വിക്ടോറിയസ് സെറീന

കരുതിയുറപ്പിച്ചിറങ്ങിയ വിക്ടോറിയ അസറെങ്കക്കും ഫഌഷിങ് മിഡോസില്‍ വീശിയടിച്ച കാറ്റിനും സെറീ വില്യംസിന്റെ എയ്‌സുകള്‍ക്ക് തടസം നില്‍ക്കാനായില്ല. 
 
രണ്ടു സെറ്റിന്റെ കാഠിന്യങ്ങളില്‍ നിന്ന് പാഠംപഠിച്ച സെറീന ബെലാറസുകാരി അസറെങ്കയെ മൂന്നാം സെറ്റില്‍ നിലംപരിശാക്കി യു.എസ് ഓപണ്‍ ടെന്നീസ് വനിതാ സിംഗിള്‍സില്‍ കിരീടമുയര്‍ത്തി. സ്‌കോര്‍: 7-5, 6-7(6-8), 6-1. സീസണില്‍ രണ്ടു തവണ അസറെങ്കക്കു മുന്നില്‍ അടിയറവ് പറഞ്ഞതിന് പകരം ചോദിക്കല്‍ കൂടിയായി സെറീനക്ക് ഫൈനല്‍.
 
യു.എസില്‍ അഞ്ചാം കിരീടമാണ് സെറീന ഉയര്‍ത്തിയത്. അതുവഴി സ്റ്റെഫിഗ്രാഫിനൊപ്പമെത്താനും സെറീനക്കായി. ഓപണ്‍ യുഗത്തില്‍ ആറു വിജയങ്ങളുള്ള മാര്‍ഗരറ്റ് കോര്‍ട്ടിനൊപ്പമെത്താന്‍ ഒരു വിജയം കൂടി നേടണം. ഗ്രാന്‍ഡ്സ്ലാമില്‍ സെറീനയുടെ 17-ാം വിജയമാണിത്. ഒരു ഗ്രാന്‍ഡ്സ്ലാം കൂടി നേടിയാല്‍ മാര്‍ട്ടിന നവരത്തിലോവ, ക്രിസ് എവര്‍ട്ട് എന്നിവര്‍ക്കൊപ്പമെത്താന്‍ സെറീനക്കു കഴിയും. 
 
24 ഗ്രാന്‍ഡ്സ്ലാമുകള്‍ നേടിയിട്ടുള്ള ഓസ്‌ട്രേലലിയക്കാരി കോര്‍ട്ടാണ് വനിതകളില്‍ ഒന്നാം സ്ഥാനത്ത്. അതേസമയം, പുരുഷന്‍മാരില്‍ കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം നേട്ടമുള്ള സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ക്കൊപ്പമെത്താന്‍ സെറീനക്കു കഴിഞ്ഞു.
അസറെങ്ക കരുത്തുറ്റ പ്രതിയോഗിയാണെന്നും ഉജ്ജ്വല പോരാളിയാണെന്നും മത്സര ശേഷം സെറീന പറഞ്ഞു. 
 
ആദ്യ സെറ്റില്‍ നാലു തവണ സെറ്റ് നേടുന്നനരികെയെത്തിയിരുന്നു അസറെങ്ക. രണ്ടു പോയിന്റു മാത്രം വ്യത്യാസത്തില്‍ പിന്നാലിയിരുന്നു ബെലാറസ് താരം. എന്നാല്‍, മണിക്കൂറില്‍ 195 കിലോമീറ്റര്‍ വേഗതയില്‍ സെര്‍വുമായി സെറീന തിരിച്ചടിക്കു ശ്രമിച്ചു. പക്ഷേ, റഫറി ഫൂട്ട് ഫോള്‍ട്ട് വിളിച്ചു. രണ്ടാം സെറ്റിലും സെറീനക്ക് പാദപ്പിഴവ് വന്നു. 2009ലെ സെമി ഫൈനലില്‍ കിം ക്ലൈസ്റ്റേഴ്‌സിനു മുമ്പില്‍ സെറീന തോല്‍വി സമ്മതിച്ചതിനെ ഓര്‍മിപ്പിക്കുന്നതായിരുന്നു ആ നിമിഷങ്ങള്‍.
 
മുമ്പ് ആറു തവണ യു.എസ് ഓപണില്‍ കളിച്ചതിനേക്കാള്‍ മോശമായിരുന്നു അസറെങ്കയുടെ പ്രകടനം. പൊതുവെ ഹാര്‍ഡ് കോര്‍ട്ടില്‍ പിന്നോട്ടടിക്കുന്ന അസറെങ്കക്ക് ഇന്നലെ സെറീനയുടെ വേഗത്തിനൊപ്പം ഏറെ നേരം പിടിച്ചു നില്‍ക്കാനായില്ല. എയ്‌സുകളില്‍ 9-2ന് മുന്നില്‍ നിന്ന സെറീന വിന്നറുകളില്‍ 36-17ന്റെ വ്യക്തമായ ആധിപത്യം നേടി.
 
തുടരെ രണ്ടു തവണ യു.എസ് ഓപണില്‍ സെറീന വിജയം കണ്ടിട്ടില്ല. എന്നാല്‍, 1990ല്‍ 17-ാം വയസില്‍ ജയിച്ചു തുടങ്ങിയ മൈതാനത്ത് 32-ാം വയസിലും വിജയം ആവര്‍ത്തിക്കാന്‍ സെറീനക്കു കഴിഞ്ഞു. 2002ലും 2008ലും സെറീനക്കു തന്നെയായിരുന്നു നാട്ടുകാര്‍ക്കു മുന്നില്‍ വിജയം. ഒരു സീസണില്‍ 90 ലക്ഷം യു.എസ് ഡോളര്‍ സ്വന്തമാക്കുക എന്ന റെക്കോര്‍ഡും ഇന്നലെ സെറീനയെ തേടിയെത്തി.

Search site