വന്നു വിരലടയാള സ്കാനറുള്ള ‘ഐഫോണ്‍ ഫൈവ് എസ്’

ഇതാദ്യമായാണ് ആപ്പിള്‍ രണ്ടു ഫോണുകള്‍ ഒരുമിച്ച് പുറത്തിറക്കുന്നത്. ഐഫോണ്‍ ഫൈവ് സിയും ഐഫോണ്‍ ഫൈവ് എസും ആണ് ആ അപൂര്‍വഭാഗ്യത്തിന് ഉടമകള്‍. ആറാം തലമുറ ഐഫോണ്‍ അഥവാ ഐ ഫോണ്‍ 5 എസിന്‍െറ പ്രധാന പ്രത്യേകത ‘ടച്ച് ഐഡി’ എന്ന വിരലടയാള സ്കാനറാണ്. ഫോണ്‍ തുറക്കാന്‍ ഉടമയുടെ വിരലടയാളം ഉപയോഗിക്കാം. അങ്ങനെ കള്ളന്മാരെ പറ്റിക്കാം. ഫോണിന്‍െറ മുന്നില്‍ താഴെ വൃത്താകൃതിയിലുള്ള ഹോം ബട്ടണിലാണ് സ്കാനര്‍. ആപ്ളിക്കേഷന്‍ ചന്തയായ ഐട്യൂണ്‍സ് സ്റ്റോര്‍, ഐ ബുക്സ് സ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോന്ന്് വാങ്ങാനുള്ള അനുമതി കൊടുക്കാനും ഇനി വിരലടയാളം ഉപയോഗിക്കാം. എങ്ങനെയും വിരല്‍ വെക്കാം. ലംബമായും തിരശ്ചീനമായും വിരലടയാളം വായിക്കാന്‍ 360 ഡിഗ്രി സംവിധാനമുണ്ട്. ഒന്നിലധികം വിരലുകളും ഉപയോഗിക്കാം. പോറലേല്‍ക്കാത്ത സഫയര്‍ (ഇന്ദ്രനീലം) ഗ്ളാസ് കൊണ്ടാണ് ഹോം ബട്ടന്‍െറ നിര്‍മാണം.
 
കറുപ്പ്, ഗോള്‍ഡ്, ചാര നിറങ്ങളില്‍ ലഭിക്കും. മൈക്രോ സിമ്മിന് പകരം നാനോ സിമ്മാണ് ഇതിന് ചേരുക. ഐഫോണ്‍ 5ല്‍ കണ്ട 1136X640 പിക്സല്‍ നാല് ഇഞ്ച് റെറ്റിന മള്‍ട്ടിടച്ച് ഡിസ്പ്ളേയാണ് ഇതിനും. ഒരു ഇഞ്ചില്‍ 326 പിക്സലാണ് വ്യക്തത. രണ്ട് എല്‍.ഇ.ഡി ഫ്ളാഷുള്ള സെക്കന്‍ഡില്‍ 10 പടങ്ങള്‍ എടുക്കാവുന്ന 15 ശതമാനം കൂടിയ സെന്‍സറുള്ള എട്ട് മെഗാപിക്സല്‍ ഐ സൈറ്റ് പിന്‍ കാമറ, കുറഞ്ഞ വെളിച്ചത്തിലും മിഴിവുള്ള ചിത്രമെടുക്കാവുന്ന ബാക്ക്സൈഡ് ഇലൂമിനേഷന്‍ സെന്‍സറുള്ള 1.2 മെഗാപിക്സല്‍ (1280X 960) ഫേസ്ടൈം ഹൈ ഡെഫനിഷന്‍ മുന്‍ കാമറ എന്നിവയാണ് ഇതിന്‍െറ മറ്റ് പ്രത്യേകത. ശബ്ദവും ചലനവും പ്രശ്നത്തിനിടയാക്കാതെ ചിത്രമെടുക്കാന്‍ ഓട്ടോ ഇമേജ് സ്റ്റെബിലൈസേഷനുണ്ട്.
 
13 ഫോര്‍ജി എല്‍.ടി.ഇ ബാന്‍ഡ് പിന്തുണ, പ്രോസസിങ്, ഗ്രാഫിക്സ് ശേഷി കൂട്ടാന്‍ സാധാരണ ഡെസ്ക്ടോപുകളില്‍ കാണുന്ന 64 ബിറ്റ് എ7 ചിപ് (ഇത് ഗ്രാഫിക്സിനുള്ള OpenGL ESനെ പിന്തുണക്കും), ഐ.ഒ.എസ് 7 ഓപറേറ്റിങ് സിസ്റ്റം, ത്രീജിയില്‍ 250 മണിക്കൂര്‍ സ്റ്റാന്‍ഡ്ബൈയും 10 മണിക്കൂര്‍ സംസാരസമയവും നല്‍കുന്ന ബാറ്ററി, പേജസ്, കീനോട്ട്, നമ്പര്‍, ഐലൈഫ്, ഐ മൂവി തുടങ്ങിയ സൗജന്യ ആപ്ളിക്കേഷനുകള്‍, ബാറ്ററി ചാര്‍ജ് കൂടുതല്‍ നില്‍ക്കാന്‍ സെന്‍സറുകളുടെ പ്രവര്‍ത്തനത്തിന് മാത്രം എം7 സഹ പ്രോസസര്‍, 112 ഗ്രാം ഭാരം, ബ്ളൂടൂത്ത് 4.0, ജി.പി.എസ്, വൈ ഫൈ, ലൈറ്റ്നിങ് കണക്ടര്‍, മൈക്രോ ഫൈബര്‍ ലൈനിങ്ങുള്ള ആറ് നിറങ്ങളിലെ ലതര്‍ കെയ്സുകള്‍ എന്നിവയാണ് സവിശേഷതകള്‍. വില: 16 ജി.ബി 199 ഡോളര്‍ (12000 രൂപ), 32 ജി.ബി 299 ഡോളര്‍ (19000 രൂപ), 64 ജി.ബി 399 ഡോളര്‍(25000 രൂപ) എന്നിങ്ങനെയാണ് വില. അണ്‍ലോക്കഡ് 16 ജി.ബി വേര്‍ഷന് 649 ഡോളര്‍ (42000 രൂപ) ആകും. സെപ്റ്റംബര്‍ 13ന് മുന്‍കൂര്‍ ബുക്കിങ് ആരംഭിക്കും. 20ന് തെരഞ്ഞെടുത്ത രാജ്യങ്ങളിലെ വിപണികളില്‍ എത്തും.

Search site