വിടപറഞ്ഞത് കാരണവരും ഗുരുനാഥനും

പന്ന്യന്‍ രവീന്ദ്രന്‍
ഏത് പ്രതിസന്ധി ഘട്ടത്തിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നയിക്കാന്‍ മനസാന്നിദ്ധ്യത്തോടെ നേതൃത്വം കൊടുത്ത അപൂര്‍വം നേതാക്കളില്‍ ഒരാളായിരുന്നു വെളിയം ആശാന്‍. പാര്‍ട്ടി പല പ്രശ്‌നങ്ങളിലും വഴിമുട്ടിനിന്നപ്പോഴൊക്കെയും ആശാന്റെ ദീര്‍ഘ വീക്ഷണം വഴികാട്ടിയായിട്ടുണ്ട്. 1964ലെ ഭിന്നിപ്പിന് മുമ്പ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രഗത്ഭ നേതൃനിരയിലെ ചെറുപ്പക്കാരനായ നേതാവായിരുന്നു വെളിയം. 
 
കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയായ ഇ.എം.എസ് മന്ത്രിസഭയുടെ ഏറ്റവും വലിയ കരുത്ത് ചെറുപ്പക്കാരായ എം.എല്‍.എ മാരുടെ ജിഞ്ചര്‍ ഗ്രൂപ്പായിരുന്നു. ആ ഗ്രൂപ്പിലെ പ്രധാന നേതാവായിരുന്നു അദ്ദേഹം. ഗ്രൂപ്പില്‍ ഇനി ശേഷിക്കുന്നത് ഇ. ചന്ദ്രശേഖരന്‍ നായരാണ്. അക്കാലം തൊട്ട് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് സ. വെളിയം ഭാര്‍ഗവന്‍ തികച്ചും ഒരാവേശമായിരുന്നു.
 
കമ്മ്യൂണിസ്റ്റുകാരുടെ ജീവിതവും കുടുംബവും അവരുടെ പ്രവര്‍ത്തനങ്ങളുമെല്ലാം സൂക്ഷ്മമായി നിരീക്ഷിച്ചിരുന്ന മുതിര്‍ന്ന ഗൃഹസ്ഥനായിരുന്നു സ.വെളിയം. പാര്‍ട്ടിക്കാര്‍ക്ക് ഏത് കാര്യത്തിനും വെളിയത്തിന്റെ ഉപദേശങ്ങളും നിര്‍ദേശങ്ങളുമുണ്ടായിരുന്നു. ഏതെങ്കിലും തെറ്റായ കാര്യങ്ങളിലേക്ക് പോകുമ്പോള്‍ പാര്‍ട്ടി അണികളെ നേര്‍വഴിക്ക് നയിക്കാന്‍ അദ്ദേഹമുണ്ടായിരുന്നു. 
 
ഒരിക്കല്‍ എന്റെ ഒരു സുഹൃത്ത് ഗള്‍ഫില്‍ നിന്ന് സ്വര്‍ണ നിറമുള്ള ഒരു വാച്ച് കൊണ്ടു വന്നു തന്നു. വില കൂടിയ ആ വാച്ച് ധരിച്ച് ഓഫീസില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ എതിര്‍ ദിശയില്‍ നിന്ന് ആശാന്‍ ഓഫീസിലേക്ക് കടന്നു വരികയായിരുന്നു. സ്വര്‍ണത്തിന്റെ വാച്ചുമായി എങ്ങോട്ടാ എന്നായിരുന്നു ആശാന്റെ ആദ്യ ചോദ്യം. ആ ചോദ്യം ഒരു സൂചനയായിരുന്നു. 
 
ഇതുപോലുള്ള ആഡംബര സാധനങ്ങള്‍ ഉപയോഗിക്കരുതെന്ന ഉപദേശം. അന്നുതന്നെ ഞാന്‍ ആ വാച്ച് അഴിച്ചുവെച്ചു. പിന്നീടൊരിക്കലും ഞാനത് ഉപയോഗിച്ചിട്ടില്ല. ഒരു പൊതുയോഗത്തില്‍ പങ്കെടുത്ത ശേഷം മന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറിയുടെ കാറില്‍ ഓഫീസിലെത്തിയ എന്നെ ആശാന്‍ തിരുത്തി. അന്ന് പാര്‍ട്ടി അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന എന്നോട്, ഇനിമുതല്‍ സര്‍ക്കാര്‍ വാഹനത്തില്‍ പോകരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തു. 
 
ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജീവിതം എങ്ങനെയായിരിക്കണമെന്നത് സ. വെളിയം ജീവിതത്തിലൂടെ കാണിച്ചു തരുകയായിരുന്നു. അതോടൊപ്പം പിശകുപറ്റുമ്പോള്‍ ചൂണ്ടിക്കാണിച്ച് തിരുത്താന്‍ അദ്ദേഹമുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കാരണവര്‍ മാത്രമല്ല, ഗുരുനാഥന്‍ കൂടിയായിരുന്നു വെളിയം. 
 
എം.എന്‍ സ്മാരകത്തില്‍ ആശാനുണ്ടെങ്കില്‍ എല്ലാവര്‍ക്കും അസാധാരണമായ ഒരാവേശവും കരുത്തുമായിരുന്നു. ഏത് വിഷയത്തിലും സംശയങ്ങള്‍ ചോദിക്കാന്‍ ധൈര്യത്തോടെ വെളിയത്തെ സമീപിക്കാം. ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തിന്റെ രീതിയില്‍ പ്രവര്‍ത്തകരെ മുന്നോട്ട് നയിക്കാന്‍ ആശാന്‍ കാണിക്കുന്ന ജാഗ്രത, സ്‌നേഹം, അതൊന്നും ഒരിക്കലും മറക്കാന്‍ കഴിയാത്ത ബന്ധങ്ങളാണ്. 
 
ആശാന്‍, സെക്രട്ടറിയും ഞാന്‍ അസിസ്റ്റന്റ് സെക്രട്ടറിയുമായിരുന്ന വേളയില്‍ രാജ്യസഭ തെരഞ്ഞെടുപ്പ് സീറ്റ് സംബന്ധിച്ച് മുന്നണിയില്‍ തര്‍ക്കമുണ്ടായി. സി.പി.എം. ആ സീറ്റ് ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിന് കാരണം. ചന്ദ്രന്‍പിള്ളയെ ആ സീറ്റിലേക്ക് സി.പി.എം നിര്‍ദേശിക്കുകയും ചന്ദ്രന്‍പിള്ള ജോലി രാജിവെച്ച് നോമിനേഷന്‍ കൊടുക്കുകയും ചെയ്തു. പത്ത് ദിവസത്തോളം അത് സംബന്ധിച്ച് തര്‍ക്കം നിലനിന്നു. ആ ദിവസങ്ങളില്‍ എന്നും ആശാന്‍ ചോദിക്കുമായിരുന്നു; രവിക്ക് വിഷമമില്ലല്ലോ എന്ന്. ആ സീറ്റ് ഞങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും അതു കിട്ടിയെ മതിയാകൂവെന്നുമുള്ള ഉറച്ച നിലപാടായിരുന്നു ആശാന്റേത്. 
 
ആശാന്റെ അഭിപ്രായം ഏറെ പ്രസക്തമാണെന്നും ആ തീരുമാനമായിരുന്നു ശരിയെന്നും പിന്നീടുള്ള ദിവസങ്ങള്‍ തെളിയിച്ചു. പാര്‍ട്ടിക്കകത്തു തന്നെയും ചിലര്‍ക്ക് ആശാന്റെ തീരുമാനം കടുത്തതാണെന്നും ശരിയാണോയെന്നും സംശയങ്ങളുണ്ടായിരുന്നു. ആശാന്‍ ഏത് തീരുമാനം എടുത്താലും അതു ന്യായവും സത്യസന്ധവുമായിരിക്കും. അതാണ് ആശാന്റെ ഏറ്റവും വലിയ പ്രത്യേകത. 
 
ഒരുപാട് ത്യാഗങ്ങള്‍ പാര്‍ട്ടിക്കുവേണ്ടി അദ്ദേഹം സഹിച്ചു. പക്ഷേ ആത്യാഗത്തിന്റെ കഥകളൊന്നും ഒരിക്കലും പറയാറില്ല. ആ ത്യാഗത്തിന്റെ ഫലമാണ് അദ്ദേഹം സ്ഥിരമായി ഉപയോഗിച്ചിരുന്ന അരയിലെ ബെല്‍റ്റ്. പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് പേര്‍ ഉയര്‍ന്നപ്പോഴെല്ലാം താനില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. ഏത് സ്ഥാനത്തിരുന്നാലും കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എടുക്കുന്ന ഏതു തീരുമാനത്തിനു പിന്നിലും സ. വെളിയത്തിന്റെ ഒരു കൈയൊപ്പ് ഉണ്ടാകും. 
 
1980 മുതലാണ് ഞങ്ങള്‍ തമ്മിലുള്ള ബന്ധം തുടങ്ങുന്നത്. അന്ന് തൊട്ട് ഇന്നേവരെ ഒരു കാര്യത്തിനും വെളിയം സഖാവുമായി കലഹിച്ചിട്ടില്ല. മാത്രമല്ല, എന്റെ വീട്ടിലുള്ളവര്‍ക്കും ആശാന്‍ കാരണവരായിരുന്നു. എന്റെ മൂന്ന് മക്കളുടെയും കല്യാണത്തിന് കാര്‍മികത്വം വഹിച്ചത് അദ്ദേഹമാണ്. വീട്ടിലെ വിഷയങ്ങളെല്ലാം അദ്ദേഹത്തിന് അറിയാമായിരുന്നു. എല്ലാ വിശേഷങ്ങളും ചോദിച്ചു അറിയുമായിരുന്നു. സാധാരണ പ്രവര്‍ത്തകരോടുള്ള അഗാധമായ സ്‌നേഹം ആശാന്റെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു.
 
ആശാന്റെ വേര്‍പാട് പാര്‍ട്ടിക്ക് നികത്താനാകാത്ത നഷ്ടമെന്ന് ആലങ്കാരികമായി പറയുകയല്ല; എല്ലാ അര്‍ത്ഥത്തിലും അപരിഹാരമായ നഷ്ടമാണ്. നിര്‍വചിക്കാനാകാത്ത ബന്ധമാണ് എനിക്ക് ആശാനുമായുള്ളത്. അതു കൊണ്ടുതന്നെ ആശാന്‍ ഒരു വേദനയായി അവശേഷിക്കുന്നു.

Search site