ്റില്‍ 76018 യൂനിറ്റ് വില്‍ക്കാനായി. എന്നാല്‍, മാനേസര്‍ പ്ളാന്‍റില്‍ സമരമായിരുന്നതിനാല്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ വില്‍പന കുറവായിരുന്നതായി മാരുതി പറയുന്നുണ്ട്.
 എന്നാല്‍, ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട്, ഹോണ്ടാ അമേസ്, നിസാന്‍ മൈക്ര ആക്ടിവ് എന്നിവയുടെയെല്ലാം മികച്ച വില്‍പന പുതിയ മോഡലുകള്‍ക്ക് വിപണിയെ ഇപ്പോഴും സ്വാധീനിക്കാനാവുമെന്നതിന് തെളിവായി മാര്‍ക്കറ്റിങ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

Search site