വര്‍ഗീയ ശക്തിക്കെതിരെ ഒറ്റക്കെട്ടാവണം-ഹൈദരലി ശിഹാബ് തങ്ങള്‍

വര്‍ഗീയ ശക്തികള്‍ക്കെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍.പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി മലപ്പുറത്ത് നടന്ന മുസ്ലീംലീഗ് മലപ്പുറം ലോക്‌സഭാ മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 
 വര്‍ഗീയവാദികളുടെ കൈയില്‍ ഭരണം ലഭിച്ചാല്‍ എന്തുസംഭവിക്കുമെന്ന് ജനങ്ങള്‍ക്കറിയാം. വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കാന്‍ ലീഗ് സമ്മതിക്കില്ലെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
 
 മോഡിയെ കൊണ്ടുവന്ന് രാജ്യത്തെ വിഭജിക്കാനാണ് വര്‍ഗീയ പാര്‍ട്ടികള്‍ ശ്രമിക്കുന്നതെന്ന് കണ്‍വെന്‍ഷനില്‍ സംസാരിച്ച മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മഞ്ചേരി മെഡിക്കല്‍ കോളേജുപോലൊരു വികസനം കൊണ്ടുവന്നാല്‍ ഗുജറാത്ത് മോഡലിനെ അംഗീകരിക്കാം. ജയിക്കുന്നവന്‍ ആരായാലും വാനില്‍ പറക്കുന്ന പതാക മുസ്ലീം ലീഗിന്റെതാകുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. ഓണത്തിനിടയില്‍ പുട്ട് കച്ചവടം നടത്തുകയാണ് ഇടതുപക്ഷം. എങ്ങോട്ട് വേണമെങ്കിലും അവര്‍ ചായും. യു.ഡി.എഫിന്റെ വികസനങ്ങളെ മറയ്ക്കാനാണ് സരിത പോലുള്ള അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 
 മുസ്ലീം ലീഗിനെ എത്രത്തോളം എതിര്‍ക്കുന്നുവോ അത്രത്തോളം ലീഗ് ഉയര്‍ന്നു വരുമെന്ന് കേന്ദ്ര മന്ത്രി ഇ.അഹമ്മദ് പറഞ്ഞു. ലീഗ് ആരുടെ മുന്നിലും തളരില്ലെന്നും അഹമ്മദ് പറഞ്ഞു.
 
 കണ്‍വെന്‍ഷനില്‍ മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ്തങ്ങള്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ പി.കെ അബ്ദുറബ്ബ്,മഞ്ഞളാംകുഴി അലി, എം.കെ മുനീര്‍,എം.എല്‍ എമാരായ പി.ഉബൈദുള്ള, എം.ഉമ്മര്‍, ടി.എ അഹമ്മദ് കബീര്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ജില്ലാ സെക്രട്ടറി പി.അബ്ദുള്‍ ഹമീദ്, ടി.വി ഇബ്രാഹിം, നാലകത്ത് സൂപ്പി, വി.പി അബ്ദുള്‍ വഹാബ് തുടങ്ങിയവര്‍ സംസാരിച്ചു.

Search site