വഖഫ് സ്വത്തുക്കള്‍ക്ക് കവചമൊരുങ്ങുന്നു

ഇന്ത്യയിലെ മുസ്‌ലിംകളുടെ അവസ്ഥയെക്കുറിച്ച് പഠിച്ച ജസ്റ്റിസ് രാജേന്ദ്രസച്ചാര്‍ 1.2 ലക്ഷം കോടിമൂല്യവും 4.9 ലക്ഷവുമുള്ള വഖഫ് സ്വത്തുക്കളുടെ കൃത്യമായ പ്രവര്‍ത്തനമികവ് കണക്കാക്കി പ്രധാനമന്ത്രിക്ക് ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി ഈ മേഖലയെ സൂക്ഷ്മമായി പഠിച്ച് നല്ല ചില കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. 
 
രാജ്യത്തെ ഈ മേഖലയുമായി അഭേദ്യബന്ധം പുലര്‍ത്തുന്ന വിവിധ വഖഫ് ബോര്‍ഡുകള്‍, മുസ്‌ലിം പേര്‍സണല്‍ ലോ ബോര്‍ഡ്, നിയമ വിശാരദന്‍മാര്‍ എന്നിവരുമായുളള ചര്‍ച്ചകള്‍ക്കുശേഷം വഖഫ് സ്വത്തുക്കളുടെ കുറ്റമറ്റ നടത്തിപ്പിന് സംരക്ഷണകവചം തീര്‍ത്ത് സ്വത്തുക്കള്‍ ഭദ്രമായി സൂക്ഷിക്കുവാനും സ്വതന്ത്രമായ ഭരണാധികാരം നല്‍കി പ്രവര്‍ത്തനമികവ് ഉണ്ടാക്കുന്നതിനും വഖഫ് മേഖലയിലെ പ്രധാന നിയമമായ 1995-ലെ വഖഫ് നിയമത്തില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് വഖഫ് ഭേദഗതി നിയമം കേന്ദ്രഗവണ്‍മെന്റ് അംഗീകരിച്ച് ലോക്‌സഭയുടെ പരിഗണനയില്‍ എത്തിനില്‍ക്കുന്നത്. 
 
മാറ്റങ്ങള്‍ക്കുവേണ്ടി അനവരതം പ്രയത്‌നിച്ച ഭരണാധികാരികളെയും പല നല്ല നിര്‍ദ്ദേശങ്ങളും മുന്നോട്ടുവെച്ച ജസ്റ്റിസ് സച്ചാറിനെയും നമുക്ക് കൃതജ്ഞതയോടെ ഓര്‍ക്കാം. രാജ്യത്തെ പരശ്ശതം വരുന്ന മുസ്‌ലിംകള്‍ക്ക് പ്രതീക്ഷയും പ്രത്യാശയും നല്‍കുന്ന നിയമങ്ങളില്‍ ഒന്നാണ് വഖഫ് ഭേദഗതി നിയമം.
 
വഖഫ് സ്വത്തുക്കള്‍ വില്‍പന നടത്തുവാനോ ദാനം ചെയ്യുവാനോ പാടുളളതല്ല എന്ന നിര്‍ദ്ദേശം ഈ നിയമത്തിന്റെ ഹൃദയതാളമാണ്. വഖഫ് ഭൂമിയോ സ്വത്തുക്കളൊ സ്ഥാവര ജംഗമവസ്തുക്കളൊ കൈയേറിയാല്‍ കാത്ത് നില്‍ക്കാതെ ചടുലമായ പരിപ്രക്രിയകൊണ്ട് കൈയേറ്റക്കാരെ ഒഴിവാക്കുവാന്‍ ചില നല്ല നിര്‍ദ്ദേശങ്ങള്‍ നിയമത്തിലുണ്ട്. ജാമ്യമില്ലാത്ത വകുപ്പും കഠിനതടവും ഇത്തരം കുറ്റം ചെയ്തവര്‍ അനുഭവിക്കേണ്ടിവരും. ഇത്തരം കേസുകള്‍ വന്നാല്‍ കൈയേറ്റക്കാര്‍ക്കെതിരെ പരാതി നല്‍കാനുളള അധികാരം വഖഫ് ബോര്‍ഡില്‍ നിക്ഷിപ്തമാണ്. 
 
വഖഫ് ഭൂമി പാട്ടത്തിനു നല്‍കുന്ന കാലപരിധി നിലവിലുളള 3 വര്‍ഷത്തില്‍ നിന്ന് 30 വര്‍ഷമായി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. വഖഫ് സ്വത്തുക്കളെ വരുമാനദായക പ്രവര്‍ത്തനങ്ങളില്‍ സ്ഥിരമായി കൊണ്ട് വരുവാന്‍ ഈ മാറ്റംവഴി സാധ്യമാകും. സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ വഖഫ് സ്വത്തുക്കളുടെ ലിസ്റ്റ് ഒരു വര്‍ഷത്തിനകം ശേഖരിച്ച് കുറ്റമറ്റ സര്‍വ്വേ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി റവന്യു അധികാരികളുമായി ചേര്‍ന്ന് സംസ്ഥാനങ്ങളുടെ ചെലവില്‍ സ്വത്തുക്കളുടെ ലിസ്റ്റ് തയ്യാറാക്കി നല്‍കണം. ഈ കാര്യത്തില്‍ സര്‍വ്വേ നടത്താന്‍ വഖഫ് കമ്മീഷണറെ നിയമിക്കണം. 
 
വഖഫ് സ്വത്തുക്കളുടെ കൈമാറ്റം, പാട്ടത്തിന് നല്‍കല്‍ എന്നിവ ബോര്‍ഡിന്റെ 3-ല്‍ രണ്ട് മെംബര്‍മാരുടെ അംഗീകാരത്തോടെ മാത്രമായിരിക്കും നടത്തുക. സര്‍ക്കാരും വഖഫ് ബോര്‍ഡുകളും തമ്മിലുളള അധികാരങ്ങള്‍ കൃത്യമായി നിര്‍വ്വചിക്കുന്നതും കൂടുതല്‍ സ്വതന്ത്ര അധികാരങ്ങള്‍ ബോര്‍ഡിന് ഈ നിയമം മൂലം ലഭിക്കുന്നതുമാണ്. ഉപദേശക ചുമതല മാത്രമുളള കേന്ദ്ര വഖഫ് കൗണ്‍സിലിന് കൂടുതല്‍ അധികാരവും സംസ്ഥാന വഖഫ്‌ബോര്‍ഡുകളുടെ പ്രവര്‍ത്തനമികവ് പരിശോധിക്കാനുളള അധികാരവും ലഭിക്കുന്നു. 
 
പരമാവധി 21 പേര്‍ അംഗങ്ങളായിട്ടുളള കമ്മിറ്റിയില്‍ കേന്ദ്രമന്ത്രിയായിരിക്കും ചെയര്‍മാന്‍, 2 വനിത അംഗങ്ങളെ ഉള്‍പ്പെടുത്തണം എന്ന നിര്‍ദ്ദേശം. വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അധികാരം ലഭിക്കുന്നതിന് കാരണമാകും. നിലവിലുളള സംസ്ഥാന വഖഫ് ബോര്‍ഡ് അംഗങ്ങളുടെ എണ്ണം 13 ല്‍ നിന്ന് 11 ആയി കുറച്ചിട്ടുണ്ട്. ടൗണ്‍പ്ലാനിംഗ്, കച്ചവടം, സാമൂഹിക പ്രവര്‍ത്തനം, മുസ്‌ലിം നിയമം, കൃഷി എന്നീ മേഖലയില്‍ പ്രതിഭാധനരായ മുസ്‌ലിംകളെ ഉള്‍പ്പെടുത്തണം. സംസ്ഥാനമന്ത്രിമാരെ ബോര്‍ഡില്‍ അംഗങ്ങളാക്കാന്‍ പാടില്ല. 
 
2 വനിതകളെ ഈ ബോര്‍ഡില്‍ ഉള്‍പ്പെടുത്തണം. കേന്ദ്ര വഖഫ് കൗണ്‍സിലും സംസ്ഥാന വഖഫ് ബോര്‍ഡുകളും ഏതെങ്കിലും തരത്തില്‍ അധികാര തര്‍ക്കമോ പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ റിട്ടയര്‍ഡ് സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ തര്‍ക്കപരിഹാര സംവിധാനം രൂപീകരിക്കുവാന്‍ നിയമം അനുശാസിക്കുന്നുണ്ട്. നാളിത് വരെ വഖഫ് ബോര്‍ഡുകള്‍ രൂപീകരിക്കാത്ത സംസ്ഥാനങ്ങള്‍ക്ക് ഒരു വര്‍ഷത്തിനകം രൂപീകരിക്കാന്‍ അന്ത്യശാസനം നല്‍കുന്നുണ്ട്. വഖഫ് ബോര്‍ഡ് ചെയര്‍പെര്‍സനെ അവിശ്വാസപ്രമേയംമൂലം ഒഴിവാക്കുവാന്‍ നിയമത്തില്‍ നിര്‍ദ്ദേശമുണ്ട്. ഒരു വര്‍ഷം പൂര്‍ത്തിയായലും 3 ബോര്‍ഡ് മെംബര്‍മാര്‍ ഒപ്പിട്ട് പ്രമേയം അവതരിപ്പിച്ചാലും പകുതി മെംബര്‍മാരുടെ പിന്തുണ ഉണ്ടായാലും പ്രമേയം പാസാകുന്നതാണ്.
 
സംസഥാന സര്‍ക്കാറിലെ ഡപ്യൂട്ടി സെക്രട്ടറി റാങ്കില്‍ കുറയാത്ത മുസ്‌ലിം ഉദ്യോഗസ്ഥനെ ചീഫ് എക്‌സിക്യൂട്ടീവ് ഉദ്യോഗസ്ഥനായി വഖഫ് ബോര്‍ഡില്‍ നിയമിക്കണം. ഈ കാര്യത്തില്‍ രണ്ടുപേരുടെ പാനല്‍ സംസ്ഥാന സര്‍ക്കാറിന് നല്‍കാന്‍ ബോര്‍ഡിന് അധികാരമുണ്ടായിരിക്കും. ബോര്‍ഡിന്റെ പരമപ്രധാനമായ അധികാരങ്ങളായ ഭരണനിര്‍വഹണം, മുത്തവല്ലിമാരുടെ നിയമനം, നീക്കം ചെയ്യല്‍, പാട്ടം, പണയം എന്നിവ ഒരിക്കലും ചീഫ് എക്‌സിക്യൂട്ടിവ് ഉദ്യോഗസ്ഥനോ മറ്റ് മെംബര്‍മാര്‍ക്കോ കൈമാറാന്‍ പാടില്ല. 
 
ജില്ലാ ജഡ്ജിയുടെ പദവിയില്‍ കുറയാത്ത ഒരു ജൂഡിഷ്യല്‍ ഉദ്യോഗസ്ഥന്‍ അധ്യക്ഷനായി ഓരോ സംസ്ഥാനത്തിനും എ.ഡി.എം ല്‍ കുറയാത്ത ഉദ്യോഗസ്ഥനും മുസ്‌ലിം നിയമത്തിലും തര്‍ക്കശാസ്ത്രത്തിലും അവഗാഹമുളള ഒരു പണ്ഡിതനും അടങ്ങുന്ന വഖഫ് ട്രൈബൂണല്‍ രൂപീകരിക്കണം. വഖഫ് സ്വത്തുമായിട്ടുളള എല്ലാ വ്യവഹാരങ്ങള്‍ക്കും ഈ സംവിധാനമായിരിക്കും പരിഹാരം നിര്‍ദേശിക്കുക. 
 
ജില്ലാ കലക്ടര്‍ മുഖേന വിധി നിര്‍വ്വഹണ സംവിധാനം ഉളളത് ഈ ട്രൈബൂണലിനെ വേറിട്ടതാക്കുന്നു. വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കുവാന്‍ നിയമപ്രകാരം ഉത്തരവാദിത്വമുളള ഉദ്യോഗസ്ഥര്‍ ഈ കാര്യത്തില്‍ പരാജയപ്പെട്ടാല്‍ 15,000 രൂപ പിഴയും തടവും ലഭിക്കുന്നതാണ്. നിയമപ്രകാരം മുത്തവല്ലിമാര്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ 6 മാസം തടവും പിഴയും ലഭിക്കുന്നതാണ്. വഖഫ് സ്വത്തുക്കളുടെ പ്രമാണം, നാട്ടുനടപ്പ്, നിലവിലുളള കൈകാര്യം എന്നിവയില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇടപ്പെടാനുളള അധികാരമില്ല. സാമ്പത്തിക തിരിമറി നടത്തിയാലും നിയമത്തിലെ ഏതെങ്കിലും വകുപ്പിന് എതിരെ പ്രവര്‍ത്തിച്ചാലും സംസ്ഥാനസര്‍ക്കാറിന് ബോര്‍ഡിനെ നിയന്ത്രിക്കാവുന്നതാണ്.
 
വഖഫ് സംവിധാനത്തിലെ സുപ്രധാന കണ്ണികളായ മുത്തവല്ലിമാര്‍ ഇന്ത്യക്കാരായിരിക്കണം. മുത്തവല്ലിയുടെ മരണാനാന്തരം അനന്തരവകാശികള്‍ ഇല്ലെങ്കില്‍ വഖഫ് വരുമാനം ഉപയോഗിച്ച് സമുദായത്തിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളും നടത്താം. മുത്തവല്ലിയുടെ കൈവശമുളള വഖഫ് സ്വത്തുക്കള്‍ സംബന്ധിച്ചുളള രേഖകള്‍ ചീഫ് എക്‌സിക്യൂട്ടിവ് ഉദ്യോഗസ്ഥന് ആവശ്യമുളളപ്പോള്‍ നല്‍കാന്‍ മുത്തവല്ലിമാര്‍ക്ക് ബാധ്യതയുണ്ട്. 
 
സ്വത്തുക്കള്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ പാട്ടത്തിന് നല്‍കുന്നകാര്യത്തില്‍ ബോര്‍ഡ് തീരുമാനത്തിന്റെ 45 ദിവസത്തിനകം സംസ്ഥാന സര്‍ക്കാരുകളെ അറിയിക്കണം. വഖഫ് സ്വത്തുക്കളുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് ദേശീയ, സംസ്ഥാന വഖഫ് വികസന കോര്‍പറേഷന്‍ രൂപീകരിക്കുവാനും നിയമം അനുശാസിക്കുന്നു.
 
1954 ലെ വഖഫ് നിയമത്തിന് 01.01.96 മുതല്‍ രാജ്യത്ത് നിലവിലുളള വഖഫ് നിയമത്തിന് സമൂലമായ പരിവര്‍ത്തനങ്ങളും കുറ്റമറ്റ പരിപ്രക്രിയകളും ഉണ്ടായിരിക്കുന്നു. എല്ലാ പഴുതുകളും അടച്ച് സുരക്ഷിതത്വമായ ഒരു കവാടം വഖഫ് മേഖലക്ക് തുറക്കുകയും ബാലാരിഷ്ടതകളും മെല്ലെപ്പോക്കും നിസ്സഹായതയും പൂര്‍ണ്ണമായും ഇല്ലാതാക്കുവാന്‍ ഈ ഭേദഗതി നിയമം കൊണ്ട് സാധിക്കുന്നതാണ്. 
 
വഖഫ് നേരിടുന്ന പ്രധാന പ്രശ്‌നങ്ങളായ സ്വത്തുക്കളുടെ കണക്കില്ലായ്മ, രാജ്യത്തെ നഗരപ്രദേശങ്ങളില്‍ അടക്കമുളള കണ്ണായ പ്രദേശങ്ങളിലെ സ്വത്തുക്കളിലെ അനധികൃത കൈയേറ്റം തടയാന്‍ കഴിയാത്ത അവസ്ഥ, വഖഫ് സ്വത്തുക്കളുടെ വികസനം ഇല്ലായ്മ, സ്റ്റേറ്റ് വഖഫ് ബോര്‍ഡുകളും കേന്ദ്ര വഖഫ് കൗണ്‍സിലും തമ്മിലുളള അധികാരാഭിപ്രായതര്‍ക്കം, റവന്യൂ അധികാരികളുമായുളള സ്വത്തുക്കള്‍ സംബന്ധിച്ചതര്‍ക്കം, പാട്ടത്തിന് നല്‍കാനുളള സമയദൈര്‍ഘ്യത്തിന്റെ കുറവ്, വഖഫ് ട്രൈബൂണല്‍ ഏകാങ്കമായതിന്റെ പ്രശ്‌നം, സംസ്ഥാനസര്‍ക്കാരുമായുളള പ്രശ്‌നം, സാമ്പത്തിക സ്വയം പര്യാപ്തതയില്ലായ്മ, ആത്മസമര്‍പ്പണം നടത്തിയവര്‍ക്കുളള മോഹഭംഗം, വഖഫ് സ്വത്തുക്കളുടെ ജീര്‍ണ്ണാവസ്ഥ എന്നിങ്ങനെയുളള ജീവല്‍ പ്രശ്‌നങ്ങള്‍ക്ക് ചടുലമായ മറുപടിയും കൃത്യമായ ഇടപെടലും ബൃഹത്തായ കാഴ്ചപ്പാടും ഉണ്ടാക്കി ഈ മേഖലയില്‍ പുതുകാല്‍വെയ്പ്പിന് കളമൊരുക്കികൊണ്ടാണ് വഖഫ് നിയമം പാസ്സാക്കാന്‍ പോകുന്നത്.

Search site