വികസനത്തിന് സമാധാനാന്തരീക്ഷം ഉണ്ടാവണം: ഹൈദരലി തങ്ങള്‍

യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ അരയുംതലയും മുറുക്കി തെരഞ്ഞെടുപ്പ് കളത്തിലേക്കിറങ്ങണമെന്ന ആഹ്വാനം നെഞ്ചേറ്റുന്നതായിരുന്നു പാലക്കാട്, ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷനുകള്‍. പാലക്കാട് ടൗണ്‍ഹാളിലും ആലത്തൂര്‍ ആലിയ മഹലിലും ആയിരകണക്കിന് പ്രവര്‍ത്തകരാണ് ഒഴുകിയെത്തിയത്. 
 
രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി മോഡിയുടെ വരവാണെന്ന് കണ്‍വന്‍ഷനുകള്‍ ഉദ്ഘാടനം ചെയ്ത പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിന് സമാധാനാന്തരീക്ഷമുണ്ടാവണം. അതിന് വര്‍ഗീയതയും ഫാഷിസവും ഉന്മൂലനം ചെയ്യണം. ഗുജറാത്തിലും മറ്റും വര്‍ഗീയകലാപമുണ്ടാക്കി ആയിരക്കണക്കിന് മനുഷ്യരെയാണ് ഭരണസ്വാധീനം ഉപയോഗിച്ച് വകവരുത്തിയത്. ഇന്നും ഗുജറാത്ത് അതില്‍ നിന്നും മോചിതമായിട്ടില്ല. ഈ സാഹചര്യത്തില്‍ മോഡിയുടെ വരവ് രാജ്യം ഏറെ ആശങ്കയോടെയാണ് കാണുന്നത്. 
 
മോഡിയെപ്പോലുള്ളവര്‍ രാജ്യം ഭരിച്ചാല്‍ ന്യൂനപക്ഷങ്ങളടങ്ങുന്ന ജനവിഭാഗങ്ങളുടെ സൈ്വര്യ ജീവിതം അപകടത്തിലാകും. ഫാഷിസം വളരാന്‍ സാഹചര്യമൊരുക്കിയാല്‍ രാജ്യം പിറകോട്ടുപോകുമെന്നുറപ്പാണ്. അതിനാല്‍ വരാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത്തരം ശക്തികളെ ഒറ്റപ്പെടുത്താന്‍ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് തങ്ങള്‍ ആഹ്വാനം ചെയ്തു. മതസൗഹാര്‍ദ്ദവും ഐക്യവും പുലരണമെങ്കില്‍ യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടതുണ്ട്. 
 
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനകം കണ്ണഞ്ചിപ്പിക്കുന്ന വികസന പ്രവര്‍ത്തനങ്ങളാണ് യു.പി.എ സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. വിദ്യാഭ്യാസ, സാമ്പത്തിക, സാമൂഹിക മേഖലകളില്‍ ഒട്ടനവധി പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. പാലക്കാട് കോച്ച് ഫാക്ടറി, കഞ്ചിക്കോട് ബെമല്‍, മെഡിക്കല്‍ കോളജുകള്‍, എഞ്ചിനീയറിങ് കോളജുകള്‍, അട്ടപ്പാടി പുനരധിവാസ പദ്ധതികള്‍ എന്നിവ അതില്‍ പ്രധാനപ്പെട്ടവയാണ്. ഇത്തരത്തില്‍ വികസനവും ഐക്യവും നിലനിര്‍ത്താന്‍ ജനാധിപത്യചേരികള്‍ ഒന്നിക്കേണ്ടത് അനിവാര്യമായിരിക്കുകയാണെന്ന് തങ്ങള്‍ പറഞ്ഞു. 
 
മുസ്‌ലിംലീഗ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത് നന്മക്ക് വേണ്ടിമാത്രമാണ്. മതസൗഹാര്‍ദ്ദത്തിനും ഐക്യത്തിനും എന്നും ലീഗ് മുന്‍പന്തിയിലുണ്ട്. നാട്ടില്‍ പ്രയാസമനുഭവിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിഞ്ഞ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ലീഗിന്റെ ലക്ഷ്യം. ലോകത്ത് തന്നെ പ്രശംസനീയമായ ബൈത്തുറഹ്മ അതിന് ഉദാഹരണമാണ്. കേരളം വിദ്യാഭ്യാസ രംഗത്ത് കൈവരിച്ച നേട്ടങ്ങളില്‍ മുസ്‌ലിംലീഗിന്റെ പങ്ക് ആര്‍ക്കും തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 
 
പ്രവാസികളുടെ പ്രശ്‌നങ്ങള്‍ കണ്ടറിയാനും പരിഹരിക്കാനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും യു.പി.എ സര്‍ക്കാര്‍ വലിയ പങ്ക് വഹിച്ചു. മറ്റു രാജ്യങ്ങളില്‍ തടവില്‍ കഴിയുന്നവരെ മോചിപ്പിക്കുന്നതില്‍ ഇ. അഹമ്മദ് ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ നടത്തിയ ഇടപെടല്‍ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഒന്നിനൊന്ന് മെച്ചമാണ്. 
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി, എമര്‍ജിങ് കേരള, സ്മാര്‍ട്ട്‌സിറ്റി, അട്ടപ്പാടിയില്‍ സര്‍ക്കാര്‍ കോളജ്, മറ്റു വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. ഈ സാഹചര്യത്തില്‍ വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനും ഫാഷിസ്റ്റ് പിന്തിരിപ്പന്‍ ശക്തികളെ ഒറ്റപ്പെടുത്താനും മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു. കണ്‍വന്‍ഷനില്‍ വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി.

Search site