ലോക്സഭാ തെരഞ്ഞെടുപ്പ് : ലീഗ് കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച തുടങ്ങും

ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിന്‍െറ ഭാഗമായി മുസ്ലിംലീഗ് പാര്‍ലമെന്‍റ് മണ്ഡലം കണ്‍വെന്‍ഷനുകള്‍ വെള്ളിയാഴ്ച തുടങ്ങും. ഉച്ചക്ക് 2.30ന് കോട്ടക്കല്‍ ചങ്കുവട്ടി പി.എം ഓഡിറ്റോറിയത്തില്‍ പൊന്നാനി മണ്ഡലം കണ്‍വെന്‍ഷനോടുകൂടിയാണ് മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുക. മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി തീരുമാനമനുസരിച്ചാണ് സംസ്ഥാനത്തെ 20 പാര്‍ലമെന്‍റ് മണ്ഡലങ്ങളിലും കണ്‍വെന്‍ഷനുകള്‍ വിളിച്ചുചേര്‍ക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ഡ്, പഞ്ചായത്ത്, നിയമസഭാ മണ്ഡല തലങ്ങളില്‍ വിപുലമായ കണ്‍വെന്‍ഷനുകള്‍ ഇതിനകം തന്നെ വിളിച്ചുചേര്‍ത്തിരുന്നു. പാര്‍ലമെന്‍റ് കണ്‍വെന്‍ഷനുകളോടുകൂടി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിവിധ കമ്മിറ്റികള്‍ രൂപവത്കരിച്ച് പ്രവര്‍ത്തനമാരംഭിക്കും. ഡിസംബര്‍, ജനുവരി മാസങ്ങളിലായി വാര്‍ഡ്, പഞ്ചായത്ത് തലങ്ങളില്‍ കുടുംബ സംഗമങ്ങളും രാഷ്ട്രീയ പ്രചാരണ ജാഥകളും ആരംഭിക്കും. 21ന് രാവിലെ 10 ന് മലപ്പുറം ടൗണ്‍ഹാളില്‍ മലപ്പുറം മണ്ഡലം കണ്‍വെന്‍ഷന്‍ ചേരും. കോഴിക്കോട്, വയനാട് മണ്ഡലം കണ്‍വെന്‍ഷനുകള്‍ ഞായറാഴ്ച ചേരും. രാവിലെ 10ന് മുക്കം ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിലും 2.30 ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലുമാണ് കണ്‍വെന്‍ഷനുകള്‍ ചേരുന്നത്.
 പാര്‍ലമെന്‍റ് മണ്ഡലം കണ്‍വെന്‍ഷനുകളില്‍ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍, അഖിലേന്ത്യാ പ്രസിഡന്‍റ് കേന്ദ്ര മന്ത്രി ഇ. അഹമ്മദ്, ദേശീയ ട്രഷറര്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം. പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് തുടങ്ങിയവര്‍ സംബന്ധിക്കും.

Search site