വഖഫ് സ്വത്തുക്കള്‍ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ നൂതന പദ്ധതി ആവിഷ്‌കരിക്കും: കുഞ്ഞാലിക്കുട്ടി

രാജ്യത്തെ വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കാനും വികസിപ്പിക്കാനും വഖഫ് ബോര്‍ഡിന്റെ സഹായത്തോടെ നൂതന പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കണ്ണൂരില്‍ ചേരമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസും സംസ്ഥാന വഖഫ് ബോര്‍ഡും കണ്ണൂര്‍ മുസ്‌ലീം ജമാഅത്തും സംയുക്തമായി നടപ്പിലാക്കുന്ന വികസനപദ്ധതിയുടെ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ വഖഫ് സ്വത്തുക്കളില്‍ വലിയ ഭാഗം അന്യാധീനപ്പെട്ട് പോവുകയാണ്. ഇത് സംരക്ഷിക്കാന്‍ കേന്ദ്ര നിയമം പാസാക്കിയിട്ടുണ്ട്. കേരളത്തില്‍ വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ ശക്തമായ നടപടികള്‍ വഖഫ് ബോര്‍ഡ് സ്വീകരിക്കുന്നുണ്ട്. എന്നാല്‍ വഖഫ് സ്വത്തുക്കളില്‍ നിന്ന് വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ഇതുവരെ സ്വീകരിക്കാനായില്ല.

ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാറിന്റെ കൂടെ പങ്കാളിത്തമുള്ള ചേരമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസുമായി സഹകരിച്ച് വഖഫ് ബോര്‍ഡ് വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. രാജ്യത്ത് തന്നെ ഇത്തരത്തില്‍ ഇസ്‌ലാമിക് ബാങ്ക് സങ്കല്‍പത്തില്‍ തുടങ്ങുന്ന ആദ്യസംരംഭത്തിനാണിവിടെ തുടക്കംകുറിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിവിധ വഖഫ് സ്ഥാപനങ്ങള്‍ ചേരമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസുമായി സഹകരിച്ച് വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യണം. പലിശരഹിത വായ്പയെന്ന സങ്കല്‍പത്തില്‍ ഇസ്‌ലാമിക് ബാങ്ക് തുടങ്ങാനുള്ള നിര്‍ദേശം കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് മുന്നോട്ടുവെച്ചതാണ്.

എന്നാല്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തെ തുടര്‍ന്നാണ് പദ്ധതിയുമായി മുന്നോട്ടുപോവാന്‍ സാധിക്കാതെ വന്നത്. ഇതിനെ തുടര്‍ന്നാണ് സംസ്ഥാന ഗവണ്‍മെന്റ് പങ്കാളിത്തത്തോടെ ചേരമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് രൂപീകരിക്കാന്‍ തീരുമാനിച്ചത്. ചേരമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസുമായി സഹകരിച്ച് വിവിധ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കിയാല്‍ വഖഫ് സ്വത്തുക്കളുടെ വികസനം സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ചേരമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചെയര്‍മാന്‍ ഡോ.പി മുഹമ്മദലി ഗള്‍ഫാര്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ മുസ്‌ലീം ജമാഅത്ത് പ്രസിഡണ്ട് ഡോ.പി.സലീം, വഖഫ് ബോര്‍ഡ് സിഇഒ ബിഎം ജമാല്‍ എന്നിവര്‍ പദ്ധതി വിശദീകരിച്ചു. ചടങ്ങില്‍ ആദം സേട്ട് മെമ്മോറിയല്‍ ബില്‍ഡിംഗിന്റെ നവീകരണ ശിലാസ്ഥാപനം ദാവൂദ് മുഹമ്മദ് സലീം നിര്‍വഹിച്ചു. എ.പി അബ്ദുല്ലക്കുട്ടി എംഎല്‍എ, ഡോ.പി.എ ഇബ്രാഹിം ഹാജി, നഗരസഭാ ചെയര്‍പേഴ്‌സണ്‍ റോഷ്‌നി ഖാലിദ്, വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.ടി.കെ സെയ്താലിക്കുട്ടി, പി.കെ അഹമദ്, അഡ്വ.പി.വി.സൈനുദ്ദീന്‍, പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി, ഡോ.എം മുഹമ്മദലി, ഹുസൈന്‍ മടവൂര്‍, അഡ്വ.കെ.എ ഹസന്‍, കെ.വിനോദ് നാരായണന്‍, യു.പുഷ്പരാജ്, റഷീദ മന്‍സൂര്‍ പ്രസംഗിച്ചു.

ചേരമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് മാനേജിംഗ് ഡയരക്ടര്‍ എ.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസ് സ്വാഗതവും പി.കെ ഇസ്മത്ത് നന്ദിയും പറഞ്ഞു. വി.കെ അബ്ദുള്‍ഖാദര്‍ മൗലവി, കെ.എം സൂപ്പി, അബ്ദുറഹ്മാന്‍ കല്ലായി, മൂസാ അബ്ബാസ്, അബ്ദുറഹ്മാന്‍ ചെന്നൈ, സി.പി കുഞ്ഞുമുഹമദ് സന്നിഹിതരായിരുന്നു.

കണ്ണൂര്‍ മുസ്‌ലീം ജമാഅത്തിന്റെ കൈവശമുള്ള 30 സെന്റ് സ്ഥലത്താണ് സെന്റിനറി മാള്‍ നിര്‍മ്മിക്കുന്നത്.നാല് നിലകളിലായി 25274 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ ആധുനിക രീതിയിലുള്ള വാണിജ്യസമുച്ചയമാണ് നിര്‍മ്മിക്കുക. ഇതിനുള്ള ത്രികക്ഷി കരാര്‍ എപിഎം മുഹമ്മദ് ഹനീഷും ഡോ.പി. സലീമും ബി.എം ജമാലും ഒപ്പുവെച്ചു.

Search site