വിലക്കിനെതിരെ ശ്രീശാന്ത് കോടതിയിലേക്ക്

ശ്രീശാന്തിന് ക്രിക്കറ്റില്‍ നിന്ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയ ബി.സി.സി.ഐ നടപടി വിചിത്രമെന്ന് അദ്ദേഹത്തിന്‍െറ അഭിഭാഷക റബേക്ക ജോണ്‍. സാമാന്യ നീതിക്ക് നിരക്കാത്ത നടപടിക്കെതിരെ  ശ്രീശാന്ത് കോടതിയെ സമിപീക്കുമെന്നും അവര്‍ പറഞ്ഞു. ഐ.പി.എല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ടാണ് ശ്രീശാന്തിന് ബി.സി.സി.ഐ വിലക്കേര്‍പ്പെടുത്തിയത്. ഒത്തുകളിയെക്കുറിച്ച് അന്വേഷിക്കാന്‍ ബോര്‍ഡ് നിയോഗിച്ച  അഴിമതിവിരുദ്ധ വിഭാഗം തലവന്‍ രവി സവാനി നല്‍കിയ റിപ്പോര്‍ട്ടില്‍ ശ്രീശാന്ത് കുറ്റക്കാരനെന്ന് കണ്ടത്തെിയിരുന്നു.  ദല്‍ഹി പൊലീസിലെ ചിലരുമായി നടത്തിയ വ്യക്തിപരമായ ചര്‍ച്ചകളുടെയും പൊലീസ് സെഷന്‍ കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ച കുറ്റപത്രവും അടിസ്ഥാനമാക്കിയാണ് സവാനിയുടെ റിപ്പോര്‍ട്ടില്‍ ശ്രീശാന്ത് കുറ്റക്കാരനാണെന്ന് പറയുന്നതെന്ന് റബേക്ക പറഞ്ഞു. അങ്ങനെയാണെങ്കില്‍തന്നെ ഇക്കാര്യത്തില്‍ കോടതി നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ അവര്‍ കാത്തിരിക്കണമായിരുന്നു. സവാനി  റിപ്പോര്‍ട്ട് വ്യക്തതയില്ലാത്തതും അയഞ്ഞതുമാണെന്ന് വിമര്‍ശിച്ച റബേക്ക ജോണ്‍ അതിലെ പല കണ്ടത്തെലുകളും ചോദ്യചെയ്യപ്പെടുന്നതാണെന്നും പറഞ്ഞു.
 ശ്രീശാന്തടക്കമുള്ള താരങ്ങള്‍ തങ്ങള്‍ക്ക് മുന്നില്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്ന് പറയുന്ന ദല്‍ഹി പൊലീസിലെ ചിലരുമായി നടത്തിയ സംസാരത്തിന്‍െറ അടിസ്ഥാനത്തിലുള്ള ഈ റിപ്പോര്‍ട്ട് കാമ്പില്ലാത്തതാണ്. ബി.സി.സി.ഐ നിയോഗിച്ച ഏകാംഗ കമ്മിറ്റി,  ഒത്തുകളിയില്‍ ശ്രീശാന്ത് കുറ്റക്കാരനാണെന്നും അദ്ദേഹത്തിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തണമെന്നും പറയുന്നു. ഈ രീതി അതിരുകടന്നതാണെന്ന് മാത്രമല്ല, സാമാന്യ നീതിയുടെ എല്ലാ തത്ത്വങ്ങള്‍ക്കും എതിരുമാണ്. ഒത്തുകളിയുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന്  ബി.സി.സി.ഐ പ്രസിഡന്‍റ്  സ്ഥാനത്തുനിന്ന് മാറിനില്‍ക്കേണ്ടിവന്ന എന്‍. ശ്രീനിവാസനാണ് ശ്രീശാന്തിനെതിരെ വിലക്കേര്‍പ്പെടുത്താന്‍ തീരുമാനമെടുത്തത്.  ശ്രീനിവാസന്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി ചിലരെ ബലിയാടാക്കുകയായിരുന്നു.
 കേസില്‍ ചില താരങ്ങള്‍ മാത്രം പിടിക്കപ്പെടുകയും വമ്പന്‍ സ്രാവുകള്‍ രക്ഷപ്പെടുകയുംചെയ്തു. ചെന്നൈ സൂപ്പര്‍കിങ്സ് ടീം ഉടമയായ ശ്രീനിവാസനെതിരെ  സുപ്രീംകോടതിയില്‍ കേസ് നിലവിലുണ്ടെന്നും അവര്‍ പറഞ്ഞു. ഒത്തുകളി കേസില്‍ ചെന്നൈ സൂപ്പര്‍കിങ്സ്, രാജസ്ഥാന്‍  റോയല്‍സ് ഉടമകളില്‍പ്പെട്ട ഗുരുനാഥ് മെയ്യപ്പന്‍, രാജ് കുന്ദ്ര എന്നിവരെ കുറ്റവിമുക്തരാക്കിയ ബി.സി.സി.ഐ രണ്ടംഗ അന്വേഷണ പാനല്‍ നിയമവിരുദ്ധമാണെന്നായിരുന്നു മുബൈ ഹൈകോടതിയുടെ വിധിയെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Search site